ernakulam local

മട്ടാഞ്ചേരിയില്‍ പുതിയ കോടതി കെട്ടിടത്തിന് അനുമതി

മട്ടാഞ്ചേരി: പഴയ കോടതി സ്ഥിതി ചെയ്തിരുന്ന മട്ടാഞ്ചേരിയിലെ സ്ഥലത്ത് പുതിയ കെട്ടിട നിര്‍മാണത്തിന് അനുമതിയായി. പഴയ കെട്ടിടത്തിന്റെ നിലവിലുള്ള ഭാഗങ്ങള്‍ ബലപ്പെടുത്തി പൈതൃക തനിമ ഒട്ടും ചോരാതെയാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്.
ഡൊമിനിക് പ്രസന്റേഷന്‍ എംഎല്‍എയുടെ ഫണ്ടില്‍ നിന്ന് അഞ്ച് കോടി എഴുപത് ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മിക്കുന്ന കെട്ടിടത്തില്‍ രണ്ട് കോടതികള്‍ക്ക് പ്രവര്‍ത്തിക്കാനാവും. രണ്ട് കോടതി മുറികള്‍, രണ്ട് ജഡ്ജിമാര്‍ക്കുള്ള ചേമ്പര്‍, രണ്ട് ഓഫിസ് റൂം എന്നിവയാണ് 12000 സ്‌ക്വയര്‍ ഫീറ്റ് വരുന്ന കെട്ടിടത്തിലുണ്ടാവുക. കേന്ദ്ര സംസ്ഥാന പുരാവസ്തു വകുപ്പുകളുടെ അനുമതിയും കെട്ടിട നിര്‍മാണത്തിനായി ലഭിച്ചിട്ടുണ്ട്. നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇവിടെ നില്‍ക്കുന്ന മഴ മരങ്ങള്‍, പന എന്നിവ വെട്ടി നീക്കും. മണിമരം, പാല തുടങ്ങിയവ നില നിര്‍ത്തും. ഇതിനായി വനം വകുപ്പിന്റെ അനുമതിയും ലഭിച്ച് കഴിഞ്ഞു. മരങ്ങള്‍ വെട്ടി മാറ്റുന്ന ജോലി അടുത്ത ദിവസം തന്നെ ആരംഭിക്കും.
ഇതിന്റെ ഭാഗമായി ഡൊമിനിക് പ്രസന്റേഷന്‍ എംഎല്‍എയും സംഘവും സ്ഥലം സന്ദര്‍ശിച്ചു. കൊച്ചി കോടതിയിലെ ന്യായാധിപരും സ്ഥലത്തെത്തി പരിശോധിച്ചു.
മട്ടാഞ്ചേരിയുടെ പഴയ പ്രതാപം വീണ്ടെടുക്കുന്നതിന് കോടതി കെട്ടിടം വരുന്നത് സഹായകമാവുമെന്ന് എംഎല്‍എ പറഞ്ഞു. സ്ഥല പരിമിതി മൂലം പ്രയാസപ്പെടുന്ന നിലവിലെ തോപ്പുംപടിയിലെ കോടതിക്ക് ഇതോടെ ആശ്വാസം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷം കൊണ്ട് നിര്‍മിക്കുവാനുദ്ദേശിക്കുന്ന കോടതിയുടെ ശിലാസ്ഥാപന കര്‍മ്മം വരുന്ന 27ന് ചീഫ് ജസ്റ്റിസ് നിര്‍വഹിക്കും. ഡൊമിനിക് പ്രസന്റേഷന്‍ എംഎല്‍ക്ക് പുറമേ കൗണ്‍സിലര്‍ ടി കെ അഷറഫ്, കൊച്ചി ബാര്‍ അസോസിയേഷന്‍ ഭാരവാഹികളായ മോന്‍സി ജേക്കബ്, പ്രമോദ് പ്രഭാകര്‍, അഡ്വ.തോമസ് മൈക്കിള്‍, ഗവണ്‍മെന്റ് പ്ലീഡര്‍ ബി ജെ യേശുദാസ്, പൊതുമാരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ ടി ബിന്ദു, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സിനി മാത്യൂ, അസിസ്റ്റന്റ് എന്‍ജിനീയര്‍ അന്നമേരി, ഓവര്‍സിയര്‍ പീറ്റര്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി എച്ച് നാസര്‍, പി എം അസ്ലം തുടങ്ങിയവരും ഉണ്ടായിരുന്നു. കോടതി സമുച്ചയം വരുന്നതോടെ പ്രതാപം നഷ്ടപ്പെട്ട മട്ടാഞ്ചേരിക്ക് പുത്തന്‍ ഉണര്‍വാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Next Story

RELATED STORIES

Share it