palakkad local

മലബാറിലെ ഷാപ്പുകളില്‍ വില്‍ക്കുന്നത് വീര്യം കൂടിയ കള്ള്

സി കെ ശശി ചാത്തയില്‍

ആനക്കര: മലബാറിലെ കള്ള് ഷാപ്പുകളിലെ കള്ളില്‍ ലഹരി നുരയുന്നു. ഷാപ്പുകളില്‍ പുറത്തുനിന്നെത്തുന്ന കള്ളില്‍ സര്‍വത്ര മായമാണ്.
വീര്യം കൂട്ടാനായി കീടനാശിനികളും മറ്റ് ലഹരി പദാര്‍ഥങ്ങളും വ്യാപകമായി കള്ളില്‍ ചേര്‍ക്കുന്നുണ്ട്. തൃത്താല മേഖലയില്‍ ചെത്ത് കള്ള് ലഭ്യമല്ലാത്തതിനാല്‍ മറ്റിടങ്ങളില്‍ നിന്നുകൊണ്ടുവരുന്ന കള്ളുകളെയാണ് ആശ്രയിക്കുന്നത്. ഇൗ മേഖലയിലെ ഒന്നോ രണ്ടോ ഷാപ്പുകളില്‍മാത്രമാണ് അഞ്ച് മുതല്‍ ആറ് വരെ ലിറ്റര്‍ കള്ള് ഉള്ളത്. ബാക്കി കള്ളെല്ലാം വരുന്നത് ചിറ്റൂര്‍ മേഖലയില്‍ നിന്നാണ്. ഓരോ ഷാപ്പുകളിലും മുന്നൂറ് മുതല്‍ നാന്നൂറ് ലിറ്റര്‍വരെ കള്ള് വില്‍ക്കുന്നുണ്ട്.
ബാറുകളും ബീവറേജ് ഷോപ്പുകളും ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ ഇല്ലാത്തതിനാല്‍ മദ്യപര്‍ ഇപ്പോള്‍ ഷാപ്പുകളിലെ കള്ളിനെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ കൂടുതല്‍ മദ്യപാനികളെ ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് ഇപ്പോള്‍ ഷാപ്പുകളില്‍ വീര്യം കൂടിയ കള്ള് വില്‍ക്കാന്‍ കാരണമെന്നാണ് പറയപ്പെടുന്നത്. ഉറക്ക ഗുളിക, വിവിധ ഇനം പേസ്റ്റുകള്‍, പൊടികള്‍, സ്പിരിറ്റ്, കഞ്ചാവ് എന്നിവ ഇത്തരത്തിലെത്തുന്ന കള്ളില്‍ ചേര്‍ക്കുന്നതായിട്ടാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. ഈ മേഖലയിലുള്ള ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളും വിവിധ ഷാപ്പുകളിലെ നിത്യ സന്ദര്‍ശകരാണ്. ഇവരാണ് കൂടുതലായും വീര്യം കൂടിയ കള്ളുകള്‍ കുടിക്കുന്നത്.
ഒന്നുമുതല്‍ രണ്ട് വരെ ലിറ്റര്‍ കള്ള് കുടിച്ചാല്‍ വീര്യം കൂടി ആള് കുഴഞ്ഞുവീഴുന്നതായും പറയുന്നു. സാധാരണ കൂലി തൊഴിലാളികള്‍ മുതല്‍ ഇതര സംസ്ഥാന തൊഴിലാളികള്‍വരെ ഇത്തരം ഷാപ്പുകളെയാണ് ആശ്രയിക്കുന്നതെങ്കിലും കള്ളിലെ മായം തിരിച്ചറിയാനോ അവക്കെതിരേ നടപടി സ്വീകരിക്കാനോ എക്‌സൈസ് വകുപ്പും രംഗത്തുവരുന്നില്ലെന്നത് ഗൗരവകരമാണ്.
Next Story

RELATED STORIES

Share it