Kottayam Local

മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി

കോട്ടയം: കോട്ടയം നഗരസഭയുടെ വടവാതൂര്‍ ഡംപിങ് യാര്‍ഡിലെ കുന്നുകൂടിയ മാലന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് ഉചിതമായ നടപടി ഈമാസം 30ന് ചേരുന്ന കൗണ്‍സില്‍ യോഗം സ്വീകരിക്കണമെന്ന് ഹൈകോടതി നിര്‍ദേശം. കേസില്‍ കക്ഷികളായവര്‍ക്ക് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത് നിര്‍ദേശം സമര്‍പ്പിക്കാവുന്നതാണ്.
ഹൈക്കോടതി ജസ്റ്റിസ് കെ ടി ശങ്കരനും ഹരി പ്രസാദും ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിര്‍ദേശം. ഇക്കാളയവില്‍ എന്തെങ്കിലും ചെയ്‌തോയെന്ന കോടതിയുടെ ചോദ്യത്തിനു മറുപടി നല്‍കാന്‍ നഗരസഭയ്ക്കായില്ല. ഈമാസം 30ന് ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ നടപടി സ്വീകരിക്കുമെന്ന സെക്രട്ടറിയുടെ നിര്‍ദേശം കോടതിയെ ബോധിപ്പിച്ചു.
അന്നത്തെ കൗണ്‍സില്‍ യോഗത്തില്‍ നിര്‍ദേശം നല്‍കാന്‍ അവസരം വേണമെന്ന വടവാതൂര്‍ ആക്ഷന്‍ കൗണ്‍സിലിന്റെ ആവശ്യം കോടതി അംഗീകരിച്ചു. കേസില്‍ കക്ഷികളായ വിജയപുരം പഞ്ചായത്ത് അധികൃതര്‍, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് തുടങ്ങിയവര്‍ക്കും യോഗത്തത്തില്‍ പങ്കെടുത്ത് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം. കുമിഞ്ഞു കൂടിയ പഴയ മാലിന്യം നീക്കം ചെയ്യണമെന്ന് 2011ലെ ഇടക്കാല ഉത്തരവ് പ്രകാരം കോടതി ആവശ്യപ്പെട്ടിരുന്നു. അഞ്ചു വര്‍ഷം പിന്നിട്ടിട്ടും മാലിന്യം നീക്കം ചെയ്യാന്‍ നഗരസഭ തയ്യാറാവാതിരുന്നതാണ് കോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കിയത്. നഗരസഭാ സെക്രട്ടറി നേരിട്ടു കോടതിയില്‍ ഹാജരാവണമെന്നു കോടതി കഴിഞ്ഞ സിറ്റിങില്‍ ആവശ്യപ്പെട്ടിരുന്നു. വടവാതൂര്‍ മാലിന്യ നിക്ഷേപ കേന്ദ്രം 2013 ഡിസംബര്‍ 31നു നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് അടച്ചുപൂട്ടുകയായിരുന്നു.
മാലിന്യ നിക്ഷേപകേന്ദ്രം തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്നും അതിനുവേണ്ടി പോലിസ് സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് കോട്ടയം നഗരസഭ നല്‍കിയ കേസിന്റെ വാദമാണ് കേട്ടത്.
മാലിന്യ നിക്ഷേപ കേന്ദ്രം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് വടവാതൂര്‍ ആക്ഷന്‍ കൗണ്‍സിലും വിജയപുരം പഞ്ചായത്തും കോടതിയെ സമീപിച്ചിരുന്നു. ജില്ല കലക്ടര്‍, ജില്ലാ പോലിസ് ചീഫ്, വിജയപുരം പഞ്ചായത്ത്, കോട്ടയം നഗരസഭ, റെസിഡന്‍സ് അസോസിയേഷനുകള്‍ ഉള്‍പ്പടെ മാലിന്യ കേന്ദ്രവുമായി ബന്ധപ്പെട്ട എട്ടുപേരെയാണ് കക്ഷിചേര്‍ത്തിരിക്കുന്നത്.
ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ പോള്‍സണ്‍ പീറ്ററിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രക്ഷോഭം നടത്തിയതിനെതുടര്‍ന്നാണ് വിജയപുരം പഞ്ചായത്ത് മാലിന്യനിക്ഷേപ കേന്ദ്രം പൂട്ടിയത്. ആക്ഷന്‍ കൗണ്‍സിലിനുവേണ്ടി അഡ്വ. എ കെ ഹരിദാസ് കോടതിയില്‍ ഹാജരായി.
Next Story

RELATED STORIES

Share it