malappuram local

മണ്ണു മാഫിയാ സംഘം നാട്ടുകാരെ ആക്രമിച്ചെന്ന്

കുറ്റിപ്പുറം: ഊരോത്ത് പളളിയാല്‍ ചെമ്പിക്കല്‍ റൂട്ടില്‍ സ്‌കൂള്‍,മദ്രസ സമയത്ത് അനധികൃതമായി മണ്ണ് കടത്തിയ സംഘങ്ങളെ തടഞ്ഞു വെച്ച നാട്ടുകാരെ മര്‍ദ്ദിച്ചതായി പരാതി. മര്‍ദ്ദനമേറ്റ മുഹമ്മദ് ഫാരിസ്, പി കെ സലീം എന്നിവരെ കുറ്റിപ്പുറം ഗവണ്‍മെന്റ് താലൂക്ക് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. കാലങ്ങളായി ഈ പ്രദേശത്തു കൂടി നിയന്ത്രണമില്ലാതെ് മണ്ണ് ലോറികള്‍ കടന്നു പോകുന്നത്. ഇതിനെതിരെ നാട്ടുകാര്‍ പോലീസിലും തൊട്ടടുത്തുള്ള വില്ലേജ് ഓഫീസിലും,റവന്യൂ വകുപ്പിനും പരാതി നല്‍കിയിട്ടും യാതൊരു നടപടിയും കൈക്കൊള്ളാതെ വന്നപ്പോഴാണ് നാട്ടുകാര്‍ സംഘടിച്ച് ജനകീയ സമരസമിതി രൂപീകരിക്കുകയും സ്‌കൂള്‍,മദ്രസ സമയങ്ങളില്‍ മണ്ണ്,കല്ല് മുതലായ വണ്ടികളെ പൂര്‍ണ്ണമായി നിയന്ത്രിക്കാന്‍ തീരുമാനമെടുത്തത്.ഇതു പ്രകാരം മണ്ണ് ഏജന്റുമാര്‍ക്ക് വിവരം കൊടുത്തിരുന്നു. ഈ നിര്‍ദ്ദേശങ്ങളെ വെല്ലു വിളിച്ചുകൊണ്ടാണിവര്‍ മണ്ണ് ലോറികളുമായി റോട്ടിലിറങ്ങിയത്. ഇതിനെ തടഞ്ഞതിനാണ് നാട്ടുകാരെ അക്രമിച്ച് പരിക്കേല്‍പ്പിച്ചത്. മണ്ണുമായി കടന്ന പോകുന്ന ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചില്‍ കാരണം വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് രക്ഷിതാക്കള്‍ കുട്ടികളുടെ കൂടെ പോകേണ്ട അവസ്ഥയാണ്. ജനങ്ങള്‍ക്ക് സ്വസ്ഥമായ ജീവിതാന്തരീക്ഷം ഉറപ്പുവരുത്തേണ്ട അധികാരികള്‍ ഇനിയും കണ്ണടക്കുകയാണെങ്കില്‍ വില്ലേജ് ഓഫീസ് ഉപരോധമടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ടു പോകാനാണ് നാട്ടുകാര്‍ തീരുമാനം.
Next Story

RELATED STORIES

Share it