wayanad local

മനുഷ്യക്കടത്ത്: ആറു മൈഗ്രേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തനം തുടങ്ങി

കല്‍പ്പറ്റ: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ആന്റി ഹ്യൂമന്‍ ട്രാഫിക്കി ങ് (എഎച്ച്ടി) പദ്ധതിയുടെ ഭാഗമായി മനുഷ്യക്കടത്തിനെതിരെ ജനകീയ ബോധവത്കരണം സംഘടിപ്പിക്കുന്നു. 26 സിഡിഎസുകളിലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മനുഷ്യക്കടത്തിനിരയായവര്‍ക്കും പരാതി പറയാനും എഴുതി സമര്‍പ്പിക്കാനുമായി ജെന്റര്‍ കോര്‍ണര്‍ സ്ഥാപിച്ചു.
മാനന്തവാടി ബ്ലോക്കിലെ ആറു സിഡിഎസ് കേന്ദ്രങ്ങളില്‍ മൈഗ്രേഷന്‍ സെന്ററും 20 സിഡിഎസുകളില്‍ മൈഗ്രേഷന്‍ കോര്‍ണറുകളുമാണ് സ്ഥാപിച്ചത്. പരാതികളെഴുതാനായി രജിസ്റ്റര്‍, സ്‌നേഹിത - എഎച്ച്ടി വിശദ വിവരങ്ങളടങ്ങിയ ബോര്‍ഡുകള്‍, പരാതികള്‍ നിക്ഷേപിക്കാനായി ജെന്റര്‍ കോര്‍ണര്‍ പരാതിപെട്ടി, അടിയന്തര ഘട്ടങ്ങളില്‍ ബന്ധപ്പെടാനായി അധികാരികളുടെ ഫോണ്‍ നമ്പര്‍ എന്നിവ ജില്ലയിലെ മുഴുവന്‍ സിഡിഎസുകളിലും സ്ഥാപിച്ചിട്ടുണ്ട്.
എഎച്ച്ടി പദ്ധതി നടപ്പാക്കുന്ന മാനന്തവാടി ബ്ലോക്കിലെ 6 സിഡുഎസുകളിലും എഎച്ച്ടി റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കാണ് മൈഗ്രേഷന്‍ സെന്ററിന്റെ ചുമതല. 26 സിഡിഎസിലും ചെയര്‍പേഴ്‌സണ്‍മാരുടെ നേതൃത്വത്തിലാണ് പദ്ധതി മേല്‍നോട്ടം വഹിക്കുന്നത്. ജെന്റര്‍ ആര്‍പിമാര്‍, കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ സ്‌നേഹിത ജീവനക്കാര്‍ എന്നിവരുടെ സഹായവും പദ്ധതിക്ക് ഉറപ്പാക്കിയിട്ടുണ്ട്.
മറ്റു ജില്ലകളിലേക്കോ സംസ്ഥാനങ്ങളിലേക്കോ ജോലിക്ക് പോവുന്നവരുടെ നിജസ്ഥിതി രേഖപ്പെടുത്തുന്നതാണ്. മനുഷ്യക്കടത്തിന് ഇരയാവുന്നവരുടെ മക്കള്‍ക്കും, കുടുംബത്തിനും സാമൂഹികാധിഷ്ടിത പിന്തുണ മൈഗ്രേഷന്‍ സെന്ററിലൂടെ ഉറപ്പാക്കും. മനുഷ്യക്കടത്തിന് ഇരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും താല്‍കാലിക സംരംക്ഷണം ഒരുക്കുന്നതിന്റെ ഭാഗമായി സ്‌നേഹിത ജെന്റര്‍ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നുണ്ട്. നിയമ സഹായം ഉറപ്പാക്കുക, കൗണ്‍സിലിങ്, താത്കാലിക അഭയം നല്‍കല്‍, അതിജീവനത്തിനും ഉപജീവനത്തിനും സഹായിക്കല്‍, മാനസിക പിന്തുണ നല്‍കല്‍, തുടര്‍ സേവനങ്ങള്‍ നല്‍കല്‍, സ്ത്രീ സുരക്ഷ - ലിംഗ സമത്വം - ഭരണഘടനാപരമായ അവകാശങ്ങള്‍, കടമകള്‍ എന്നിവയെ കുറിച്ച് അവബോധം സൃഷ്ടിക്കല്‍ തുടങ്ങിയ സഹായങ്ങള്‍ സ്‌നേഹിത ഉറപ്പാക്കും. 24 മണിക്കൂറും സേവന സന്നദ്ധരായ സേവനദാതാവ്, കൗണ്‍സിലര്‍മാര്‍, തുടങ്ങിയവരുടെ സേവനം സ്‌നേഹിതയിലുണ്ടാവും.
Next Story

RELATED STORIES

Share it