മുല്ലപ്പെരിയാര്‍: സ്പില്‍വേ ഷെഡ്യൂള്‍ ഇല്ലാതെ കേരളം

സി എ സജീവന്‍

തൊടുപുഴ: മഴക്കാലമെത്തിയിട്ടും മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേയിലെ ഷട്ടറുകളുടെ പ്രവര്‍ത്തന ഷെഡ്യൂള്‍ നല്‍കാന്‍ തമിഴ്‌നാട് തയ്യാറായിട്ടില്ല. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ മാന്വലെന്നു വിശേഷിപ്പിക്കാവുന്ന രേഖകളാണ് കേരളത്തിനു നല്‍കാന്‍ തമിഴ്‌നാട് തയ്യാറാവാത്തത്. ജലനിരപ്പു ക്രമാതീതമായി ഉയരുന്നപക്ഷം ഷട്ടറുകളിലൂടെ വെള്ളം തുറന്നുവിട്ട് സ്ഥിതി നിയന്ത്രണ വിധേയമാക്കുന്നതിനുള്ള സ്പില്‍വേ ഓപറേഷന്‍ ഷെഡ്യൂള്‍ ഏറെ സുരക്ഷാ പ്രാധാന്യമുള്ളതാണ്. എല്ലാ അണക്കെട്ടുകള്‍ക്കും സുരക്ഷാ മാന്വല്‍ നിര്‍ബന്ധമാണ്. എന്നാല്‍, മുല്ലപ്പെരിയാറിനു മാത്രം ഇത്തരത്തിലൊരു രേഖ ഇനിയും രൂപകല്‍പ്പന ചെയ്തിട്ടില്ല. കേരളം പലതവണ ആവശ്യപ്പെട്ടിട്ടും തമിഴ്‌നാട് ഇതു ഗൗരവമായെടുത്തിട്ടുമില്ല.
കഴിഞ്ഞവര്‍ഷം വെള്ളം 142 അടിയിലെത്തിയപ്പോഴും എങ്ങനെയാണ് ഷട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കുക എന്നതു സംബന്ധിച്ച് കേരളത്തിനു ഒരു അറിവുമില്ലായിരുന്നു. ഷട്ടര്‍ ഉയര്‍ത്തി അധികജലം തുറന്നുവിടുന്നതു സംബന്ധിച്ച് 24 മണിക്കൂര്‍ മുമ്പെങ്കിലും അറിയിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ജില്ലാ കലക്ടര്‍ തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പിനും തേനി കലക്ടര്‍ക്കും പലതവണ കത്തു നല്‍കിയെങ്കിലും ഫലമുണ്ടായില്ല. മണിക്കൂറുകള്‍ക്കു മുമ്പ് ഫാക്‌സ് സന്ദേശം അയക്കുകയായിരുന്നു തമിഴ്‌നാട് ചെയ്തത്. ഇക്കുറി ഇതൊഴിവാക്കണമെന്നും നേരത്തേ തന്നെ സ്പില്‍വേ ഓപറേഷന്‍ ഷെഡ്യൂള്‍ ലഭ്യമാക്കണമെന്നും സംസ്ഥാന ജലവകുപ്പ് തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇനിയും തമിഴ്‌നാട് പ്രതികരിച്ചിട്ടില്ല.
സ്പില്‍വേയിലൂടെ എത്രമാത്രം വെള്ളം ഒഴുകിയെത്തുമെന്നതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടം താഴ്‌വാരത്തെ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതുള്‍പ്പടെയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.മുല്ലപ്പെരിയാര്‍ സംബന്ധിച്ച് സുപ്രിംകോടതി നിയോഗിച്ച മേല്‍നോട്ട സമിതി ചെയര്‍മാനുമായോ തമിഴ്‌നാട്ടിലെ ഉപസമിതി അംഗമായോ ഒക്കെയാണ് സംസ്ഥാനം പ്രധാനമായും ബന്ധപ്പെടാറുള്ളത്. കേരളത്തില്‍ നിന്ന് അയക്കുന്ന കത്തുകള്‍ക്കൊന്നും വ്യക്തമായോ കൃത്യമായോ മറുപടി ലഭിക്കാറില്ലെന്നതാണ് സ്ഥിതി. സുരക്ഷ സംബന്ധിച്ച ആശങ്കകളുമായി ബന്ധപ്പെട്ട് ഇവിടെ നിന്ന് അയക്കുന്ന കത്തുകള്‍ നേരെ ജല കമ്മീഷനിലേക്കാണ് തമിഴ്‌നാടും മേല്‍നോട്ട സമിതിയും അയച്ചുകൊടുക്കുന്നത്.
ഷട്ടറുകളില്‍ ഡയലിങ് സംവിധാനം സജ്ജമാക്കി
തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകളില്‍ ഡയലിങ് സംവിധാനം ഏര്‍പ്പെടുത്തി. സ്പില്‍വേ ഷട്ടറുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനാണ് ഡയല്‍ ഓപറേഷന്‍ ഏര്‍പ്പെടുത്തിയത്. ഇതോടെ സ്പില്‍വേയുടെ പ്രവര്‍ത്തനം പൂര്‍ണമായും യന്ത്രവല്‍ക്കരിച്ചു.
കാലവര്‍ഷം മുന്നില്‍ക്കണ്ടാണ് ഈ നടപടിയെന്നാണു കരുതുന്നത്. ഈ സംവിധാനം ഏര്‍പ്പെടുത്തിയതോടെ സ്പില്‍വേ ഷട്ടറുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ലളിതമായി. ഷട്ടര്‍ ഒരു മീറ്റര്‍ ഉയര്‍ത്താന്‍ തീരുമാനിച്ചാല്‍ അത് ഗേജില്‍ അടയാളപ്പെടുത്തിയശേഷം സ്വിച്ച് പ്രവര്‍ത്തിപ്പിച്ചാല്‍ മതിയാവും. ഒരു മീറ്ററെത്തിയാല്‍ ഷട്ടര്‍ തനിയെ നില്‍ക്കും.
നേരത്തേ സ്പില്‍വേയില്‍ രേഖപ്പെടുത്തിയിട്ടുള്ള അളവുനോക്കി രണ്ടു ജീവനക്കാര്‍ ചേര്‍ന്നാണ് ഷട്ടറുകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത്. അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രണ സംവിധാനമാണ് സ്പില്‍വേ. സ്പില്‍വേയില്‍ 13 ഷട്ടറുകളാണ് ഉള്ളത്. ഇവയിലെല്ലാം ഡയല്‍ സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. അണക്കെട്ടിലേക്കുള്ള വൈദ്യുതി വിതരണം കേബിളിലൂടെയാക്കുന്നതിനുള്ള ജോലികളും നടക്കുന്നു. ഉടന്‍ ഇത് പ്രവര്‍ത്തനക്ഷമമാവുമെന്നാണു കരുതുന്നത്. ഇപ്പോള്‍ ജനറേറ്റുകളുപയോഗിച്ചാണ് ഷട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. 13 എണ്ണത്തിനായി നാല് ജനറേറ്ററുകളാണുള്ളത്.
Next Story

RELATED STORIES

Share it