മുംബൈ കലാപം മുസ്‌ലിം ദമ്പതികളെ കൊലപ്പെടുത്തിയ കേസ:് നാല് പ്രതികളുടെ ശിക്ഷ ശരിവച്ചു

മുംബൈ: 1992ലെ മുംബൈ വര്‍ഗീയ കലാപത്തിനിടെ മുസ്്‌ലിം ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ നാലു പ്രതികള്‍ക്ക് കീഴ്‌ക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ ബോംബെ ഹൈക്കോടതി ശരിവച്ചു. കേസ് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടുണ്ടെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് വി കെ താഹില്‍ രമണിയും ജസ്റ്റിസ് എ എസ് ഗഡ്കരിയുമടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. പ്രതികളുടെ അപ്പീല്‍ കോടതി തള്ളി. സുഭാസ് പഞ്ചല്‍, സഞ്ജയ് മണ്ഡവ്കര്‍, സുനില്‍ മണ്ഡവ്കര്‍, ചന്ദന്‍ ലൊഗാന്ദെ എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. 2011 ഫെബ്രുവരിയിലാണ് സെഷന്‍സ് കോടതി ഇവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഗാനി ശെയ്ഖും അദ്ദേഹത്തിന്റെ ഭാര്യ റാബിയ ശെയ്ഖുമാണ് കൊലചെയ്യപ്പെട്ടത്. മുംബൈ നഗരപ്രാന്തത്തിലെ ചെമ്പൂരിലായിരുന്നു ദമ്പതികള്‍ താമസിച്ചിരുന്നത്.

കലാപം തുടങ്ങിയപ്പോള്‍ ഇവരോട് താമസിക്കുന്ന മുറി വിട്ടുപോകണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കില്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 1993 ജനുവരി 11ന് പ്രതികള്‍ ദമ്പതികളുടെ വീടിന് കല്ലെറിയുകയും വീട്ടില്‍ നിന്ന് വലിച്ചിറക്കി വാളുകൊണ്ട് അവരെ കൊലപ്പെടുത്തിയെന്നുമാണ് കേസ്. റാബിയ സംഭവസ്ഥലത്തുവച്ചും ഗാനി പിന്നീട് ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. ഇവരുടെ നാല് കുട്ടികള്‍ അക്രമത്തിനിടെ രക്ഷപ്പെട്ടിരുന്നു.

സംഭവസ്ഥലത്ത് പ്രതികളുണ്ടായിരുന്നുവെന്ന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് അവര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എസ് ആര്‍ ചിറ്റ്‌നിസ് വാദിച്ചു. സംഭവത്തിന് ദൃക്‌സാക്ഷിയായ കുട്ടികളെ ആശ്രയിച്ചാണ് പ്രോസിക്യൂഷന്‍ തെളിവുണ്ടാക്കിയതെന്നും എന്നാല്‍ കുട്ടികളുടെ മൊഴിയില്‍ പ്രതികളുടെ പേര് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 1992ലെ കലാപവേളയില്‍ പ്രതികളിലൊരാള്‍ക്ക് മര്‍ദ്ദനമേറ്റിരുന്നതിനാല്‍ മുസ്്‌ലിം സമൂഹത്തോട് അവര്‍ക്ക് വിരോധമുണ്ടായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍ എച്ച് ജെ ദേധിയ ചൂണ്ടിക്കാട്ടി. തെളിവുകള്‍ പരിശോധിച്ച കോടതി പ്രതികളുടെ ശിക്ഷ ശരിവയ്ക്കുകയായിരുന്നു.
Next Story

RELATED STORIES

Share it