ഭക്ഷ്യോല്‍പാദന കമ്പനികളില്‍ പരിശോധന; നിറപറയുടെ മില്ല് അടപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വന്‍കിട ഭക്ഷ്യോല്‍പാദന കമ്പനികളില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധന. ഇന്നലെ 21 കമ്പനികളിലാണ് പരിശോധന നടത്തിയത്.
വിപണികളില്‍ ലഭ്യമായ കറി പൗഡറുകള്‍, മുളകു പൊടി, മല്ലിപ്പൊടി, മഞ്ഞള്‍ പൊടി, ഗോതമ്പ് എന്നിവയില്‍ മായം കലരുന്നുണ്ടെന്നും ഗുണനിലവാരമില്ലെന്നുമുള്ള പരാതിയില്‍ മന്ത്രി കെകെ ശൈലജയുടെ നിര്‍ദേശപ്രകാരമാണ് പരിശോധന നടത്തിയത്. പരിശോധന നടത്തിയതില്‍ 6 സ്ഥാപനങ്ങള്‍ക്ക് ഇംപ്രൂവ്‌മെന്റ് നോട്ടീസ് നല്‍കുകയും 5 സ്ഥാപനങ്ങള്‍ക്ക് 75000 രൂപ പിഴയിടുകയും ചെയ്തു.
ഗുണനിലവാര പരിശോധനയ്ക്കായി 20 സ്റ്റാറ്റിയൂട്ടറി സാംപിളുകളും 30 സര്‍വിയലന്‍സ് സാംപിളുകളും ശേഖരിച്ചു. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി 81 ഉല്‍പാദക യൂനിറ്റുകളിലാണ് പരിശോധന നടത്തിയത്. ഇതില്‍ 15 സ്ഥാപനങ്ങള്‍ക്ക് ഇംപ്രൂവ്‌മെന്റ് നോട്ടീസ് നല്‍കുകയും 11 സ്ഥാപനങ്ങള്‍ക്ക് പിഴയിനത്തില്‍ 1,08,000 രൂപയീടാക്കുകയും ചെയ്തു. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിലുള്ള നിറപറ റോളര്‍ ഫ്‌ളോര്‍ മില്ലില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷ്യപദാര്‍ഥങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് മില്ല് അടച്ചുപൂട്ടി. പാലക്കാട് ജില്ലയിലെ ആനക്കര ഫുഡ് പ്രൊസസിങ് പ്രൈവറ്റ് ലിമിറ്റഡില്‍ ഏകദേശം 4.71 ലക്ഷം രൂപ വിലവരുന്ന ഗുണനിലവാരമില്ലെന്ന് നിരീക്ഷണത്തില്‍ കണ്ടെത്തിയ ജീരകം, മല്ലി, മഞ്ഞള്‍ എന്നിവ പരിശോധനയ്ക്കായി സാംപിളെടുത്തു.
Next Story

RELATED STORIES

Share it