ബിഹാര്‍: നിതീഷ് കുമാറിന്റെ ഏഴിന പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കും

ലഖ്‌നോ: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ തിരഞ്ഞെടുപ്പു വേളയില്‍ നടത്തിയ ഏഴിന പ്രഖ്യാപനങ്ങള്‍ സംസ്ഥാനത്തിന്റെ നയങ്ങളായി പ്രഖ്യാപിച്ച് നടപ്പാക്കാന്‍ തീരുമാനം. ഇന്നലെ സംസ്ഥാന സര്‍ക്കാറിന്റെ നയപ്രഖ്യാപന പ്രസംഗം നടത്തവെയാണ് ഗവര്‍ണര്‍ രാംനാഥ് ഗോവിന്ദ് സംസ്ഥാന സര്‍ക്കാരിന്റെ ഏഴിന നയങ്ങള്‍ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
എല്ലാ വീടുകള്‍ക്കും സൗജന്യമായി ശൗചാലയം നിര്‍മിക്കുകയും കുടിവെള്ളം എത്തിക്കുകയും ചെയ്യുമെന്ന വാഗ്ദാനമായിരുന്നു നിതീഷ്‌കുമാര്‍ തിരഞ്ഞെടുപ്പു വേളയില്‍ മുഖ്യമായി ഉയര്‍ത്തിയത്. തിരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ ബിഹാറില്‍ 1.25 ലക്ഷം കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തിരുന്നു. 2.70 ലക്ഷം കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ അടുത്ത അഞ്ചു വര്‍ഷത്തിനകം ബിഹാറില്‍ നടത്തുമെന്നായിരുന്നു ഇതിനു മറുപടിയായി നിതീഷിന്റെ പ്രഖ്യാപനം. ഇതില്‍ പ്രഖ്യാപിച്ച ഏഴിന പദ്ധതി അനുസരിച്ചുള്ള വികസന പ്രവര്‍ത്തനങ്ങളാണ് അടുത്ത അഞ്ചു വര്‍ഷം സംസ്ഥാനത്തു നടപ്പാക്കുക.
വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിന് നാലു ലക്ഷം രൂപ വരെ നല്‍കുന്നതിന് ക്രെഡിറ്റ് കാര്‍ഡ് ഏര്‍പ്പെടുത്തും, തൊഴില്‍ വൈദഗ്ധ്യത്തിന് സ്‌കില്‍ ഡെവലപ്‌മെന്റ് കേന്ദ്രങ്ങള്‍ സ്ഥാപിക്കും, തൊഴിലന്വേഷകര്‍ക്ക് മാസം 1000 രൂപ വീതം അനുവദിക്കും, എല്ലാ കോളജിലും യൂനിവേഴ്‌സിറ്റികളിലും വൈഫൈ ഏര്‍പ്പെടുത്തും, യുവസംരംഭകര്‍ക്കായി 500 കോടി രൂപ നീക്കിവയ്ക്കും തുടങ്ങിയ നിതീഷിന്റെ പ്രഖ്യാപനങ്ങളാണ് ബിഹാറില്‍ നടപ്പാക്കാനുദ്ദേശിക്കുന്നത്.
Next Story

RELATED STORIES

Share it