Gulf

മുസ്‌ലിം ലീഗിന്റേത് മികച്ച സ്ഥാനാര്‍ഥികള്‍: ഇ ടി മുഹമ്മദ് ബഷീര്‍

ദോഹ: ജനങ്ങള്‍ ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതില്‍ മുസ്‌ലീംലീഗ് നിയമസഭാ സാമാജികര്‍ വിജയിച്ചിട്ടുണ്ടെന്ന് മുസ്‌ലീംലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി. മുസ്‌ലിം ലീഗിന്റേത് ഏറ്റവും മികച്ച സ്ഥാനാര്‍ഥികളായതിനാല്‍ ഇടതുപക്ഷത്തിന് മുസ്‌ലീംലീഗിനെതിരെ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ പോലും ധൈര്യം ലഭിക്കാത്ത സ്ഥിതിയാണെന്നും ഇടി പറഞ്ഞു. കൊണ്ടോട്ടി മണ്ഡലം കെഎംസിസി സാംസ്‌കാരിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ യാത്രാവേളകളില്‍ പോലും ഫയലുകള്‍ പഠിച്ച് നടപടികള്‍ കൈക്കൊള്ളുന്ന ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാരിനെ ജനങ്ങള്‍ വിലയിരുത്തുന്നു. അതിനാല്‍ ഭരണ തുടര്‍ച്ച ഉണ്ടാകും. ലോക മതേതരത്വത്തിന് മാതൃകയായ ഇന്ത്യയില്‍ ഗാന്ധി ഘാതകരാണ് ഭരിക്കുന്നതെങ്കിലും രാജ്യം വീണ്ടും മതേതരത്വത്തിലേക്ക് തന്നെ തിരിച്ച് വരുന്നത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലീംലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതിയംഗം ഷാഹുല്‍ ഹമീദ് സംസാരിച്ചു.
മണ്ഡലം സ്ഥാനാര്‍ത്ഥി ടി വി ഇബ്‌റാഹിം, എ വി എ ബക്കര്‍, മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി സി എ കരീം, ജില്ലാ പ്രസിഡന്റ് പി പി റഷീദ് സംസാരിച്ചു. കെഎംസിസി മയ്യിത്ത് പരിപാലന കമ്മിറ്റി അംഗം സിദ്ദീഖ് വാഴക്കാടിനെ ചടങ്ങില്‍ ആദരിച്ചു.
പ്രവാസികള്‍ക്ക് സര്‍ക്കാരില്‍ നിന്ന് ലഭ്യമാക്കാന്‍ കഴിയുന്ന വിവിധ പദ്ധതികളെക്കുറിച്ച് മണ്ഡലം കമ്മറ്റി തയ്യാറാക്കിയ പഠന റിപോര്‍ട്ട് ജലീല്‍ കൊണ്ടോട്ടി അവതരിപ്പിച്ചു. കെഎംസിസി സ്‌നേഹോപഹാരങ്ങള്‍ കെ മുഹമ്മദ് ഈസ, എം ടി പി മുഹമ്മദ് കുഞ്ഞി എന്നിവരില്‍ നിന്ന് അബ്ദുസലാം, മജീദ് എന്നിവര്‍ ഏറ്റുവാങ്ങി. ഇ ടി മുഹമ്മദ് ബഷീര്‍ എംപി, ടി വി ഇബ്‌റാഹിം, ഷാഹുല്‍ ഹമീദ് എന്നിവര്‍ക്ക് ജലീല്‍, റഫീഖ്, പി സി യൂസഫ് എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി. മണ്ഡലം കമ്മിറ്റിയുടെ വിദ്യാഭ്യാസ സഹായം മുഹമ്മദലി മുസ്‌ലിയാരങ്ങാടി നല്‍കി. ചടങ്ങില്‍ വാള്‍മാക്‌സ് ഗ്രൂപ്പ് എം ഡി ഷംസു, ട്രൈവാലി ഗ്രൂപ്പ് എം ഡി നിസാര്‍ ചോമയില്‍ എന്നിവര്‍ക്ക് ഇ ടി മുഹമ്മദ് ബഷീര്‍ എം പി ഉപഹാരങ്ങള്‍ നല്‍കി. വാഫി ഷിഹാദിന്റെ ഖുര്‍ആന്‍ പാരായണത്തോടെ തുടങ്ങിയ പരിപാടിക്ക് അര്‍ഷദ് തുറക്കല്‍ സ്വാഗതവും അബ്ദുറഹൂഫ് നന്ദിയും പറഞ്ഞു.
Next Story

RELATED STORIES

Share it