Kottayam Local

മലയോര മേഖലയില്‍ പ്രചാരണം ആവേശത്തില്‍

മുണ്ടക്കയം: ജില്ലയിലെ തിരഞ്ഞെടുപ്പ് അഞ്ചിനാണെങ്കിലും മലയോരമേഖലയില്‍ തിരഞ്ഞെടുപ്പിന്റെ ആവേശം രണ്ടിനുയരും.
ഹൈറേഞ്ചിന്റെ കവാടമായ മുണ്ടക്കയത്തിനു സമീപമായി വ്യാപിച്ചുകിടക്കുന്ന ഇടുക്കി ജില്ലയിലെ കൊക്കയാര്‍, പെരുവന്താനം പഞ്ചായത്തുകളില്‍ രണ്ടിനാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ടൗണിനു സമീപമുള്ള കല്ലേപാലത്തില്‍ നിന്ന് ആരംഭിക്കുന്ന ഇടുക്കി ജില്ലയുടെ അതിര്‍ത്തികളില്‍ പ്രചാരണം അവസാനഘട്ടത്തിലെത്തി. കോട്ടയം ജില്ലയോട് ചേര്‍ന്നു കിടക്കുന്നതും പെരുവന്താനം കൊക്കയാര്‍ പഞ്ചായത്തില്‍ ഉള്‍പെട്ടതുമായ 15 ബൂത്തുകള്‍ പ്രശ്‌നബാധിതമാണെന്ന് ഇന്റലിജന്‍സ് റിപോര്‍ട്ടുണ്ട്.
തിരഞ്ഞെടുപ്പു ദിവസം കോട്ടയം ജില്ലയില്‍ നിന്ന് പ്രവര്‍ത്തകര്‍ എത്തുന്ന ബോയ്‌സ്, നാരകംപുഴ, 35ാം മൈല്‍, വെംബ്ലി, മുക്കുളം തുടങ്ങിയ സ്ഥലങ്ങള്‍ പ്രശ്‌നബാധിതമെന്ന് കണ്ട് കൂടുതല്‍ പോലിസിനെ വിന്യസിപ്പിക്കും.
ടിആര്‍ ആന്റ് ടി എസ്റ്റേറ്റില്‍ ജോലി ഉള്ളതും ഇടുക്കി ജില്ലയില്‍ നിന്ന് കോട്ടയം ജില്ലയിലേയ്ക്കു ചേക്കേറിയതുമായ തൊഴിലാളികള്‍ക്ക് രണ്ടിടങ്ങളിലും വോട്ട് ഉള്ളവരുണ്ട്.
ഇത്തരം ആളുകള്‍ കൂടുതലായുള്ള മേഖലകളില്‍ ഇരു ജില്ലകളുടെ അതിര്‍ത്തി പഞ്ചായത്തുകളിലും കള്ളവോട്ടിനും സാധ്യത ഏറുകയാണ്. കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളി താലൂക്കിന്റെ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ വീടുകള്‍ കയറിയിറങ്ങിയുള്ള പ്രചാരണം ആവസാനഘട്ടത്തിലാണ്.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന പഞ്ചായത്തുകളിലേയ്ക്കായി 296 പോസ്റ്റല്‍ ബാലറ്റുകള്‍ ഇതുവരെ നല്‍കി. നവംബര്‍ മൂന്നിന് ഉച്ചകഴിഞ്ഞ് രണ്ടു വരെയാണ് പോസ്റ്റല്‍ ബാലറ്റുകള്‍ക്കായുള്ള അപേക്ഷ സ്വീകരിക്കുന്നത്.
നാട്ടിലില്ലാത്തവരുടെ ബന്ധുക്കളെ കണ്ടെത്തി അവര്‍ക്കായി അപേക്ഷകള്‍ പൂരിപ്പിച്ചു നല്‍കുന്ന തിരക്കിലുമാണ് രാഷ്ട്രീയ കക്ഷി നേതാക്കള്‍. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള പോളിങ് സ്റ്റേഷനുകളിലേയ്ക്കായി വോട്ടിങ് മെഷീനുകള്‍ ഉള്‍പ്പെടെയുള്ള സാധന സാമഗ്രികള്‍ നാളെ എത്തും.
Next Story

RELATED STORIES

Share it