Kollam Local

മഴ ശക്തമായിട്ടും പത്തനാപുരത്ത് കിണറുകളില്‍ കുടിവെള്ളമില്ല

പത്തനാപുരം: മഴ ശക്തമായിട്ടും മലയോരത്തു കിണറുകളില്‍ കുടിവെള്ളമില്ലാത്തത് നാട്ടുകാര്‍ക്ക് ദുരിതമാവുന്നു. പത്തനാപുരം, പിറവന്തൂര്‍, വിളക്കുടി, പട്ടാഴി, തലവൂര്‍, മേലില പഞ്ചായത്തുകളില്‍ ഉയര്‍ന്ന ഭാഗങ്ങളിലാണു കുടിവെള്ളമില്ലാത്തത്. തണ്ണീര്‍ത്തട സംരക്ഷണ നിയമം, നീര്‍ത്തട സംരക്ഷണ പദ്ധതികള്‍ എന്നിവ കോടികള്‍ ചെലവഴിച്ചു നടപ്പാക്കിയെന്നു ത്രിതല പഞ്ചായത്തുകള്‍ അവകാശപ്പെടുമ്പോഴാണു ശുദ്ധജലമില്ലാതെ പ്രദേശവാസികള്‍ വലയുന്നത്. കിണര്‍ റീ ചാര്‍ജിങ് അടക്കം ഒട്ടേറെ പദ്ധതികള്‍ക്കും തുക അനുവദിച്ചതായി ജനപ്രതിനിധികളുടെയും ത്രിതല പഞ്ചായത്തുകളുടെയും അവകാശവാദങ്ങളില്‍ പെടുന്നു. താലൂക്കില്‍ ഏറ്റവും കൂടുതല്‍ വയലുകള്‍ ഉണ്ടായിരുന്ന വിളക്കുടി, തലവൂര്‍ പഞ്ചായത്തുകളില്‍ മുഴുവന്‍ നികത്തി. സമീപത്തെ വയലുകള്‍ നികത്തിയതോടെ കൂടുതല്‍ വയലുകള്‍ കൃഷിയോഗ്യമല്ലാതായി മാറി. ഇവിടങ്ങളില്‍ വെള്ളം കെട്ടി നിന്നു ഭൂമിയിലേക്കു താഴുന്നതിനു പകരം തോടുകളിലൂടെയും പുഴകളിലൂടെയും ഒലിച്ചുപോകുകയാണ്. മഴക്കുഴി നിര്‍മാണം, വെള്ളം കെട്ടി നിര്‍ത്തുന്നതിനുള്ള മറ്റു പദ്ധതികള്‍ എന്നിവയും ചിലയിടങ്ങളില്‍ മാത്രമാണു കാര്യക്ഷമമായി നടന്നിട്ടുള്ളത്. ഇവിടങ്ങളില്‍ കുടിവെള്ളക്ഷാമത്തിനു നേരിയ ആശ്വാസവുമുണ്ട്.

മഴക്കുഴികള്‍ സംരക്ഷിക്കാനോ, തുടര്‍ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത മനസ്സിലാക്കാനോ അധികൃതര്‍ ശ്രമിക്കുന്നില്ലെന്ന പരാതിയും ശക്തമാണ്. ഭൂഗര്‍ഭജലത്തിന്റെ അളവു വര്‍ധിപ്പിക്കുന്നതിനുള്ള നടപടിയെടുത്തെങ്കില്‍ മാത്രമേ കുടിവെള്ള ക്ഷാമത്തില്‍ നിന്നു പരിഹാരം സാധ്യമാകൂവെന്ന് ഈ മേഖലയിലെ വിദഗ്ധരും പറയുന്നു.
Next Story

RELATED STORIES

Share it