ബൗദ്ധിക സ്വത്തവകാശനയത്തിന് അംഗീകാരം

ന്യൂഡല്‍ഹി: പുതിയ ദേശീയ ബൗദ്ധിക സ്വത്തവകാശ നയം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. നൈസര്‍ഗിക കഴിവുകളും പുതുമകളും സംരംഭകത്വവും പ്രോല്‍സാഹിപ്പിക്കല്‍ ലക്ഷ്യമിട്ടാണു നടപടി. പുതിയ നയം 2017ഓടെ നിലവില്‍വരുമെന്നും വ്യാപാരമുദ്ര രജിസ്‌ട്രേഷന്‍ ഒരുമാസത്തിനകം നടക്കുമെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
ശാസ്ത്ര, കലാ, വ്യാപാര, സാഹിത്യ ആശയങ്ങളുടെമേല്‍ വിവിധതരത്തിലുള്ള നിയമപരമായ കുത്തക സംബന്ധിച്ച നയമായിരിക്കും രാജ്യത്തെ ബൗദ്ധിക സ്വത്തുക്കളെ അടയാളപ്പെടുത്തുക. എല്ലാവിഭാഗക്കാരിലും സാമൂഹിക-സാംസ്‌കാരിക-സാമ്പത്തിക ഉണര്‍വ് സൃഷ്ടിക്കുകയാണ് പുതിയ നയത്തിലൂടെ ഉദ്ദേശിക്കുന്നത്. മുഴുവന്‍ ബൗദ്ധിക സ്വത്തുകളും കഴിവിന്റെ പരമാവധി ഉപയോഗിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുമെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. ബൗദ്ധികസ്വത്തവകാശ നിയമവുമായി ബന്ധപ്പെട്ട് ദേശീയതലത്തില്‍ നയം രൂപപ്പെടുത്തുമെന്ന് എന്‍ഡിഎ സര്‍ക്കാര്‍ 2014ല്‍ വ്യക്തമാക്കിയിരുന്നു.
ബൗദ്ധിക സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിന് നിയമങ്ങളുണ്ടെങ്കിലും അതു ലോകത്തിനു മുന്നില്‍ ഒരു നയമെന്ന രീതിയില്‍ അവതരിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങള്‍ ഇന്ത്യയുടെ ബൗദ്ധിക സ്വത്തവകാശ നിയമങ്ങളെ വിമര്‍ശനാത്മകമായാണു സമീപിക്കുന്നത്.
Next Story

RELATED STORIES

Share it