മുതിര്‍ന്ന പൗരന്‍മാര്‍ക്ക് റെയില്‍വേ സബ്‌സിഡി ഉപേക്ഷിക്കാന്‍ പദ്ധതി

ന്യൂഡല്‍ഹി: മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ട്രെയിനുകളിലെ റിസര്‍വ് ടിക്കറ്റുകള്‍ക്ക് ലഭിക്കുന്ന ഇളവ് സ്വമേധയാ ഉപേക്ഷിക്കാന്‍ വഴിയൊരുക്കി ഇന്ത്യന്‍ റെയില്‍വേ. സബ്‌സിഡി ഇനത്തില്‍വരുന്ന ശതകോടികളുടെ ഭാരം കുറച്ചുകൊണ്ടുവരുകയെന്ന ലക്ഷ്യത്തോടെയാണ് റെയില്‍വേ പുതിയ പദ്ധതിക്കു തുടക്കം കുറിച്ചത്. കൂടാതെ, റെയില്‍വേയ്ക്കുണ്ടാവുന്ന സബ്‌സിഡി ഭാരത്തെക്കുറിച്ച് യാത്രക്കാരനെ ബോധവല്‍കരിക്കുകയെന്ന ലക്ഷ്യത്തോടെ യാത്രയുടെ യഥാര്‍ഥ ചെലവ് ടിക്കറ്റില്‍ പതിക്കും.
നേരത്തേ ടിക്കറ്റുകള്‍ വാങ്ങാനുള്ള ഫോമുകളില്‍ വയസ്സുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൂരിപ്പിക്കുമ്പോള്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സ്വയമേവ ഇളവു ലഭിച്ചിരുന്നു. എന്നാല്‍, പുതിയ അപേക്ഷയില്‍ ഇളവ് ഉപേക്ഷിക്കുന്നതിനു സൗകര്യമുണ്ടാവും. മുതിര്‍ന്ന പൗരന്‍മാര്‍, കായികതാരങ്ങള്‍, അര്‍ബുദ രോഗികള്‍ തുടങ്ങിയവര്‍ക്ക് സബ്‌സിഡിയിനത്തില്‍ സാമ്പത്തിക വര്‍ഷത്തില്‍ 1600 ഓളം കോടി രൂപയുടെ വന്‍ ബാധ്യതയാണ് റെയില്‍വേ സഹിക്കുന്നത്.
ട്രെയിനുകളിലെ റിസര്‍വ് ടിക്കറ്റ് എടുക്കുന്നവരില്‍ 55 ഓളം വിഭാഗങ്ങളിലുള്ളവര്‍ക്ക് കിഴിവ് ലഭിക്കുന്നുണ്ട്. മുതിര്‍ന്ന പൗരന്‍മാരുടെ യാത്രായിനത്തിലാണ് റെയില്‍വേയ്ക്ക് ഏറ്റവും കൂടുതല്‍ ഭാരം സഹിക്കേണ്ടിവരുന്നത്. കഴിഞ്ഞ വര്‍ഷം യാത്രായിനത്തില്‍ 1100 കോടി രൂപ സബ്‌സിഡിയിനത്തില്‍ ചെലവായി. മുതിര്‍ന്ന പൗരന്‍മാരില്‍ 50 ശതമാനം ആനുകൂല്യവും നേടുന്നത് വനിതകളാണ്.
Next Story

RELATED STORIES

Share it