മെഡിക്കല്‍ പ്രവേശനപ്പരീക്ഷാഫലം ജൂണ്‍ ഒന്നിന്

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ പ്രവേശനപ്പരീക്ഷയുടെ ഫലം ജൂണ്‍ ഒന്നിന് പ്രസിദ്ധീകരിക്കും. എംബിബിഎസ്, ബിഡിഎസ്, ആയുര്‍വേദ, ഹോമിയോ, സിദ്ധ മെഡിക്കല്‍ കോളജുകളിലേക്കും അഗ്രിക്കള്‍ച്ചറല്‍, വെറ്ററിനറി, ഫിഷറീസ് തുടങ്ങിയ സര്‍വകലാശാലകള്‍ക്കു കീഴില്‍ നടത്തുന്ന കോഴ്‌സുകളിലേക്കുമുള്ള പ്രവേശന റാങ്ക്‌ലിസ്റ്റാണ് പ്രസിദ്ധീകരിക്കുക. എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനുദേശീയ ഏകീകൃത പ്രവേശനപ്പരീക്ഷ (നീറ്റ്) നിര്‍ബന്ധമാക്കിയ സുപ്രിംകോടതി വിധിയെ മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന്റെ പിന്‍ബലത്തിലാണു സംസ്ഥാനത്ത് പ്രവേശന നടപടികള്‍ ആരംഭിക്കാനുള്ള തീരുമാനം. നീറ്റ് നിര്‍ബന്ധമാക്കിയതിനെത്തുടര്‍ന്നു കേരളത്തില്‍ എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കു പ്രവേശനപ്പരീക്ഷാ കമ്മീഷണര്‍ നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്താന്‍ കഴിയാത്ത സ്ഥിതിവിശേഷമായിരുന്നു നിലനിന്നിരുന്നത്. നീറ്റിന് ഒരുവര്‍ഷത്തെ ഇളവു നല്‍കുന്നതാണ് ഓര്‍ഡിനന്‍സ്. സംസ്ഥാനങ്ങള്‍ക്കു താല്‍പ്പര്യമുണ്ടെങ്കില്‍ മാത്രം ഈവര്‍ഷം നീറ്റ് മുഖേന പ്രവേശനം നല്‍കാം. അല്ലെങ്കില്‍ സംസ്ഥാന പ്രവേശനപ്പരീക്ഷയില്‍ നിന്നു സര്‍ക്കാര്‍ കോളജുകളിലും സ്വാശ്രയ കോളജുകളിലെ സര്‍ക്കാര്‍ സീറ്റിലും പ്രവേശനം നടത്താം. കേന്ദ്ര ഓര്‍ഡിനന്‍സ് പരിശോധിച്ച് നിയമോപദേശം നല്‍കാന്‍ നിയമസെക്രട്ടറിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ നിയമസെക്രട്ടറി പരിശോധിച്ചു നല്‍കിയ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണു തുടര്‍നടപടികള്‍.ഫലം പ്രഖ്യാപിക്കുന്നതിനുള്ള മുഴുവന്‍ നടപടിക്രമങ്ങളും പൂര്‍ത്തിയായതായി പ്രവേശനപ്പരീക്ഷാ കമ്മീഷണര്‍ ബി എസ് മാവോജി അറിയിച്ചു. ഇതുസംബന്ധിച്ചു യാതൊരു തടസ്സങ്ങളും നിലവിലില്ല. എന്‍ജിനീയറിങ് പ്രവേശനപ്പരീക്ഷയുടെ റാങ്ക്‌ലിസ്റ്റ് പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ നോര്‍മലൈസേഷന്‍ പ്രക്രിയക്കുശേഷം ജൂണ്‍ മൂന്നാംവാരം പ്രസിദ്ധീകരിക്കും.
Next Story

RELATED STORIES

Share it