മദ്യവില്‍പന 25 ശതമാനം കുറഞ്ഞു; ബിയര്‍, വൈന്‍ വില്‍പനയില്‍ വര്‍ധന

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം നിലവില്‍ വന്നതിനുശേഷമുള്ള 21 മാസങ്ങളില്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വില്‍പന 25 ശതമാനം കുറഞ്ഞതായി കണക്കുകള്‍. എന്നാല്‍ ബിയറിന്റെയും വൈനിന്റെയും ഉപയോഗം വര്‍ധിച്ചു. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ ഉപഭോഗം ഈ കാലയളവില്‍ തൊട്ടുമുമ്പുള്ള 21 മാസങ്ങളെ അപേക്ഷിച്ച് 5.4 കോടി ലിറ്റര്‍ കുറഞ്ഞുവെന്ന് സുബോധം ഐകോണ്‍ 2016 സമ്മേളനത്തില്‍ അവതരിപ്പിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.
മൊത്തത്തിലുള്ള മദ്യ ഉപഭോഗം 24.87 ശതമാനമാണ് കുറഞ്ഞത്. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ ഉപഭോഗം 24.92 ശതമാനം കുറഞ്ഞപ്പോള്‍ ബിയറിന്റെ ഉപഭോഗം 63.65 ശതമാനവും വൈനിന്റെ ഉപഭോഗം 260.02 ശതമാനവും വര്‍ധിച്ചു. പുതിയ മദ്യനയത്തിന്റെ ഭാഗമായി ബാറുകള്‍ പൂട്ടുകയും അവ ബിയര്‍ വൈന്‍ പാര്‍ലറുകളാക്കി മാറ്റുകയും ചെയ്തിരുന്നു.
കേരളത്തില്‍ സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനയം മറ്റുസംസ്ഥാനങ്ങളും പിന്തുടരണമെന്ന് സുബോധം ഐകോണ്‍ 2016 സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത ഗവര്‍ണര്‍ പി സദാശിവം പറഞ്ഞു.
സാമൂഹിക സാമ്പത്തികമൂല്യം കണക്കിലെടുക്കുകയാണെങ്കില്‍ 2014-15ല്‍ സംസ്ഥാനത്തിനുണ്ടായ മൊത്തം നഷ്ടം 15,800 കോടി വരുമെന്ന് സുബോധം ഡയറക്ടര്‍ ഡോ. കെ അമ്പാടി ചൂണ്ടിക്കാട്ടി. ഇതില്‍ 59 ശതമാനവും കുറ്റകൃത്യങ്ങളുടെ പേരിലാണ്. റോഡപകടങ്ങള്‍ മൂലമുണ്ടാവുന്ന നഷ്ടം 40 ശതമാനം വരും. ഇതിനുപുറമെയാണ് മദ്യപാനികളുടെ കുടുംബങ്ങള്‍ക്കുണ്ടാവുന്ന ദുരിതം, കുടുംബാംഗങ്ങള്‍ നേരിടുന്ന ശാരീരികോപദ്രവം, കുടുംബ പ്രശ്‌നങ്ങള്‍, വിവാഹ മോചനം, അതുമൂലം കുട്ടികള്‍ക്കുണ്ടാവുന്ന മാനസികാഘാതം തുടങ്ങിയ പരോക്ഷ പ്രശ്‌നങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ബിവറേജസ് കോര്‍പറേഷന്‍ നല്‍കുന്ന കണക്കുകള്‍ക്കപ്പുറമുള്ള മദ്യ ഉപഭോഗം കേരളത്തിലുണ്ടെന്ന് സുബോധം ഉപദേഷ്ടാവ് ജോസ് ഇടയാറന്മുള പറഞ്ഞു. കഴിഞ്ഞ സെന്‍സസ് അനുസരിച്ച് കേരളത്തില്‍ 32.9 ലക്ഷം പേര്‍ മദ്യപാനികളാണ്. ഇതില്‍ 29.8 ലക്ഷം പുരുഷന്മാരും 3.1 ലക്ഷം സ്ത്രീകളുമുണ്ടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it