Citizen journalism

മുസ്‌ലിം വാര്‍പ്പ് മാതൃകകള്‍ ഉപേക്ഷിക്കപ്പെടണം

ദിവസങ്ങള്‍ക്കു മുമ്പ് മാതൃഭൂമി ദിനപത്രം പ്രവാചകാധിക്ഷേപം കുറിച്ചതും പ്രതിഷേധങ്ങള്‍ക്കിടയില്‍ വിവാദം കെട്ടടങ്ങിയതും നാം കണ്ടു. ഇതൊന്നും ഇന്നു വാര്‍ത്താപ്രാധാന്യമുള്ള ഒന്നല്ല. മതസൗഹാര്‍ദം പറഞ്ഞ് ഏറെ വിലപിക്കാനും കടുത്ത വര്‍ഗീയ ചിന്തകള്‍ മനസ്സിലിട്ട് കൂട്ടിക്കിഴിച്ച് വീര്‍പ്പിച്ച് പൊട്ടിക്കാനും 'സംസ്‌കാരസമ്പന്നരായ' മലയാളികള്‍ പഠിച്ചിട്ടുണ്ട്. ഏത് കോപ്രായങ്ങള്‍ക്കും ലൈസന്‍സ് വച്ചുകൊടുക്കുന്ന ഔപചാരികത കൂടിയൊരു പദമാണിന്ന് 'ആവിഷ്‌കാരസ്വാതന്ത്ര്യം.' ലോകത്ത് എണ്ണപ്പെരുപ്പമുള്ള രണ്ടാമത്തെ മതപക്ഷമായിരിക്കുമ്പോഴും മുസ്‌ലിമിനെ മറുപക്ഷത്തിരുത്തി മാത്രം ആവിഷ്‌കാരസ്വാതന്ത്ര്യത്തില്‍ മല്‍സരിക്കാന്‍ വെമ്പല്‍കൊള്ളുന്ന ഒരുപറ്റം വളര്‍ന്നുവരുന്നു.
ഇസ്‌ലാമും മുസ്‌ലിമും ഇന്നു ചിഹ്നമാണ്. കറുത്തിരുണ്ട വസ്ത്രങ്ങളുടെയും തലപ്പാവിന്റെയും ചിഹ്നം. ഇങ്ങനെയൊരു ചിഹ്നസൃഷ്ടിപ്പിലും ജനഹൃദയങ്ങളില്‍ ഫലപ്രദമായി അതിനെ പ്രതിഷ്ഠിക്കുന്നതിലും മതവെറിയന്‍മാര്‍ ഒട്ടധികം വിജയിച്ചിട്ടുണ്ട്. പലപ്പോഴും തല മറയ്ക്കുകപോലും ചെയ്തിട്ടുണ്ടായിരുന്നില്ലാത്ത ഉണ്ണിമോയീനെന്ന കേവല വിശ്വാസിയായ ഒരു പിതാവ് 'എന്ന് നിന്റെ മൊയ്തീനി'ല്‍ മതമൗലികവാദിയായി നീളന്‍ വെള്ള ജുബ്ബയും താടിയും തലപ്പാവുമണിഞ്ഞുവരുന്നു. സംവിധായകന്‍ ആര്‍ എസ് വിമലിനെ അങ്ങനെ കോസ്റ്റിയൂം ചെയ്യാന്‍ പ്രേരിപ്പിച്ച ധാരണാബോധവും ആ വിചാരസൃഷ്ടിപ്പിന്റെ സ്വീകാര്യതയുടെ സൂചനയാണ്. 'ഇസ്‌ലാമിന്റെ ഹ്രസ്വചരിത്രം' പരിഷ്‌കൃതലോകത്തിനു മുന്നില്‍ അവതരിപ്പിച്ച കാരന്‍ ആംസ്‌ട്രോങ് എന്ന മുന്‍ കന്യാസ്ത്രീ ഊന്നിപ്പറഞ്ഞ ഒരു സത്യമുണ്ട്, ഫണ്ടമെന്റലിസം തീര്‍ത്തും ഒരു ഇസ്‌ലാമിക പ്രതിഭാസമാണെന്നു പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ മറ്റുള്ളവരെക്കൊണ്ട് വിശ്വസിപ്പിക്കുകയാണ്. സത്യത്തില്‍ മതമൗലികവാദം ഒരാഗോള പ്രതിഭാസമാണ്. ആധുനികതയെ അഭിമുഖീകരിക്കുന്ന ഘട്ടത്തില്‍ എല്ലാ മതങ്ങളിലും അത് ഉയര്‍ന്നുവന്നിട്ടുണ്ട്. ഹിന്ദു, ക്രൈസ്തവ, യഹൂദ സമൂഹങ്ങളിലൊക്കെ അതുണ്ട്. അതിനാല്‍ മുന്‍ധാരണകളാണ് അടിയന്തരമായി ഭേദഗതി ചെയ്യപ്പെടേണ്ടത്. അവ ഓരോന്നും നില്‍പ്പുകാലത്തിന്റെ കേവല ബോധങ്ങളോ ധാരണകളോ ആയിരുന്നു. കോണ്‍ക്രീറ്റ് ധാരണകളെയും വിചാരങ്ങളെയും കൂടുതല്‍ പുനപ്പരിശോധിക്കുകയാണ് ജാഗ്രതയോടെ നാം ചെയ്തുതീര്‍ക്കേണ്ടത് എന്നാണു മാതൃഭൂമി വിവാദം സൂചിപ്പിക്കുന്നത്.

എം എന്‍
കിഴിശ്ശേരി
Next Story

RELATED STORIES

Share it