Middlepiece

മല്‍സരിക്കുന്ന വിദ്യാലയ മികവുല്‍സവങ്ങള്‍

മുസ്തഫ കൊണ്ടോട്ടി

സര്‍വശിക്ഷാ അഭിയാന്‍ സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങളെ തിരഞ്ഞെടുക്കാന്‍ മികവുല്‍സവങ്ങള്‍ നടത്തുന്നു. പൊതുവിദ്യാഭ്യാസ വകുപ്പും മികച്ച വിദ്യാലയങ്ങളെ തിരഞ്ഞെടുക്കാന്‍ മല്‍സരം നടത്തുന്നു. ഏതു മികവാണ് യഥാര്‍ഥ മികവെന്നറിയാതെ അധ്യാപകരും ഏതു മികവുല്‍സവമാണ് ഒറിജിനല്‍ എന്നറിയാതെ വിദ്യാലയങ്ങളും ചിന്താക്കുഴപ്പത്തിലാണ്. എന്തുകൊണ്ട് രണ്ടുകൂട്ടര്‍ക്കും സംയുക്തമായി മികവുല്‍സവങ്ങള്‍ നടത്തി മികച്ച വിദ്യാലയങ്ങളെ തിരഞ്ഞെടുത്തുകൂടാ?
പണ്ട് കവിതയില്‍ ദ്വിതീയാക്ഷരപ്രാസ പ്രശ്‌നം പൊന്തിവന്നപ്പോള്‍ ഇക്കാര്യത്തില്‍ അന്തിമ തീര്‍പ്പുപറയേണ്ടത് കേരളവര്‍മ വലിയ കോയിത്തമ്പുരാനാണോ, അതല്ല രാജരാജവര്‍മയാണോ എന്നതിനെച്ചൊല്ലി കേരളം പിന്നെയും തര്‍ക്കിച്ചപോലെ വിദ്യാഭ്യാസവകുപ്പില്‍ ആരാണു മൂപ്പന്‍ എന്നതിനെച്ചൊല്ലി സര്‍വശിക്ഷാ അഭിയാനും പൊതുവിദ്യാഭ്യാസവകുപ്പും തര്‍ക്കിക്കുകയാണ്. അതുകൊണ്ടാണ് ഇരുവരും മികവുല്‍സവങ്ങള്‍ പ്രത്യേകം പ്രത്യേകം നടത്തുന്നത്. സര്‍വശിക്ഷാ അഭിയാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ വരുന്ന ഒരു ഏജന്‍സിയാണെന്നോര്‍ക്കണം.
രണ്ട് ഉല്‍സവങ്ങളിലും നടക്കുന്നത് ഒന്നുതന്നെ. ആട്, തേക്ക്, മാഞ്ചിയം കളി. ആടു വളര്‍ത്തിയതിന്റെയും ആടലോടകം വച്ചുപിടിപ്പിച്ചതിന്റെയും ആനമയിലൊട്ടകം കളിച്ചതിന്റെയുമൊക്കെ വീരകഥകളാണ് വിദ്യാലയങ്ങളുടെ മികവുകളായി അവതരിപ്പിക്കുന്നത്. പെണ്‍കുട്ടികള്‍ നടത്തുന്ന കരാത്തെയും കുങ്ഫുവുമാണ് മറ്റൊരു അഭ്യാസപ്രകടനം. ഈയിടെ രൂപപ്പെട്ട ഒരു മികവാണ് നാടകം കളി. പാഠഭാഗങ്ങളെ മുഴുവന്‍ നാടകമാക്കി മാറ്റലാണ് ഇത്. ഇതിന്റെ യുക്തിയൊന്നും ചോദിക്കരുത്. ഇതിനിടയില്‍ പിള്ളേരാരെങ്കിലും നാലക്ഷരം പഠിച്ചുവെന്നതിന്റെയും നിര്‍ദിഷ്ട പഠനനേട്ടം കൈവരിച്ചതിന്റെയും തെളിവെന്ത് എന്നു ചോദിച്ചാല്‍ പിഞ്ഞാണക്കടയില്‍ കയറി പിണ്ണാക്ക് ചോദിക്കുന്നോടാ എന്ന മട്ടില്‍ സംഘാടകര്‍ അവരെ നോക്കും. ചേഷ്ടാവാദിയെന്നു പറഞ്ഞ് ചെവിക്കുറ്റിക്കു നേരെ കൈയോങ്ങും. കോത്താഴക്കാരനെന്നു പറഞ്ഞ് കളിയാക്കും. കൊങ്ങക്ക് പിടിച്ച് പുറത്താക്കുകയും ചെയ്യും.
