മുസ്‌ലിം ഉന്നമനത്തിന് വിദ്യാഭ്യാസം നിര്‍ണായകം

ചെന്നൈ: മുസ്‌ലിം സമുദായത്തിന്റെ ഉന്നമനത്തിനു വിദ്യാഭ്യാസം നിര്‍ണായക ഘടകമാണെന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയ്യദ്. മുസ്‌ലിംകള്‍ സാമ്പത്തിക പുരോഗതി കൈവരിക്കാത്തതിന്റെ പ്രധാന കാരണം അവരുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വാണിജ്യ സംഘടനയായ ഐക്യസാമ്പത്തിക വേദിയുടെ ഉദ്ഘാടനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഫ്തി. സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ പദവിയില്‍ മുസ്‌ലിംകള്‍ പിന്നാക്കം പോവാന്‍ തുടങ്ങിയത് 18ാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ്. മുസ്‌ലിംകളുടെ പുരോഗതിക്കു വിദ്യാഭ്യാസം വേണമെന്ന് ഉദ്‌ബോധിപ്പിച്ച പ്രതിഭാശാലികളാണ് സര്‍ സയ്യിദ് അഹ്മദ് ഖാനെയും സ്വാതന്ത്ര്യസമര സേനാനി മൗലാനാ അബുല്‍ കലാം ആസാദിനെയും പോലുള്ള പ്രതിഭാശാലികള്‍. ഇപ്പോള്‍ അലിഗഡ് മുസ്‌ലിം സര്‍വകലാശാലയെന്നറിയപ്പെടുന്നത് ഖാന്‍ തുടങ്ങിയ മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളജാണ്. ആസാദ് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കി. രാജ്യവിഭജനത്തെ എതിര്‍ത്ത ആസാദിനെ ജവഹര്‍ലാല്‍ നെഹ്‌റു സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയാക്കി. രാജ്യത്തിന്റെ ആധുനിക വിദ്യാഭ്യാസം രൂപപ്പെടുത്തിയത് ആസാദാണ്. മതവിദ്യാഭ്യാസവും ഇന്നത്തെ ലോകത്തെ മതനിരപേക്ഷ ആധുനിക കാഴ്ചപ്പാടും തമ്മില്‍ പറയത്തക്ക വൈരുധ്യമില്ല. അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍ നിന്നു നിയമബിരുദമെടുക്കുന്നതിനു മുമ്പ് താന്‍ പഠിച്ചത് മദ്‌റസയിലായിരുന്നുവെന്നും മുഫ്തി പറഞ്ഞു.
Next Story

RELATED STORIES

Share it