മുല്ലപ്പെരിയാര്‍: മുഖ്യമന്ത്രിയുടെ അഭിപ്രായപ്രകടനം യാദൃച്ഛികമല്ലെന്നു സൂചന

സി എ സജീവന്‍

തൊടുപുഴ: മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായപ്രകടനം യാദൃച്ഛികമല്ലെന്നു സൂചന. മുഖ്യമന്ത്രി പദവി മുന്‍കൂട്ടി കണ്ട് പിണറായി വിജയന്‍ സംസ്ഥാനവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളെക്കുറിച്ചും അറിയാനും പഠിക്കാനും ശ്രമിച്ചിരുന്നു. നവകേരള യാത്രയുടെ ഭാഗമായി നടത്തിയ സന്ദര്‍ശന പരിപാടികള്‍ ഇത്തരം ലക്ഷ്യങ്ങള്‍വച്ചുള്ളതായിരുന്നു.
ഇക്കൂട്ടത്തില്‍ മുല്ലപ്പെരിയാര്‍ വിഷയവും പഠിച്ചിരുന്നു. ഇതിനായി സുപ്രിംകോടതി വിധിയുടെയും ഉന്നതാധികാര സമിതി റിപോര്‍ട്ടിന്റെയുമൊക്കെ പകര്‍പ്പുകള്‍ ഇദ്ദേഹം എടുപ്പിച്ചിരുന്നു. ഇതു വായിക്കുക മാത്രമല്ല മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളുമായി ഇദ്ദേഹം ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഏഴരക്കോടിയോളം രൂപ ചെലവിട്ടിട്ടും കേരളം തോല്‍വിയടയാന്‍ ഉണ്ടായ കാരണങ്ങള്‍ വിവിധ അഭിഭാഷകരുമായും ചര്‍ച്ചചെയ്തിരുന്നു. ഇവയുടെയൊക്കെ അടിസ്ഥാനത്തിലാണു മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അതേസമയം ഈ പ്രസ്താവനയുടെ പ്രത്യാഘാതത്തെക്കുറിച്ചു വേണ്ടവിധം മനസ്സിലാക്കിയിരുന്നോയെന്നതും സംശയകരമാണ്. സംസ്ഥാന നിയമസഭ പലകുറി ഏകകണ്ഠമായി പാസാക്കിയ പുതിയ അണക്കെട്ട് എന്ന ആവശ്യത്തില്‍ നിന്ന് എങ്ങനെ മുഖ്യമന്ത്രിക്കു മാത്രമായി പിന്നാക്കം പോവാനാകും എന്ന ചോദ്യവും ഉയരുന്നുണ്ട്. ഏറ്റവും ഒടുവില്‍ സുപ്രിംകോടതി വിധി വന്നതിനുശേഷവും നിയമസഭ ഇതിനെതിരേ പ്രമേയം പാസാക്കിയിരുന്നു. അന്നൊന്നും ഉയര്‍ത്താത്ത അഭിപ്രായമാണു മുഖ്യമന്ത്രിയായ ശേഷം പിണറായി വിജയന്‍ നടത്തിയത്.
അതേസമയം ഇദ്ദേഹത്തിന്റെ അഭിപ്രായത്തെ സുപ്രിംകോടതി മുന്‍ ജഡ്ജിയും മുല്ലപ്പെരിയാര്‍ ഉന്നതാധികാരസമിതി അംഗവുമായ ജസ്റ്റിസ് കെ ടി തോമസ് സ്വാഗതംചെയ്തു. സുപ്രിംകോടതി വിധിയുടെ പകര്‍പ്പും ഉന്നതാധികാരസമിതി നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപോര്‍ട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ വായിച്ചതിനെത്തുടര്‍ന്നായിരിക്കാം ഈ അഭിപ്രായമെന്നും കെ ടി തോമസ് തേജസിനോട് പറഞ്ഞു. ആരും ഇതു വായിക്കാന്‍ മെനക്കെടുന്നില്ലല്ലോ. മറ്റുള്ള നേതാക്കളും ഇതു വായിക്കാന്‍ തയ്യാറായാല്‍ അവരുടെയും അഭിപ്രായഗതിയിലും മാറ്റമുണ്ടാവുമെന്നാണ് കരുതുന്നത്. സുപ്രിംകോടതി വിധിയും മുല്ലപ്പെരിയാര്‍ അണക്കെട്ടിനെക്കുറിച്ചു നടത്തിയ സുരക്ഷാ പ ഠനങ്ങളും വായിച്ചതിനുശേഷമേ മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ പ്രസ്താവനയോട് പ്രതികരിക്കാവൂയെന്നാണു തന്റെ അപേക്ഷയെന്നും ജസ്റ്റിസ് കെ ടി തോമസ് പറഞ്ഞു.
പുതിയ അണക്കെട്ടിനുള്ള സാധ്യതകള്‍ വിദൂരമായിട്ടും മുല്ലപ്പെരിയാറില്‍ പുതിയ ടണല്‍ നിര്‍മിച്ച് കേരളത്തിനു സുരക്ഷയും തമിഴ്‌നാടിനു വെള്ളവുമെന്ന ആശയം യാഥാര്‍ഥ്യമാക്കാ ന്‍ സംസ്ഥാനം മുന്‍കൈയെടുക്കണമെന്ന് മുല്ലപ്പെരിയാര്‍ സംരക്ഷണസമിതി മുന്‍ ചെയര്‍മാന്‍ പ്രഫ സി പി റോയി പറഞ്ഞു. ഉന്നതാധികാരസമിതി റിപോര്‍ട്ടില്‍ പുതിയ അണക്കെട്ടിനേക്കാള്‍ പ്രാധാന്യം താന്‍ മുന്നോട്ടുവച്ച ടണല്‍ എന്ന ആശയത്തിനാണ്. എന്നാല്‍ ഈ ബദല്‍ പരിഹാരം ചര്‍ച്ചചെയ്യാന്‍ പോലും കേരളം തയ്യാറായിട്ടില്ലെന്നും പ്രഫ. റോയി പറഞ്ഞു.
Next Story

RELATED STORIES

Share it