മല്‍സരത്തില്‍ പങ്കെടുക്കാന്‍ സ്‌ക്വാഷ് താരം വൃക്ക വില്‍ക്കുന്നു

മീററ്റ്: കൊടിയ ദാരിദ്രത്തിന്റെയും പട്ടിണിയുടെയും വാര്‍ത്തകള്‍ കായികമേഖലയില്‍ പുതിയ കാര്യമല്ല. മികച്ച പരിശീലനത്തിനായി ഉള്ളതെല്ലാം വിറ്റുപെറുക്കിയും കടം വാങ്ങിയതിനും ശേഷം നേട്ടങ്ങളുടെ പടവുകള്‍ താണ്ടിക്കയറിയവരും ഒരു സ്ഥലത്തും എത്തിപ്പെടാനാവാതെ പാതിവഴിയില്‍ ചിറകറ്റു വീണവരും ട്രാക്കിലും ഫീല്‍ഡിലും നിരവധിയാണ്. കായിക മേഖലയ്ക്ക് ഒട്ടും ശുഭകരമല്ലാത്ത ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍ നിന്ന് ഉയര്‍ന്നിട്ടുള്ളത്.
അടുത്ത മാസം ഗുവാഹത്തിയില്‍ നടക്കുന്ന സൗത്ത് ഏഷ്യന്‍ ഗെയിംസിന്റെ ഒരുക്കങ്ങള്‍ക്കായി ദേശീയ സ്‌ക്വാഷ് താരം സ്വന്തം വൃക്ക വില്‍ക്കാനൊരുങ്ങുന്നു. ഇന്ത്യയുടെ ദേശീയ ടീമിലെ സ്‌ക്വാഷ് താരവും ഏഷ്യന്‍ ജൂനിയര്‍ ചാംപ്യന്‍ഷിപ്പിലെ സ്വര്‍ണമെഡല്‍ ജേതാവുമായ രവി ദീക്ഷിത് ആണ് എട്ടു ലക്ഷം രൂപയ്ക്ക് തന്റെ വൃക്ക നല്‍കാന്‍ തയ്യാറാണെന്നറിയിച്ച് ഫേസ്ബുക്കില്‍ പരസ്യം നല്‍കിയിട്ടുള്ളത്.ഉത്തര്‍പ്രദേശിലെ ബിജിനോറിലെ സാധാരണ കുടുംബത്തിലെ അംഗമാണ് രവി. കഴിഞ്ഞ പത്തു വര്‍ഷമായി രാജ്യത്തിനു വേണ്ടി നിരവധി മെഡലുകള്‍ നേടിയിട്ടും സര്‍ക്കാരില്‍ നിന്ന് ഒരു സഹായവും ലഭിച്ചിട്ടില്ല.
സ്‌പോണ്‍സര്‍മാരും കനിഞ്ഞില്ല. ഇതാണ് വൃക്ക വില്‍ക്കാന്‍ തീരുമാനിച്ചതെന്ന് 20കാരനായ താരം പറയുന്നു. ഗുവാഹത്തിയില്‍ നടക്കുന്ന മല്‍സരത്തിന്റെ പരിശീലനത്തിനായി ചെന്നെയിലേക്കു തിരിക്കുന്നതിനാണ് എട്ടു ലക്ഷം രൂപ ആവശ്യമായിട്ടുള്ളത്. താരത്തിന്റെ പരസ്യം സാമൂഹിക മാധ്യമങ്ങളില്‍ വന്‍ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it