മാലദ്വീപിനും അഫ്ഗാനും സെമി ടിക്കറ്റ്

തിരുവനന്തപുരം: ഏകപക്ഷീയമായ ജയത്തോടെ മാലദ്വീപും അഫ്ഗാനിസ്താനും സാഫ് കപ്പ് ഫുട്‌ബോളിന്റെ സെമി ഫൈനലില്‍ കടന്നു. ബംഗ്ലാദേശിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മാലദ്വീപിന്റെ സെമി പ്രവേശം. ഭൂട്ടാനെ ഏകപക്ഷീയമായ മൂന്നുഗോളിന് തകര്‍ത്താണ് നിലവിലെ ചാംപ്യന്‍മാരായ അഫ്ഗാന്റെ മുന്നേറ്റം.
40ാം മിനിറ്റില്‍ ക്യാപ്റ്റന്‍ അഷ്ഫഖ് അലിയാണ് മാലദ്വീപിനായി ആദ്യഗോള്‍ നേടിയത്. മാലദ്വീപിന്റെ ഇമാസ് അഹമ്മദ് പെനാല്‍റ്റി ബോക്‌സിന്റെ വലതുമൂലയില്‍ നിന്നും പായിച്ച ഷോട്ട് ബംഗ്ലാദേശിന്റെ വാലി ഫൈസല്‍ കൈകൊണ്ടു തടുത്തതോടെ റഫറി പെനാല്‍റ്റി വിധിച്ചു. വാലി ഫൈസലിന് മഞ്ഞക്കാര്‍ഡും ലഭിച്ചു. പെനാല്‍റ്റിയെടുത്ത അഷ്ഫഖ് അലിയുടെ ഷോട്ട് ബംഗ്ലാദേശ് ഗോളി സാഹിദുല്‍ ആലം തടയാന്‍ ശ്രമിച്ചെങ്കിലും കയ്യില്‍ത്തട്ടി ഇടതുപോസ്റ്റിലിടിച്ച് വലയിലേക്ക് കയറി.
മല്‍സരം അവസാനിക്കാന്‍ മൂന്നു മിനിറ്റ് ശേഷിക്കെ ഹേമന്ത ബിശ്വാസിലൂടെ ബംഗ്ലാദേശ് സമനില പിടിച്ചു. ബോക്‌സിനു പുറത്തുനിന്നുള്ള ഹേമന്ത് ബിശ്വാസിന്റെ ഇടംകാലന്‍ ഷോട്ട് മാലദ്വീപ് പ്രതിരോധത്തില്‍തട്ടി വലയിലേക്കു കയറി. എന്നാല്‍, ബംഗ്ലാദേശിനെ ഞെട്ടിച്ച് 90ാം മിനിറ്റില്‍ ഹസന്‍ നായിസ് മാലദ്വീപിനായി വിജയഗോള്‍ നേടി. വലതുവിങില്‍ നിന്നും പകരക്കാനായിറങ്ങിയ നാഷിദ് അഹമ്മദിന്റെ ക്രോസ് ബംഗ്ലാ ഗോള്‍കീപ്പറുടെ തൊട്ടടുത്തുനിന്നും മനോഹരമായ ഒരു ബാക്ഹീലിലൂടെ ഹസന്‍ നായിസ് വലയിലാക്കി. ഇഞ്ചുറി ടൈമില്‍ നാഷിദ് അഹമ്മദിന്റെ മൂന്നാം ഗോളോടെ മാലദ്വീപ് പട്ടിക പൂര്‍ത്തിയാക്കി. ക്യാപ്റ്റന്‍ അഷ്ഫാഖ് അലി ഇടതുവിങ്ങിലൂടെ നടത്തിയ മുന്നേറ്റത്തിനൊടുവില്‍ ബോക്‌സിനു മുന്നില്‍ ഈസ്സ ഇസ്മയിലിനു പാസ് നല്‍കി. ഈസ്സ മുന്നോട്ടു തള്ളിയിട്ട പന്ത് നാഷിദ് അഹമ്മദ് ബുള്ളറ്റ് ഷോട്ടിലൂടെ വലയിലാക്കി.
ഭൂട്ടാനെതിരെ അഫ്ഗാന്‍ അനായാസ ജയമാണ് നേടിയത്. ഇരട്ട ഗോള്‍ നേടിയ ഖൈബര്‍ അമാനിയാണ് അഫ്ഗാന്റെ വിജയശില്‍പ്പി. 14, 51 മിനിറ്റുകളിലാണ് താരം അഫ്ഗാനു വേണ്ടി ലക്ഷ്യം കണ്ടത്. 43ാം മിനിറ്റില്‍ അഫ്ഗാന്‍ ക്യാപ്റ്റന്‍ ഫൈസല്‍ ഷെയ്‌സ്‌തെയെ ഫൗള്‍ ചെയ്ത കര്‍മ്മ ഷെദ്രുപ് മഞ്ഞക്കാര്‍ഡ് വാങ്ങി. ഈ ഫൗളിനു ലഭിച്ച ഫ്രീകിക്ക് മാസി സൈഖാനി വലയിലാക്കുകയായിരുന്നു.
ഗ്രൂപ്പ് ബിയില്‍ രണ്ടു ജയങ്ങള്‍ കരസ്ഥമാക്കിയാണ് അഫ്ഗാനും മാലദ്വീപും സെമിയിലേക്ക് മുന്നേറിയത്. എന്നാല്‍, തോല്‍വിയോടെ ഭൂട്ടാനും ബംഗ്ലാദേശും സെമി കാണാതെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.
Next Story

RELATED STORIES

Share it