Alappuzha local

മതസൗഹാര്‍ദത്തിന് മാതൃക; പൊന്നാട് മുസ്‌ലിംപള്ളിയില്‍ എസ്എന്‍ഡിപിയുടെ നോമ്പുതുറ

മണ്ണഞ്ചേരി: മതവിദ്വേഷത്തിന്റെ മതില്‍ക്കെട്ടുകള്‍ തകര്‍ത്ത് സൗഹാര്‍ദത്തിന്റെ സന്ദേശം ഉയര്‍ത്തി എസ്എന്‍ഡിപി ഭാരവാഹികള്‍ മുസ്‌ലിം വ്രതാനുഷ്ടാനികളെ നോമ്പു തുറപ്പിക്കാന്‍ പൊന്നാട് പള്ളിയിലെത്തി.
600-ാം നമ്പര്‍ എസ്എന്‍ഡിപി ശാഖാ യോഗത്തിന്റെ നേതൃത്വത്തിലാണ് വ്രതാനുഷ്ടാനികളെ പായസം നല്‍കി നോമ്പ് തുറപ്പിച്ചത്. മഗ്‌രിബ് നമസ്‌കാരത്തിന് വളരെ നേരത്തേതന്നെ ശാഖാ യോഗം പ്രസിഡന്റ് പി വി മുരളി, കാവുങ്കല്‍ ദേവസ്വം പ്രസിഡന്റ് സി പി രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ പള്ളിയിലെത്തി പായസ വിതരണത്തിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.
പള്ളി അങ്കണത്തില്‍ തന്നെയാണ് പായസം തയ്യാറാക്കിയത്. ഇമാം മുഹമ്മദ് ഹനീഫാ ബാഖവിക്ക് പായസം നല്‍കി നോമ്പു തുറപ്പിച്ചാണ് ശാഖാ യോഗം പ്രസിഡന്റ് പി വി മുരളി ഉദ്ഘാടനം നിര്‍വഹിച്ചത്.
മതസൗഹാര്‍ദത്തിന് പെരുമ നേടിയ പൊന്നാട് നിവാസികള്‍ക്ക് ഇത് പുതുമയുള്ള കാഴ്ചയല്ല. ഹിന്ദുസഹോദരനായ മോഹനദാസ് പണിക്കര്‍ വര്‍ഷങ്ങളായി പൊന്നാട് പള്ളിയില്‍ നോമ്പുതുറ നടത്തിവരുന്നുണ്ട്. പള്ളിയിലെ ഒരു ദിവസത്തെ നോമ്പുതുറയില്‍ എസ്എന്‍ഡിപി യോഗം ഭാഗവക്കാവുകയായിരുന്നു.
പായസ വിതരണത്തിനെത്തിയ എസ്എന്‍ഡിപി ഭാരവാഹികളെ മഹല്ല് ഭാരവാഹികളായ പ്രസിഡന്റ് സി സി നിസാര്‍, വൈസ് പ്രസിഡന്റ് മാഹീന്‍കുട്ടി, ജനറല്‍ സെക്രട്ടറി എന്‍ കെ സെയ്തുമുഹമ്മദ് കമ്മിറ്റി അംഗങ്ങളായ റഫീഖ് നെല്ലിക്കല്‍, അബു വാഴയില്‍, ഷറഫ് നടുവത്തേഴത്ത്, ഷാഹുല്‍ഹമീദ് തൊണ്ടിശ്ശേരി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ശാഖാ കമ്മറ്റി അംഗങ്ങളായ പി കെ ഭാസുരന്‍, വി ഡി രാജപ്പന്‍, വി പി ചിദംബരന്‍, പി പി ജിലാമോന്‍, മനേഷ്, ചക്രപാണി, പി എം ബാബു, പി എസ് കൈലാസന്‍, അപ്പുക്കുട്ടന്‍ എന്നിവര്‍ പായസവിതരണത്തിന് നേതൃത്വം നല്‍കി. മഹല്ല് നിവാസികളായ അഞ്ഞൂറോളം വ്രതാനുഷ്ടാനികള്‍ നോമ്പു തുറയില്‍ പങ്കാളികളായി.
Next Story

RELATED STORIES

Share it