മാവോവാദികളെ നേരിടാന്‍ വനിതാ പോലിസിന് വനയുദ്ധമുറ പരിശീലനം

റായ്പൂര്‍: ഛത്തീസ്ഗഡില്‍ മാവോവാദികളെ നേരിടുന്നതിന് വനിതാ പോലിസുകാര്‍ക്ക് വനയുദ്ധമുറയില്‍ പരിശീലനം നല്‍കുന്നു. സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കുന്നതിനും പരിശീലനം നല്‍കും. ഉത്തര ബസ്തര്‍ മേഖലയില്‍പ്പെട്ട കാന്‍കര്‍ ജില്ലയിലെ കൗണ്ടര്‍ ടെററിസം ആന്റ് ജംഗിള്‍ വാര്‍ഫെയര്‍ കോളജിലാണ് പരിശീലനം.കോണ്‍സ്റ്റബിള്‍  മുതല്‍ അഡീഷനല്‍ സൂപ്രണ്ട് തസ്തികയില്‍ വരെ ജോലിചെയ്യുന്ന വനിതാ ഉദ്യോഗസ്ഥര്‍ 45 ദിവസത്തെ കഠിനപരിശീലനത്തിന് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് പരിശീലകന്‍ പ്ലാറ്റൂണ്‍ കമാന്‍ഡര്‍ നരേന്ദ്രസിങ് അറിയിച്ചു. സ്‌ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ സ്വദേശത്തും വിദേശത്തും പരിചയസമ്പന്നനാണ് നരേന്ദ്രസിങ്. ബസ്തര്‍ മേഖലയില്‍ 40,000 ചതുരശ്ര കി.മീ. ചുറ്റളവില്‍ മാവോവാദികള്‍ സ്ഥാപിച്ച കുഴിബോംബുകള്‍ പൊട്ടിത്തെറിച്ച് നൂറുകണക്കിനു സുരക്ഷാ സൈനികരാണു കൊല്ലപ്പെട്ടത്. ബോംബുകള്‍ മണ്ണിനടിയില്‍ വര്‍ഷങ്ങളോളം ഒളിപ്പിച്ചുവയ്ക്കാന്‍ സാധിക്കും. കുഴിബോംബുകള്‍ കണ്ടെത്താന്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ പോലും പൊട്ടിത്തെറിയില്‍ തകര്‍ന്നിട്ടുണ്ട്. ഇത്തരം അപകടങ്ങള്‍ കുറയ്ക്കാന്‍ ബോംബുകളും മറ്റും നശിപ്പിക്കാനുള്ള പരിശീലനം അത്യാവശ്യമാണെന്നും സിങ് പറഞ്ഞു. പുരുഷന്മാരായ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് ഇത്തരം പരിശീലനങ്ങള്‍ 2006 മുതല്‍ നല്‍കുന്നുണ്ടെങ്കിലും വനിതാ ഉദ്യോഗസ്ഥര്‍ അതില്‍ താല്‍പര്യം കാണിച്ചിരുന്നില്ല. എന്നാല്‍, കഴിഞ്ഞ ഒരു വര്‍ഷമായി വനിതകള്‍ പരിശീലനം ആവശ്യപ്പെട്ട് തന്നെ സമീപിച്ചിട്ടുണ്ട്. മാവോവാദി സംഘങ്ങളില്‍ വനിതകളുടെ പ്രാതിനിധ്യം കൂടിയ സ്ഥിതിക്ക് അവരെ നേരിടുന്ന പോലിസ് സേനയിലും പരിശീലനം ലഭിച്ച വനിതകളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it