kannur local

മണല്‍ക്കടത്ത് വാഹനം മറിഞ്ഞു; പോലിസ് സംഘം രക്ഷപ്പെട്ടു

പരിയാരം: പോലിസ് പിന്തുടര്‍ന്നതിനെ തുടര്‍ന്ന് കുന്നിന്‍മുകളില്‍ ഉപേക്ഷിച്ച മണല്‍ക്കടത്ത് വാഹനം തലകീഴായി മറിഞ്ഞു. പിന്നാലെയെത്തിയ പോലിസ് സംഘം അപകടത്തില്‍പ്പെടാതെ രക്ഷപ്പെട്ടു.
ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. പൊയില്‍ കുറ്റ്യേരിക്കടവ് ഭാഗത്തുനിന്ന് മണല്‍ കയറ്റി വരികയായിരുന്നു മിനിലോറി പരിയാരം എസ്‌ഐ കെ എന്‍ മനോജിന്റെ നേതൃത്വത്തില്‍ നൈറ്റ് പട്രോളിങ് സംഘത്തെ കണ്ടതോടെ വാഹനം അമ്മാനപ്പാറ റോഡിലേക്ക് അമിത വേഗതയില്‍ ഓടിച്ചുകയറ്റുകയായിരുന്നു.
മിനിലോറി തേറണ്ടി കുളങ്ങടോ റോഡിലെ കുന്നിന്‍ മുകളിലേക്കെത്തിയപ്പോള്‍ ഡ്രൈവറും സഹായിയും പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. ഇതോടെ പിറകോട്ടേക്കു വന്ന മിനി ലോറി മറിഞ്ഞു. ഈ സമയം, പോലിസ് സംഘം പിന്നിലുണ്ടായിരുന്നു. എന്നാല്‍, അപകട സാധ്യത മുന്‍കൂട്ടി കണ്ട് പോലിസ് വാഹനം റോഡിന്റെ സൈഡ് ചേര്‍ന്നാണ് സഞ്ചരിച്ചിരുന്നത്. ഇതുകാരണമാണ് പിറകോട്ട് വന്ന മിനിലോറി പോലിസ് വാഹനത്തിനിടിക്കാതെ മറിഞ്ഞത്.
കെഎല്‍10സി636 മിനിലോറിയാണ് അപകടത്തില്‍പ്പെട്ടത്. എന്നാല്‍ നമ്പര്‍ വ്യാജമാണെന്നാണ് പോലിസിന്റെ സംശയം. പട്രോളിങ് വാഹനത്തില്‍ സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ ജയ്‌മോന്‍ ജോര്‍ജും ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it