മരുന്നു കുറിപ്പടികള്‍ പരിശോധിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: വലിയ അക്ഷരത്തില്‍ മരുന്നുകളുടെ രാസനാമങ്ങള്‍ കുറിപ്പടിയില്‍ വ്യക്തമായി എഴുതണമെന്നത് ഉള്‍പ്പെടെ മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ ഡോക്ടര്‍മാര്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികള്‍ രണ്ട് മാസത്തിനകം അറിയിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.
ഡോക്ടര്‍മാര്‍ അവ്യക്തമായി മരുന്ന് കുറിപ്പടികള്‍ തയ്യാറാക്കുന്നതിനെതിരേ കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്. ഐഎംഎ, ആരോഗ്യ വകുപ്പ്, ആരോഗ്യ വിദഗ്ധര്‍, മാധ്യമ പ്രവര്‍ത്തകര്‍, സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്ന് കമ്മീഷന്‍ ഇതു സംബന്ധിച്ച് അഭിപ്രായങ്ങള്‍ സ്വീകരിച്ചിരുന്നു. ഡോക്ടര്‍മാര്‍ മരുന്നു കുറിപ്പടികള്‍ തയ്യാറാക്കുന്നത് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍, ലോകാരോഗ്യ സംഘടന, ഡ്രഗ്‌സ് കണ്‍ട്രോളര്‍ എന്നിവരുടെ മാര്‍ഗനിര്‍ദേശ പ്രകാരമല്ലെന്ന് ആരോഗ്യ സെക്രട്ടറി ഡോ. ഇളങ്കോവന്‍ കണ്ടെത്തിയിരുന്നു. മരുന്നുകളുടെ രാസനാമങ്ങള്‍ വലിയ അക്ഷരത്തില്‍ വ്യക്തമായി കഴിയുന്നിടത്തോളം എഴുതണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. മരുന്നു വിതരണം സുഗമമായി നടത്തുമെന്നുറപ്പാക്കാന്‍ ആശുപത്രി സൂപ്രണ്ടുമാര്‍ രണ്ട് മാസത്തിലൊരിക്കല്‍ ഗ്രിവന്‍സ് ആന്റ് മോണിറ്ററിങ് സെല്‍ സംഘടിപ്പിച്ച് വിലയിരുത്തല്‍ യോഗം വിളിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.
എല്ലാ പ്രധാന ആശുപത്രികളിലും മാസത്തിലൊരിക്കല്‍ ഗ്രിവന്‍സ് & മോണിറ്ററിങ് സെല്‍ യോഗം ചേരുന്നുണ്ടോ എന്ന് ആരോഗ്യ ഡയറക്ടര്‍ അറിയിക്കണമെന്നും കമ്മീഷന്‍ ഉത്തരവില്‍ ആവശ്യപ്പെട്ടു. മരുന്ന് കുറിപ്പടി ശരിയായ വിധത്തിലാണ് ഡോക്ടര്‍മാര്‍ തയ്യാറാക്കുന്നതെന്ന് ഐഎംഎ അറിയിച്ചു. എന്നാല്‍ മരുന്നു കടകളിലെ ഫാര്‍മസിസ്റ്റുകളുടെ വിദ്യാഭ്യാസ യോഗ്യത പരിശോധിക്കണം. ഫാര്‍മസിസ്റ്റിന്റെ പേര് പ്രദര്‍ശിപ്പിച്ച ശേഷം അയോഗ്യര്‍ മരുന്നുവില്‍ക്കുന്നത് ഒഴിവാക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. ഒരേ മരുന്ന് പല ബ്രാന്റില്‍ ഉല്‍പാദിപ്പിച്ച് വില വ്യത്യാസത്തില്‍ വില്‍ക്കാനുള്ള കാരണം സര്‍ക്കാര്‍ നയങ്ങളാണെന്നും ഐഎംഎ കുറ്റപ്പെടുത്തി. കുറിപ്പടി വലിയ അക്ഷരത്തില്‍ എഴുതാന്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കാമെന്നും ഐഎംഎ അറിയിച്ചു.
പേര്, പ്രായം, ലിംഗവ്യത്യാസം എന്നിവ പോലും രേഖപ്പെടുത്താതെ കുറിപ്പടി തയ്യാറാക്കുന്ന ഡോക്ടര്‍മാരുണ്ടെന്ന് കണ്ണൂര്‍ ജില്ലാ പ്രൈവറ്റ് മെഡിക്കല്‍ ഷോപ്പ് എംപ്ലോയീസ് യൂനിയന്‍ കമ്മീഷനെ അറിയിച്ചു. ആരോഗ്യ മേഖലയില്‍ പാവങ്ങളെ ചൂഷണം ചെയ്യാനുള്ള പ്രവണത ആശങ്കാജനകമാണെന്ന് കെ മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു. ആരോഗ്യ സെക്രട്ടറിയും ഡയറക്ടറും രണ്ടു മാസത്തിനകം നടപടി റിപോര്‍ട്ട് ഫയല്‍ ചെയ്യണം.
Next Story

RELATED STORIES

Share it