മുഖ്യമന്ത്രിക്കും ആര്യാടനുമെതിരായ അന്വേഷണത്തിന് സ്‌റ്റേ; ആശ്വാസം

കൊച്ചി: സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി രണ്ടു മാസത്തേക്ക് തടഞ്ഞു. കേട്ടുകേള്‍വിയുടെ മാത്രം അടിസ്ഥാനത്തിലുള്ള പരാതിയില്‍ യാന്ത്രികമായി തീരുമാനമെടുത്ത വിജിലന്‍സ് കോടതിയുടെ നടപടി വിശദമായി പരിശോധിക്കണമെന്നും വിലയിരുത്തി.
വിജിലന്‍സ് കോടതി വിധിക്കെതിരേ മുഖ്യമന്ത്രിയും മന്ത്രി ആര്യാടനും നല്‍കിയ ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് പി ഉബൈദിന്റെ ഇടക്കാല ഉത്തരവ്. കേസിലെ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനും നിര്‍ദേശം നല്‍കി. വിജിലന്‍സ് ജഡ്ജി പോസ്റ്റ്ഓഫിസിലെ ജോലികണക്കെ നടപടിയെടുക്കുന്നത് അനുവദിക്കാനാവില്ല.
അഴിമതിയാരോപണങ്ങള്‍ പരിശോധിച്ച് ഹൈക്കോടതിയുടെയും സുപ്രിംകോടതിയുടെയും ഉത്തരവുകള്‍ അടിസ്ഥാനമാക്കിയാണ് തുടര്‍നടപടി സ്വീകരിക്കേണ്ടത്. പ്രാഥമികാന്വേഷണം നടത്താതെ അന്വേഷണത്തിന് ഉത്തരവിടുന്നത് നിയമപരമല്ല. എല്ലാ സാഹചര്യത്തിലും പ്രാഥമികാന്വേഷണം നടത്തണമെന്നല്ല. എന്നാല്‍, വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ തീരുമാനമെടുക്കണം. ആരോ, എവിടെയോ വെളിപ്പെടുത്തല്‍ നടത്തി എന്നതിന്റെ അടിസ്ഥാനത്തില്‍ നല്‍കുന്ന പരാതി നിയമാനുസൃതമല്ല. ശരിയായ വസ്തുതയില്ലാത്ത പരാതി ലഭിച്ചാല്‍ പരാതിക്കാരന് അനുബന്ധരേഖകള്‍ ഹാജരാക്കുന്നതിനു സമയമനുവദിക്കുകയോ പ്രാഥമികാന്വേഷണം നടത്തുകയോ ചെയ്ത ശേഷം വേണം തീരുമാനമെടുക്കാന്‍.
പരാതിയിലെ സത്യാവസ്ഥ മനസ്സിലാക്കുന്നതിനു കോടതി തയ്യാറാവണം. സോളാര്‍ കമ്മീഷനില്‍ യുവതി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കോടതിയില്‍ ഹരജി നല്‍കിയത്. ഹരജി പരിഗണിച്ച കോടതി, പോലിസ് അന്വേഷണത്തിന് യാന്ത്രികമായി ഉത്തരവിടുകയായിരുന്നു. നിയമപരമായ അധികാരം പരിഗണിക്കാതെയാണ് വിജിലന്‍സ് കോടതി ജഡ്ജിയുടെ നടപടി.
പൊതുപ്രവര്‍ത്തകര്‍ക്കെതിരേ അന്വേഷണം നടത്തുന്നതിന് മുന്‍കൂര്‍ അനുമതി വേണമെന്നതുപോലും പരിഗണിച്ചില്ല. മുഖ്യമന്ത്രിക്കെതിരായ പരാതിയില്‍ പത്രവാര്‍ത്തകളും ചാനല്‍ദൃശ്യങ്ങളുടെ സിഡിയുമാണ് തെളിവുകളായി ഹാജരാക്കിയത്. സിഡി പരിശോധിച്ചശേഷമാണ് കോടതി ഉത്തരവിട്ടതെന്നു വ്യക്തമല്ല. മാധ്യമവാര്‍ത്തകള്‍ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലുള്ളതാണെന്നും പ്രധാന തെളിവായി കണക്കാക്കരുതെന്നും സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
പരാതി ലഭിച്ച അന്നുതന്നെ തെളിവുകള്‍ കണക്കിലെടുക്കാതെ നല്‍കിയ ഉത്തരവ് നിയമപരമല്ല. കീഴ്‌ക്കോടതികള്‍ തെറ്റായ ഉത്തരവു നല്‍കിയെന്നും അധികാരപരിധി ലംഘിച്ചെന്നും ആരോപിച്ചു സമര്‍പ്പിക്കുന്ന ഹരജികള്‍ ഭരണഘടനയുടെ 227ാം അനുച്ഛേദപ്രകാരം പരിശോധിച്ച് തീരുമാനമെടുക്കുന്നതിനു ഹൈക്കോടതിക്ക് അധികാരമുണ്ടെന്ന് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.
തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഇടക്കാല ഉത്തരവ് യാന്ത്രികമാണെന്നാണ് ഹരജിക്കാരുടെ ആരോപണം. ഹൈക്കോടതിയുടെയും സുപ്രിംകോടതിയുടെയും മുന്‍ ഉത്തരവുകള്‍ക്ക് വിരുദ്ധമായാണ് കോടതി പ്രവര്‍ത്തിച്ചതെന്ന ആരോപണം വിശദമായി പരിഗണിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ വിജിലന്‍സ് കോടതിയുടെ ഇടക്കാല ഉത്തരവ് സസ്‌പെന്‍ഡ് ചെയ്യുകയാണെന്നും കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it