Editorial

ബോര്‍ഡുകളും കോര്‍പറേഷനുകളും

എല്ലാം ശരിയാവും എന്ന പ്രതീക്ഷ ജനത്തിനു നല്‍കിക്കൊണ്ടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. അധികാരത്തിലേറിയ പുതിയ ഭരണകര്‍ത്താക്കള്‍ തെറ്റായ പലതും തിരുത്താന്‍ ശ്രമിക്കുന്നുമുണ്ട്. അഴിമതിക്കെതിരായി മുഖ്യമന്ത്രി പിണറായി വിജയന്‍ ശക്തമായ പ്രസ്താവനകള്‍ നടത്തുന്നു. ജോലിചെയ്യാതെ ശമ്പളം വാങ്ങി സുഖിക്കാമെന്ന് ഇനി പ്രതീക്ഷിക്കേണ്ടതില്ലെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിരന്തരം മുന്നറിയിപ്പു നല്‍കിക്കൊണ്ടിരിക്കുന്നു. മന്ത്രിമാര്‍ക്ക് അകമ്പടിവാഹനങ്ങളും അമിത സുരക്ഷാനടപടികളും വേണ്ട എന്നാവശ്യപ്പെടുന്നു. മികച്ച ഭരണമാതൃകയിലേക്കുള്ള യാത്രാവഴിയിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ എന്നതിന്റെ സൂചനകളാണ് ഇവയെല്ലാം. ഇത്തരം നിലപാടുകളില്‍ എത്രത്തോളം ഉറച്ചുനില്‍ക്കാന്‍ മുന്നണിക്കും സര്‍ക്കാരിനും സാധിക്കും എന്നത് ഒരു പ്രശ്‌നമാണെങ്കില്‍ത്തന്നെയും.
സര്‍ക്കാരിനു കീഴിലുള്ള വിവിധ കോര്‍പറേഷനുകളിലേക്കും ബോര്‍ഡുകളിലേക്കും ഇതര ഏജന്‍സികളിലേക്കും സാംസ്‌കാരികസ്ഥാപനങ്ങളിലേക്കുമുള്ള നോമിനേഷനുകളിലും ഇതേ രീതിയിലുള്ള മാതൃകാപരമായ നിലപാട് പുലര്‍ത്താന്‍ എല്‍ഡിഎഫിന് സാധിക്കുമെങ്കില്‍ നല്ലതാണ്. നടപ്പു ശീലങ്ങള്‍ വച്ചു നോക്കിയാല്‍ സ്ഥാനമാനങ്ങള്‍ നേടാന്‍ കഴിയാതെ പോവുന്ന രാഷ്ട്രീയക്കാരെ കുടിയിരുത്താന്‍വേണ്ടിയുള്ളവയാണ് ഈ പദവികളില്‍ മിക്കതും. സ്വന്തക്കാരെ കുത്തിത്തിരുകി ഭരണക്കാര്‍ ഈ സ്ഥാനങ്ങള്‍ നികത്തുന്നു. ഇത്തരം ബോര്‍ഡുകളിലും കോര്‍പറേഷനുകളിലും ഒട്ടേറെ എണ്ണം ഒരാവശ്യവുമില്ലാതെ രൂപീകരിച്ചവയാണുതാനും. പൊതുഖജനാവിന് നഷ്ടം വരുത്തിക്കൊണ്ട് നടന്നുപോവുന്ന ഈ വെള്ളാനകളെ വേണ്ടെന്നുവയ്ക്കുകയാണ് ശരിക്കും വേണ്ടത്. അതിനുള്ള ആര്‍ജവം കാണിക്കാന്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ഇടതുമുന്നണി സര്‍ക്കാരിന് സാധിക്കുമെന്നു തോന്നുന്നില്ല. എങ്കില്‍ത്തന്നെയും ഉള്ള സ്ഥാനങ്ങളിലേക്ക് താരതമ്യേന മികച്ച ആളുകളെ രാഷ്ട്രീയാതീതമായി നിയോഗിക്കുകയും അവയുടെ പ്രവര്‍ത്തനങ്ങള്‍ അഴിമതിരഹിതവും കാര്യക്ഷമവുമാക്കി മാറ്റാന്‍ ശ്രമിക്കുകയുമാവാം. ആര്‍ക്കും വേണ്ടാത്ത രാഷ്ട്രീയക്കാര്‍ക്ക് കയറിയിറങ്ങി നിരങ്ങാനുള്ളവയാക്കി മാറ്റരുത് ഇത്തരം സ്ഥാപനങ്ങള്‍.
സാഹിത്യ അക്കാദമി, ലളിതകലാ അക്കാദമി, കലാമണ്ഡലം തുടങ്ങിയ സാംസ്‌കാരികസ്ഥാപനങ്ങളിലേക്കുള്ള നോമിനേഷനുകളിലും മികവിനും ഭരണപാടവത്തിനുമായിരിക്കണം മുന്‍കൈ. സാഹിത്യ അക്കാദമിയിലും മറ്റും കയറിപ്പറ്റാന്‍ ഇപ്പോഴേ ആളുകള്‍ കരുനീക്കങ്ങള്‍ നടത്തിത്തുടങ്ങിപോലും. തിരഞ്ഞെടുപ്പിനു മുമ്പുതന്നെ ഇടതുനേതാക്കള്‍ സാംസ്‌കാരികപ്രവര്‍ത്തകരെയും എഴുത്തുകാരെയും മറ്റും വിളിച്ചുകൂട്ടുകയും അവരെ തങ്ങള്‍ക്കനുകൂലമാക്കാന്‍ ശ്രമങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഇതുതന്നെ തഞ്ചമെന്നു കരുതി ഒരുപാടുപേര്‍ ഇടതുമുന്നണിയോട് ആഭിമുഖ്യം കാണിക്കുന്നുമുണ്ട്. ഇത്തരക്കാരുടെ തിക്കും തള്ളുമാണ് ഇപ്പോള്‍ സാംസ്‌കാരികവകുപ്പിന്റെ വാതില്‍ക്കല്‍. തങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന നാലാംതരക്കാരനെ രാഷ്ട്രീയക്കൂറിന്റെ പേരില്‍ സാംസ്‌കാരികസ്ഥാപനങ്ങളുടെ തലപ്പത്ത് കുടിയിരുത്തുകയല്ല ആര്‍ജവമുള്ള സര്‍ക്കാര്‍ ചെയ്യേണ്ടത്.
Next Story

RELATED STORIES

Share it