ഭഗത്‌സിങ്: വിവാദ ഗ്രന്ഥത്തിന്റെ ഹിന്ദി പരിഭാഷയുടെ വില്‍പന നിര്‍ത്തി

ന്യൂഡല്‍ഹി: ഭഗത്‌സിങിനെ വിപ്ലവകാരിയായ ഭീകരവാദിയെന്ന് വിശേഷിപ്പിച്ച ചരിത്രഗ്രന്ഥത്തിന്റെ ഹിന്ദി പരിഭാഷയുടെ വില്‍പനയും വിതരണവും ഡല്‍ഹി സര്‍വകലാശാല നിര്‍ത്തി. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഇന്ത്യയുടെ പോരാട്ടം എന്ന പുസ്തകത്തിന്റെ വില്‍പനയാണ് നിര്‍ത്തിയത്. സര്‍വകലാശാലയുടെ ചരിത്ര പാഠ്യപദ്ധതിയില്‍ ഈ പുസ്തകം ഉള്‍പ്പെടുത്തിയിരുന്നു. ഭഗത് സിങിനെ കൂടാതെ ചന്ദ്രശേഖര്‍ ആസാദ്, സൂര്യസെന്‍ തുടങ്ങിയവരും വിപ്ലവകാരിയായ ഭീകരവാദികളാണെന്നാണ് പുസ്തകത്തിന്റെ 20ാം അധ്യായത്തില്‍ പറയുന്നത്. ചിറ്റഗോങ് പ്രക്ഷോഭം ഭീകരപ്രവര്‍ത്തനമായിരുന്നുവെന്ന് പുസ്തകത്തിലുണ്ട്.
പുസ്തകത്തിന്റെ ഹിന്ദി പരിഭാഷയായ ഭാരത്കാ സ്വതന്ത്രനാ സംഘര്‍ഷ് പ്രസിദ്ധീകരിച്ചത് ഡല്‍ഹി സര്‍വകലാശാല ഹിന്ദി മീഡിയം ഡയറക്ടറേറ്റാണ്. ബിപന്‍ ചന്ദ്ര, മൃദുല മുഖര്‍ജി, ആദിത്യ മുഖര്‍ജി, സുചേത മഹാജന്‍, കെ എന്‍ പണിക്കര്‍ എന്നിവരാണ് പുസ്തകത്തിലെ എഴുത്തുകാര്‍.
പുസ്തകത്തില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ഭഗത്‌സിങിന്റെ കുടുംബം മാനവശേഷി വികസന മന്ത്രി സ്മൃതി ഇറാനിക്ക് കത്തെഴുതിയിരുന്നു. ഭഗത്‌സിങിന്റെ ബന്ധു സര്‍വകലാശാല വൈസ് ചാന്‍സലര്‍ യോഗേഷ് ത്യാഗിയെയും കണ്ടിരുന്നു.
എന്നാല്‍, ഇംഗ്ലീഷ് പുസ്തകം വില്‍ക്കുന്നതിലും വിതരണം ചെയ്യുന്നതിലും തങ്ങള്‍ക്ക് നിയന്ത്രണമില്ലെന്നായിരുന്നു ഡല്‍ഹി സര്‍വകലാശാലയുടെ നിലപാട്. പുസ്തകം പ്രസിദ്ധീകരിച്ചത് സര്‍വകലാശാലയല്ലെന്നും അത് പാഠപുസ്തകമല്ല, റഫറന്‍സ് ഗ്രന്ഥമാണെന്നും അധികൃതര്‍ പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it