മലയാളി വിദ്യാര്‍ഥിയുടെ ഡൊമൈന്‍ ഇനി ഫേസ്ബുക്ക് മേധാവിക്ക് സ്വന്തം

കൊച്ചി: കഴിഞ്ഞ ദിവസം തന്റെ ഇ-മെയില്‍ ഇന്‍ബോക്‌സിലെത്തിയ സന്ദേശം കണ്ട് അമലിന് ആദ്യം വിശ്വാസമായില്ലെങ്കിലും പിന്നീട് ആ ആശ്ചര്യം അതിരുകളില്ലാത്ത സന്തോഷത്തിലേക്ക് വഴി തുറക്കുകയായിരുന്നു. അമലിന്റെ ഉടമസ്ഥതയിലുള്ള ഇന്റര്‍നെറ്റ് ഡൊമൈന്‍ വാങ്ങാനുള്ള തന്റെ താല്‍പര്യം അറിയിച്ചുകൊണ്ട് ഫേസ്ബുക്ക് മേധാവി മാര്‍ക് സുക്കര്‍ബര്‍ഗ് തന്റെ ധനകാര്യ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന ഐകോണിക് ക്യാപിറ്റല്‍ എന്ന സ്ഥാപനത്തിന്റെ മാനേജര്‍ സാറാ ചാപ്പല്‍ മുഖേന അയച്ചതായിരുന്നു ആ സന്ദേശം. കഴിഞ്ഞ ഡിസംബറില്‍ അമല്‍ സ്വന്തമാക്കിയ മാക്‌സ്ചാന്‍ സുക്കര്‍ബര്‍ഗ്.ഓര്‍ഗ് എന്ന ഇന്റര്‍നെറ്റ് ഡൊമൈന്‍ ആണ് ഫേസ്ബുക്ക് മേധാവി ആ വശ്യപ്പെട്ടത്.
സൈബര്‍ സ്‌ക്വാട്ടിങ്ങ് എന്നറിയപ്പെടുന്ന ഈ രീതിക്ക് സമീപകാലത്തായി വര്‍ധിച്ച പ്രധാന്യമാണ് കൈവന്നിരിക്കുന്നത്. പ്രശസ്തരായ വ്യക്തികള്‍, സ്ഥാപനങ്ങള്‍, ബ്രാന്‍ഡുകള്‍ എന്നിവയുടെ ഇന്റര്‍നെറ്റ് വിലാസങ്ങള്‍ സ്വന്തമാക്കുകയാണ് ഇതിന്റെ ആദ്യപടി. പിന്നീട് ഇത് ആവശ്യക്കാര്‍ക്ക് വില്‍ക്കും. കഴിഞ്ഞ ഡിസംബറില്‍ തന്റെ കുഞ്ഞിന് മാക്‌സിമാ ചാന്‍ സുക്കര്‍ബര്‍ഗ് എന്ന പേരിട്ടുവെന്ന് ഫേസ്ബുക്ക് മേധാവി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് അമല്‍ മാക്‌സ്ചാന്‍ സുക്കര്‍ബര്‍ഗ് എന്ന ഇന്റര്‍നെറ്റ് ഡൊമൈന്‍ വാങ്ങുന്നത്.
തന്റെ മകളുടെ പേരിലുള്ള ഇന്റര്‍നെറ്റ് ഡൊമൈന്റെ ഉടമാവകാശം അമലിനാണ് എന്ന് മനസ്സിലാക്കിയ ഫേസ്ബുക്ക് മേധാവി അത് വാങ്ങുവാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയും ഗോ ഡാഡി എന്ന ഓണ്‍ലൈന്‍ വ്യാപാര വെബ്‌സൈറ്റു വഴി 700 ഡോളറിന് ഇടപാട് നടത്തുകയും ചെയ്തു. സംസ്ഥാനത്ത് നടന്നിട്ടുള്ളതില്‍വച്ച് ഏറ്റവും ശ്രദ്ധേയമായതും പ്രധാന്യമേറിയതുമായ സൈബര്‍ സ്‌ക്വാട്ടിങ്ങ് ആണ് അമല്‍-സുക്കര്‍ബര്‍ഗ് ഡീലെന്ന് സൈബര്‍ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അങ്കമാലി കിടങ്ങൂര്‍ സ്വദേശിയായ അമല്‍ അഗസ്റ്റിന്‍ എടത്തല കെഎംഇഎ എന്‍ജിനീയറിങ് കോളജില്‍ അവസാന വര്‍ഷ ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ഥിയാണ്. പല പ്രമുഖ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഇ ന്റര്‍നെറ്റ് ഡൊമൈനുകള്‍ അമല്‍ കരസ്ഥമാക്കിയിട്ടുണ്ട്.
പിതാവ് അഗസ്റ്റിന്‍ ചെറായി ബീച്ച് റിസോര്‍ട്ടില്‍ മാനേജരും, അമ്മ ട്രീസ അങ്കണവാടി ടീച്ചറും സഹോദരന്‍ അതുല്‍ ഒന്നാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിയുമാണ്.
Next Story

RELATED STORIES

Share it