wayanad local

ഭൂമിയുടെ താരിഫ് നിര്‍ണയം ഇനിയും നടപ്പായില്ല

പുല്‍പ്പള്ളി: മേഖലയില്‍ ഭൂമിയുടെ താരിഫ് വില നിര്‍ണയം ഇനിയും നടപ്പാകാത്തത് അണ്ടര്‍ വാലുവേഷന്‍ നടപടികള്‍ വര്‍ധിക്കുവാന്‍ കാരണമായി. സ്ഥലത്തിന് താരിഫ് വില നിര്‍ണയിക്കാത്തതിനാല്‍, പറയുന്ന തുക കാണിച്ച്, പ്രമാണങ്ങള്‍ രജിസ്റ്റര്‍ ചെയ്താലും, രജിസ്‌ട്രേഷന്‍ ഫീസായി വീണ്ടും പതിനായിരങ്ങള്‍ അടക്കേണ്ട അവസ്ഥയിലാണ് മേഖലയിലെ കര്‍ഷകരും ഭൂമി വാങ്ങുന്നവരും.
ഓരോ പ്രദേശത്തും കാലാനുസൃതമായി ഭൂമിക്ക് വില നിശ്ചയിച്ച്, ആ വിലക്കനുസരിച്ച് പ്രമാണങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് രജിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ വ്യവസ്ഥ. അതിനുവേണ്ടി ഓരോ സമയത്തും പ്രാദേശികമായി ഭൂമിയുടെ വില നിര്‍ണയ സമിതികളും രൂപീകരിക്കണമെന്നും വ്യവസ്ഥയുണ്ട്. പ്രദേശത്തെ ജനപ്രതിനിധി സബ് രജിസ്റ്റാര്‍, വില്ലേജ് ഓഫിസര്‍, എന്നിവരും നാട്ടുകാരുമടങ്ങുന്നതാണ്, സമിതി. ഓരോ പ്രദേശത്തിന്റേയും പ്രാധാന്യവും മൂല്യവുംമനുസരിച്ചാണ് സമിതി ഭൂമിക്ക് വില നിശ്ചയിക്കേണ്ടത്. ഹൈവേ, ടൗണ്‍, ബസ്‌റൂട്ട്, മറ്റ് സൗകര്യങ്ങള്‍ എന്നിവയൊക്കെ പരിഗണിച്ചാണ്, സ്ഥലത്തിന് വില നിശ്ചയിക്കേണ്ടത്.
എന്നാല്‍ കുടിയേറ്റ മേഖലയിലെ ഒരു വില്ലേജില്‍പോലും ഇതുവരെ താരിഫ് വില നിര്‍ണയം നടത്തിയിട്ടില്ലെന്ന് മാത്രമല്ല വില നിര്‍ണയ സമിതികള്‍ പോലും രൂപീകരിച്ചിട്ടില്ല.അതിനാല്‍, കാലാകാലങ്ങളില്‍ രജിസ്റ്റര്‍ ഓഫിസില്‍ നിന്നും നിര്‍ദേശിക്കുന്ന വില അനുസരിച്ചാണ് പ്രമാണങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ഒമ്പത് വര്‍ഷം മുമ്പ് രജിസ്‌ട്രേഷന്‍ വകുപ്പ് അധികൃതര്‍ തന്നെ, ഓരോ പ്രദേശത്തിനും ഭൂമിക്ക് ഒരു വില നിശ്ചയിച്ചിരുന്നു. ആ വിലക്കനുസരിച്ച് ഭൂമിയുടെ വില കാണിച്ച് പ്രമാണങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനായിരുന്നു നിര്‍ദേശം. എന്നാല്‍ ആ വില നിര്‍ണയത്തിനെതിരെ വന്‍തോതില്‍, പല വില്ലേജുകളിലും നിന്ന് പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ അപ്പോഴത്തെ വില നിര്‍ണയം താല്‍ക്കാലികം മാത്രമാണെന്നും ഉടന്‍തന്നെ ഭൂമിയുടെ താരിഫ് വില നിര്‍ണയം നടക്കുമെന്നും, അപ്പോള്‍ അക്കാലത്ത് തീരുമാനിച്ച വില നിര്‍ണയം മാറ്റുമെന്നായിരുന്നു, അധികൃതരുടെ നിലപാട്.
എന്നാല്‍ ഇന്നുവരെ താരിഫ് വില നിര്‍ണയം നടപ്പായില്ലെന്ന് മാത്രമല്ല, അന്ന് വളരെ അശാസ്ത്രീയമായി തയ്യാറാക്കിയ വിലതന്നെ ഇപ്പോഴും തുടരുകയുമാണ്. ഓരോ ആറ്മാസമോ, ഒരു വര്‍ഷമോ കൂടുമ്പോല്‍ അന്നത്തെ വില നിശ്ചിത ശതമാനം വില ഉയര്‍ത്തി, ആ വില അടിസ്ഥാന വിലയായി നിശ്ചയിക്കുവാന്‍ സബി രജിസ്റ്റര്‍ ഓഫിസ് അധികൃതര്‍ക്കും ആധാരമെഴുത്തുകാര്‍ക്കും നിര്‍ദേശം ലഭിക്കും. നിര്‍ദ്ദേശം ലഭിക്കുന്നതോടെ, അധികൃതര്‍ പഴയ വില വീണ്ടും നിശ്ചിത ശതമാനം വര്‍ധിപ്പിക്കും.
അടിസ്ഥാന വില നിര്‍ണയത്തില്‍ തന്നെ ആരോപണം നിലനില്‍ക്കുന്നുണ്ടായിരുന്നുവെന്ന കാരണത്താല്‍, അധികൃതര്‍ നിശ്ചയിച്ച വിലയാണെങ്കില്‍ കൂടിയും ഓരോ വര്‍ഷവും സ്ഥലം ക്രയവിക്രയം ചെയ്തവര്‍ക്ക് ജില്ലാ ഓഫിസില്‍നിന്നും അണ്ടര്‍ വാലുവേഷന്‍ നടപടികളും വന്നുകൊണ്ടിരിക്കുകയാണ്. ഭൂമിയുടെ പ്രമാണം രജിസ്റ്റര്‍ ചെയ്തപ്പോള്‍, ആധാരത്തില്‍ വില കുറച്ചാണ് കാണിച്ചതെന്ന് ആരോപിച്ച്, രജിസ്‌ട്രേഷന്‍ ഫീസിനത്തില്‍, പതിനായിരങ്ങള്‍ വീണ്ടും അടക്കണമെന്നുകാണിച്ചാണ്, പലര്‍ക്കും അണ്ടര്‍ വാലുവേഷന്‍ നോട്ടീസ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ആ തുക അടച്ചില്ലെങ്കില്‍ നിയമനടപടിക്ക് വിധേയമാകേണ്ടി വരുമെന്നും ജപ്തി നടപടികള്‍ നടത്തുമെന്നുമാണ്, നോട്ടീസിലൂടെ അധികൃതര്‍ അറിയിക്കുന്നത്. ഭൂമി രജിസ്റ്റര്‍ ചെയ്ത സമയത്ത് അധികൃതര്‍ ആവശ്യപ്പെട്ട വിലക്ക് രജിസ്റ്റര്‍ ചെയ്ത്, അതിനനുസരിച്ച് ഫീസ് അടക്കുകയും മറ്റും ചെയ്ത കര്‍ഷകരോടും കച്ചവടക്കാരോടുമാണ്, വീണ്ടും വന്‍ തുക അധികൃതര്‍ ആവശ്യപ്പെടുന്നത്.
Next Story

RELATED STORIES

Share it