കൃഷി ഒരു സംസ്‌കാരമായി കാണാത്തതാണ് രാജ്യത്തെ വിദ്യാഭ്യാസപുരോഗതിക്ക് തടസ്സമെന്നു പറഞ്ഞ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് രൂപം കൊടുത്ത പാഠ്യപദ്ധതി, വിദ്യാഭ്യാസത്തെ മൊത്തം കൃഷിയാക്കി മാറ്റുന്ന ഇപ്പോഴത്തെ ഗവണ്‍മെന്റ് പാഠ്യപദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്തി കൃഷിയെ പടിക്കുപുറത്താക്കിയെങ്കിലും കൃഷി തലയ്ക്കുപിടിച്ച ചിലര്‍ ഇപ്പോഴും കൃഷി തന്നെ മികവ് എന്ന നിലപാടിലാണ്. ഇക്കാര്യത്തില്‍ അധ്യാപകരെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യമില്ല. സര്‍ക്കാരിന്റെ ചില വകുപ്പുകള്‍ വിദ്യാലയങ്ങളെ കാണുന്നതുതന്നെ കൃഷിയിടങ്ങളായിട്ടാണ്.
ജൂണില്‍ പാഠപുസ്തകങ്ങള്‍ എത്തിയില്ലെങ്കിലും വിത്തും തൈകളും കൃത്യമായി എത്തും. കൃഷിവകുപ്പും വനംവകുപ്പും ഇക്കാര്യത്തില്‍ ഒരു അമാന്തവും വരുത്താറില്ല. വിദ്യാലയത്തില്‍ കൃഷി പടര്‍ത്തലാണ് കൃഷിവകുപ്പിന്റെ പ്രധാന പണി. വനംവകുപ്പും മോശമല്ല. അവരുടെ വനമഹോല്‍സവങ്ങള്‍ ഇപ്പോള്‍ വിദ്യാലയത്തിലാണ്. ആരോഗ്യവകുപ്പിന്റെ മന്തുഗുളിക പ്രചരിപ്പിക്കലിന്റെയും മല്‍സ്യകൃഷി വ്യാപിപ്പിക്കലിന്റെയും മൃഗസംരക്ഷണത്തിന്റെയും ചുമതല വിദ്യാലയങ്ങള്‍ക്കു തന്നെ. അതോടെ വിദ്യാലയങ്ങള്‍ക്കും തിരക്കായി, മികവുല്‍സവങ്ങള്‍ക്ക് ഒരുങ്ങലായി.
ഇതിനിടയ്ക്ക് പിള്ളേരെ പഠിപ്പിക്കാന്‍ നേരമെവിടെ? പിന്നെയെങ്ങനെ കുട്ടികള്‍ക്ക് എഴുത്തും വായനയും അറിയും? വെറുതെയാണോ കേരളത്തിലെ കുട്ടികള്‍ ദേശീയതലത്തിലുള്ള വിദ്യാഭ്യാസ ഗുണനിലവാര സര്‍വേകളില്‍ പിന്നാക്കം പോവുന്നത്. നാലാംക്ലാസ് കഴിയുന്നതോടെ മുഴുവന്‍ കുട്ടികള്‍ക്കും മിനിമം മലയാളം എഴുതാനും വായിക്കാനും ഗണിതത്തില്‍ ചതുഷ്‌ക്രിയകള്‍ ചെയ്യാനും അറിയേണ്ടതുണ്ട്. പക്ഷേ, ആരു കേള്‍ക്കുന്നു? ആര് മൈന്റ് ചെയ്യുന്നു?
ഒരു കഥ കേട്ടിട്ടുണ്ട്. മനശ്ശാസ്ത്ര ഡോക്ടറായ പിതാവിന്റെ കൂടെ ആദ്യമായി പരിശീലനത്തിനു വന്നതായിരുന്നു അതേ വിഷയത്തില്‍ തന്നെ ഡോക്ടറായ മകന്‍. ഉച്ചയായപ്പോഴേക്കും രോഗികളുടെ പ്രശ്‌നങ്ങളും പരാധീനതകളും കേട്ട് മകന് മടുത്തു. എന്നാല്‍, പിതാവ് അപ്പോഴും ഉഷാറില്‍ തന്നെ. കാരണം അന്വേഷിച്ച മകനോട് പിതാവ് ഇങ്ങനെ പറഞ്ഞത്രെ: ആരു കേള്‍ക്കുന്നു, ആര് മൈന്റ് ചെയ്യുന്നു. കുട്ടികളുടെ നിലവാരം ഉയര്‍ത്തണമെന്ന് നിരന്തരമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതാര് മൈന്റ് ചെയ്യുന്നു, ആരു കേള്‍ക്കുന്നു? അധ്യാപകരൊക്കെ ആടുവളര്‍ത്തലിന്റെയും ആടലോടകം വച്ചുപിടിപ്പിക്കലിന്റെയും തിരക്കിലല്ലേ? $
Next Story

RELATED STORIES

Share it