Districts

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 130 അടിയായി ഉയര്‍ന്നു

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 130 അടിയായി ഉയര്‍ന്നു. ഇന്നലെ വൈകീട്ടോടെയാണ് അണക്കെട്ടിലെ ജലനിരപ്പ് 130 അടിയിലെത്തിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇപ്പോള്‍ ഒമ്പത് അടി വെള്ളമാണ് മുല്ലപ്പെരിയാറില്‍ കുറവുള്ളത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അണക്കെട്ട് പ്രദേശത്തു പെയ്യുന്ന മഴയെത്തുടര്‍ന്നാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നു തുടങ്ങിയത്. ശക്തമായ മഴയല്ല ലഭിക്കുന്നതെങ്കിലും അണക്കെട്ടിലേക്കു നേരിയ തോതില്‍ നീരൊഴുക്ക് ലഭിക്കുന്നതാണ് ജലനിരപ്പുയരാന്‍ കാരണം.
ഇന്നലെ രാവിലെ 129.90 അടിയായിരുന്നു ജലനിരപ്പ്. വൈകീട്ടോടെയാണ് 130 അടിയിലെത്തിയത്. സെക്കന്റില്‍ 764 ഘനഅടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. 511 ഘനഅടി വെള്ളം തമിഴ്‌നാട്ടിലേക്കു കൊണ്ടുപോവുന്നുമുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 138.90 അടി വെള്ളമായിരുന്നു അണക്കെട്ടിലുണ്ടായിരുന്നത്.
അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്താന്‍ 2014 മെയ് ഏഴിനു സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ജലനിരപ്പ് 140 അടിയിലെത്തുകയോ ഒരു ദിവസം രണ്ടടി വെള്ളം ഉയരുകയോ ചെയ്താല്‍ അണക്കെട്ടിലെ സ്പില്‍വേകളിലെ ഷട്ടര്‍ ഉയര്‍ത്തി വെള്ളം തുറന്നുവിട്ടാല്‍ മതിയെന്നു കഴിഞ്ഞ നവംബറില്‍ കുമളിയില്‍ ചേര്‍ന്ന മുല്ലപ്പെരിയാര്‍ മേല്‍നോട്ടസമിതി തീരുമാനിച്ചിരുന്നു. എന്നാല്‍, ഈ തീരുമാനം നടപ്പാക്കാതെ നവംബര്‍ 21ന് ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്തുകയായിരുന്നു.
അണക്കെട്ട് ബലക്ഷയമാണെന്നു കേരളം വാദിക്കുമ്പോഴും മഴ ലഭിക്കുകയാണെങ്കില്‍ ഇത്തവണയും ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്താനാണ് തമിഴ്‌നാട് ലക്ഷ്യംവയ്ക്കുന്നത്. ഇതിനിടെ അടുത്ത ആഴ്ചയോടെ സുപ്രിംകോടതി നിയോഗിച്ച മുല്ലപ്പെരിയാര്‍ മേല്‍നോട്ടസമിതി അണക്കെട്ടിലെത്തുമെന്നാണ് അറിയുന്നത്. കഴിഞ്ഞ ജൂണ്‍ 22നാണ് മേല്‍നോട്ട സമിതി അവസാനമായി അണക്കെട്ടിലെത്തിയത്.
Next Story

RELATED STORIES

Share it