മുല്ലപ്പെരിയാറില്‍ തമിഴ്‌നാട് അറ്റകുറ്റപ്പണി തുടങ്ങി

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു. നടപ്പു സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍പ്പെടുത്തിയാണ് തമിഴ്‌നാട് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചത്. വര്‍ഷകാലം ആരംഭിക്കുന്നതിനു മുമ്പ് പണികള്‍ പൂര്‍ത്തിയാക്കുന്നതിനാണ് തമിഴ്‌നാട് ലക്ഷ്യമിടുന്നത്. ഈ സാമ്പത്തിക വര്‍ഷം 97 ലക്ഷം രൂപയാണ് തമിഴ്‌നാട് മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് അനുവദിച്ചിട്ടുള്ളത്.
പ്രധാന അണക്കെട്ട്, ബേബി ഡാം, സ്പില്‍വേ, തേക്കടി എന്‍ട്രന്‍സ് ഗേറ്റിനു സമീപത്തുള്ള ഷട്ടര്‍ എന്നിവിടങ്ങളില്‍ പെയിന്റിങ്, തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പിന്റെ തേക്കടിയിലെയും മുല്ലപ്പെരിയാറിലെയും ഓഫിസിന്റെയും ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവുകളുടെയും നവീകരണം, ഇവിടങ്ങളിലെ വൈദ്യുതീകരണം എന്നിവ ഉള്‍പ്പെടെയുള്ള ജോലികള്‍ക്കായാണ് പണം അനുവദിച്ചിട്ടുള്ളത്.
ഇത്തവണ സ്പില്‍വേയിലെ ഷട്ടറുകള്‍ക്ക് പ്രാധാന്യം നല്‍കിയാവും തമിഴ്‌നാട് മരാമത്ത് പണികള്‍ ചെയ്യുക. വരുംവര്‍ഷങ്ങളിലും അണക്കെട്ടിലെ ജലനിരപ്പ് 136 അടിക്കു മുകളിലേക്ക് ഉയരാനുള്ള സാഹചര്യം ഉള്ളതിനാല്‍ കേരളം പലപ്പോഴും ഷട്ടര്‍ ഉയര്‍ത്തി പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്താന്‍ തമിഴ്‌നാടിനോട് ആവശ്യപ്പെടാറുണ്ട്. മാത്രമല്ല അടിയന്തര സാഹചര്യം ഉണ്ടാവുമ്പോള്‍ ഷട്ടര്‍ ഉയര്‍ത്തി പെരിയാറ്റിലേക്ക് വെള്ളം ഒഴുക്കേണ്ട സാഹചര്യവും തമിഴ്‌നാടിന് പലതവണ നേരിടേണ്ടി വന്നിട്ടുണ്ട്. ഇക്കാരണത്താല്‍ സ്പില്‍വേയിലെ ഷട്ടറുകളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനുള്ള നടപടികള്‍ക്ക് മുന്‍തൂക്കം നല്‍കിയാണ് പണികള്‍ ചെയ്യുക.
സ്പില്‍വേയിലെ 13 ഷട്ടറുകള്‍ പെയിന്റ് ചെയ്യുന്നതിനൊപ്പം ഇവയുടെ റബര്‍ ബീഡിങുകളും മാറ്റി സ്ഥാപിക്കും. സ്പില്‍വേയില്‍ ഷട്ടറുകള്‍ സ്ഥാപിച്ച ശേഷം ഇതേവരെ റബര്‍ ബീഡിങുകള്‍ മാറ്റി സ്ഥാപിച്ചിട്ടില്ല. മാത്രമല്ല കഴിഞ്ഞ രണ്ടു വര്‍ഷമായി അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലെത്തിക്കാന്‍ തമിഴ്‌നാടിനു കഴിഞ്ഞിരുന്നു. 2015 ഡിസംബര്‍ ഏഴു മുതല്‍ 2016 ജനുവരി ഒന്നുവരെ 23 ദിവസമാണ് തമിഴ്‌നാട് മുല്ലപ്പെരിയാറിലെ വെള്ളം 141 അടിക്ക് മുകളില്‍ നിര്‍ത്തിയത്.
ഒന്നര മാസത്തോളമാണ് ജലനിരപ്പ് 136 അടിക്ക് മുകളില്‍ നിര്‍ത്താന്‍ തമിഴ്‌നാടിനു കഴിഞ്ഞത്. ഇതോടെ അണക്കെട്ടിനു ബലക്ഷയമില്ലെന്നു കാട്ടി ഇക്കാര്യം രേഖയാക്കി അടുത്തിടെ തമിഴ്‌നാട് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. വരുംവര്‍ഷങ്ങളിലും ജലനിരപ്പ് ഉയര്‍ത്തേണ്ട സാഹചര്യമുള്ളതിനാല്‍ ഇതു മുന്നില്‍ക്കണ്ടുള്ള നടപടികളാണ് തമിഴ്‌നാടു സ്വീകരിക്കുന്നത്. ഇത്തവണ പ്രശ്‌നങ്ങളൊന്നുമില്ലാതെയാണ് തമിഴ്‌നാട് നിര്‍മാണ സാമിഗ്രികള്‍ വള്ളക്കടവ് വഴി മുല്ലപ്പെരിയാറില്‍ എത്തിച്ചത്. 2013-14 സാമ്പത്തിക വര്‍ഷത്തില്‍ അറ്റകുറ്റപ്പണികള്‍ക്കായി 21 ലക്ഷം രൂപ തമിഴ്‌നാട് സര്‍ക്കാര്‍ അനുവദിച്ചെങ്കിലും പണികള്‍ നടത്താന്‍ തമിഴ്‌നാടിനു കഴിഞ്ഞിരുന്നില്ല.
Next Story

RELATED STORIES

Share it