മലയോര ജീവിതം പോലെ രാഷ്ട്രീയവും സങ്കീര്‍ണം

സി എ സജീവന്‍

മലയോര ജീവിതം പോലെ സങ്കീര്‍ണമാണ് ഇടുക്കിയുടെ രാഷ്ട്രീയവും. പട്ടയമായും ഗാഡ്ഗില്‍- കസ്തൂരി രംഗന്മാരായും അതിങ്ങനെ മാറി വന്നുകൊണ്ടിരിക്കും. ഇക്കുറിയും സ്ഥിതിയില്‍ മാറ്റമില്ല. ജില്ലയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തിന്റെ ആദ്യ അധ്യായങ്ങള്‍ കോണ്‍ഗ്രസ്സിന്റെ വിജയങ്ങള്‍ക്കു മാത്രമുള്ളതാണ്. ക്രൈസ്തവ സഭ, ആദിവാസികള്‍ തുടങ്ങിയ സ്ഥിരം വോട്ട് ബാങ്കുകളായിരുന്നു കോണ്‍ഗ്രസ്സിന്റെ കൈമുതല്‍. എന്നാല്‍ കാലക്രമത്തില്‍ ഇതിന് മാറ്റം വന്നു.
ആകെ അഞ്ചു മണ്ഡലങ്ങളാണ് ജില്ലയില്‍. കോണ്‍ഗ്രസ്സിന് എംഎല്‍എമാരില്ലാത്ത ഏക ജില്ലയാണ് ഇടുക്കി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നു സീറ്റില്‍ മല്‍സരിച്ചെങ്കിലും വിജയിക്കാനായില്ല. ദേവികുളത്തും ഉടുമ്പഞ്ചോലയിലും സിപിഎമ്മും പീരുമേട്ടില്‍ സിപിഐയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ചുരുട്ടിക്കെട്ടി. അതേസമയം, യുഡിഎഫിലെ ഘടകകക്ഷിയായ കേരളാ കോണ്‍ഗ്രസ് മല്‍സരിച്ച തൊടുപുഴയിലും ഇടുക്കിയിലും ആവര്‍ത്തിച്ച് വിജയം കൊയ്തു. കോണ്‍ഗ്രസ്സിലെ ഗ്രൂപ്പുകളിയും കാലുവാരലുമൊക്കെയാണ് ഒരു പരിധിവരെ ഇവിടെ ഇടതുമുന്നണിക്ക്, പ്രത്യേകിച്ചും സിപിഎമ്മിന് നേട്ടമുണ്ടാക്കിയതെന്നത് ചരിത്രം. ജില്ലയുടെ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ വലിയൊരു മാറ്റം കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പോടെ ഉണ്ടായി. ഒരു വിഭാഗം ക്രൈസ്തവ പുരോഹിതരുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഹൈറേഞ്ച് സംരക്ഷണ സമിതിയായിരുന്നു ഇതിനു പിന്നില്‍. കോണ്‍ഗ്രസ്സിന്റെ ജില്ലയിലെ ഏറ്റവും പ്രമുഖ നേതാവ് പി ടി തോമസ് എംപിയുമായി ഗാഡ്ഗില്‍ - കസ്തൂരിരംഗന്‍ റിപോര്‍ട്ടുകളുടെ പേരില്‍ ഹൈറേഞ്ച് സംരക്ഷണ സമിതി ഉടക്കിയിരുന്നു. ഈ പോരിനെ മറയാക്കി വ്യക്തിഗത നേട്ടം കൊയ്യാന്‍ കോണ്‍ഗ്രസ്സിന്റെ ജില്ലാ നേതൃത്വം ശ്രമിച്ചതോടെ പി ടി തോമസ് പാര്‍ടിയില്‍ ഒറ്റപ്പെട്ടു. അദ്ദേഹത്തിന് ലോക്‌സഭാ സ്ഥാനാര്‍ഥിത്വവും നഷ്ടപ്പെട്ടു. പകരം സ്ഥാനാര്‍ഥിയായ യൂത്ത്‌കോണ്‍ഗ്രസ് നേതാവ് ഡീന്‍ നല്ല നിലയില്‍ തോറ്റു. ഈ പരാജയത്തിന്റെ കാരണം സംബന്ധിച്ച കെപിസിസി അന്വേഷണ റിപോര്‍ട്ട് ഇനിയും പുറത്തുവന്നിട്ടില്ല.
ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിലും ഗ്രൂപ്പുപോരില്‍ നിന്ന് കോണ്‍ഗ്രസ് മാറിയിട്ടില്ല. സ്ഥാന മോഹികളും അവരുടെ ഗ്രൂപ്പുകളുമൊക്കെ ഇപ്പഴേ സജീവമായി പണി തുടങ്ങിക്കഴിഞ്ഞു. കേരളാ കോണ്‍ഗ്രസ്സാകട്ടെ തൊടുപുഴ, ഇടുക്കി മണ്ഡലങ്ങളില്‍ ഏറെക്കുറെ വിജയമനസ്സോടെയാണുള്ളത്. കേരളാ കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ് ഇക്കുറിയും ജനവിധി തേടുമെന്നു പ്രഖ്യാപിച്ച തൊടുപുഴയില്‍ ഇടതുമുന്നണി ബലിയാടിനെ തേടിത്തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ തവണത്തെ എതിരാളി ജോസഫ് അഗസ്റ്റിനാവും അവസാനഘട്ടത്തില്‍ നറുക്കു വീഴുകയെന്നാണ് പ്രാഥമിക വിവരം. അതേസമയം, റോഷി അഗസ്റ്റിന്‍ സീറ്റ് ഉറപ്പിച്ച ഇടുക്കിയില്‍ ചില വെല്ലുവിളികളും ഉയര്‍ന്നിട്ടുണ്ട്. സാമാജികനെന്ന നിലയില്‍ മണ്ഡലത്തിനു പ്രിയങ്കരനാണെങ്കിലും ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ഇടതുമുന്നണിയോടുള്ള ഇഴയടുപ്പമാണ് ഇദ്ദേഹത്തിന്റെ നെഞ്ചിടിപ്പേറ്റുന്നത്.
പാര്‍ലമെന്റ്, തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുകളില്‍ ഇടുക്കിയില്‍ ശക്തമായ തിരിച്ചുവരവിന് ഇടതുമുന്നണിക്കു കഴിഞ്ഞിരുന്നു. അതിനു കാരണം ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിന്തുണയായിരുന്നു. മാത്രമല്ല, കേരളാ കോണ്‍ഗ്രസ്സിലെ പ്രശ്‌നങ്ങള്‍ തീരുന്നത് പിളര്‍പ്പോടെയാണെങ്കില്‍ അതു റോഷിയുടെ വിജയ പ്രതീക്ഷയ്ക്കു മങ്ങലേല്‍പിക്കും. ഇടതു മണ്ഡലങ്ങളായ ഉടുമ്പഞ്ചോലയില്‍ സിപിഎം സ്ഥാനാര്‍ഥിയില്‍ മാറ്റമുണ്ടാവും. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം എം മണി ഇവിടെ മല്‍സരിക്കുമെന്നു സൂചനയുണ്ട്.
യുഡിഎഫ് സ്ഥാനാര്‍ഥികളാവാന്‍ മുഖ്യമായും പറഞ്ഞു കേള്‍ക്കുന്നത് മൂന്നു പേരുകളാണ്. ഡിസിസി പ്രസിഡന്റ് റോയ് കെ പൗലോസ്, ജോസി സെബാസ്റ്റിയന്‍, ഡീന്‍ കുര്യാക്കോസ്. ദേവികുളത്ത് സിപിഎമ്മിലെ എസ് രാജേന്ദ്രന്റെ പേരാണ് ഇപ്പോഴും പരിഗണനയില്‍. ഇവിടെ എ കെ മണി, ഡി കുമാര്‍ തുടങ്ങിയ പേരുകളാണ് പരിഗണിക്കുന്നത്. ഇടതു സ്ഥാനാര്‍ഥിയാവാന്‍ സിപിഐയില്‍ ഒട്ടേറെപ്പേര്‍ അണിയറയിലുണ്ടെങ്കിലും ദേവികുളത്ത് ഇ എസ് ബിജിമോളല്ലാതെ മറ്റൊരു വഴിയും പാര്‍ട്ടി തേടുന്നില്ലെന്നാണ് അറിയുന്നത്. മുന്‍ തവണയെന്നപോലെ പട്ടയവും കാര്‍ഷിക പ്രശ്‌നങ്ങളും തന്നെയാണ് ഇടുക്കിയുടെ മുഖ്യ ചര്‍ച്ചാ വിഷയങ്ങള്‍. ഏലം ഉള്‍പ്പെടെയുള്ള വിളകളുടെ വിലയിടിവ്, പട്ടയങ്ങളിലെ ഉപാധികള്‍, കിട്ടാക്കനിയായ പട്ടയങ്ങള്‍, കസ്തൂരിരംഗന്‍ റിപോര്‍ട്ടിലെ പരിസ്ഥിതി ലോല മേഖല ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ എന്നിവ കീറാമുട്ടിയായി ഭരണപക്ഷത്തിനു മുന്നിലുണ്ട്. ഇവയെല്ലാം ഹൈറേഞ്ചിലെ ജനങ്ങള്‍ എങ്ങനെ കാണുന്നുവെന്നതിന്റെ വിധിയെഴുത്താവും ഇടുക്കിയില്‍ നടക്കുക.
Next Story

RELATED STORIES

Share it