Districts

ബാര്‍ കോഴ തുടരന്വേഷണം; തുടര്‍ച്ചയായ രണ്ടാം ദിവസവും മാണി പൊതുപരിപാടികള്‍ റദ്ദാക്കി

കോട്ടയം: ബാര്‍കോഴ കേസില്‍ തുടരന്വേഷണത്തിനു തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടതോടെ തുടര്‍ച്ചയായ രണ്ടാം ദിവസവും പൊതുപരിപാടികള്‍ റദ്ദാക്കി മന്ത്രി കെ എം മാണി. പത്തനംതിട്ട ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍നിന്നും തിരുവല്ലയിലെ സ്വകാര്യ ആശുപത്രി സംഘടിപ്പിച്ച ചടങ്ങില്‍നിന്നുമാണ് മാണി ഇന്നലെ വിട്ടുനിന്നത്.
വെള്ളിയാഴ്ച ഇടുക്കി ജില്ലയിലെ പ്രചാരണ യോഗങ്ങളും കെ എം മാണി റദ്ദാക്കിയിരുന്നു. പൊതുപരിപാടികളില്‍ പങ്കെടുത്താല്‍ പ്രതിപക്ഷ പ്രതിഷേധമുണ്ടാവുമെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് റിപോര്‍ട്ടിനെ തുടര്‍ന്നാണ് മാണി സ്വന്തം മണ്ഡലമായ പാലായില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചതെന്ന് അറിയുന്നു. ഇതോടെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസങ്ങളില്‍ മന്ത്രിസഭയിലെ മുതിര്‍ന്ന അംഗമായ കെ എം മാണിയെ പങ്കെടുപ്പിക്കാനാവാതെ കുഴങ്ങുകയാണ് യുഡിഎഫും കേരള കോണ്‍ഗ്രസ്സും.
പരിപാടികള്‍ റദ്ദാക്കിയെങ്കിലും മാണി പാലായിലും പരിസരങ്ങളിലും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. അതേസമയം, കെ എം മാണിക്കെതിരേ ബാര്‍കോഴ വിവാദം കത്തിനിന്ന സമയത്ത് നടന്ന അരുവിക്കര ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് യോഗങ്ങളില്‍ പങ്കെടുക്കുന്നതിനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍, അരുവിക്കരയില്‍ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ അടക്കമുള്ള പരിപാടികളില്‍ പങ്കെടുത്ത് പ്രതിപക്ഷത്തിന്റെ നാവടയ്ക്കുന്നതില്‍ യുഡിഎഫ് അന്ന് വിജയിച്ചിരുന്നു. എന്നാല്‍, ബാര്‍കോഴ കേസില്‍ വിജിലന്‍സ് കോടതിവിധി മാണിക്കെതിരായതോടെ കേരള കോണ്‍ഗ്രസ്സും കെ എം മാണിയും കൂടുതല്‍ പ്രതിരോധത്തിലായതാണ് രണ്ടുദിവസമായി പാര്‍ട്ടി ചെയര്‍മാന്റെ പരിപാടികള്‍ റദ്ദാക്കുന്നതിന് കാരണമെന്ന വിലയിരുത്തലുമുണ്ട്. മാണിയുടെ രാജി എന്ന ആവശ്യം എല്‍ഡിഎഫും ബിജെപിയും തിരഞ്ഞെടുപ്പില്‍ മുഖ്യ പ്രചാരണായുധമാക്കിയതും മാണിയെ കൂടുതല്‍ അസ്വസ്ഥനാക്കുന്നു. ഈ പ്രതികൂല കാലാവസ്ഥയില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി വോട്ട് അഭ്യര്‍ഥിച്ചാല്‍ വിപരീത ഫലങ്ങള്‍ ഉണ്ടാക്കിയേക്കുമെന്ന യുഡിഎഫ് ക്യാംപുകളില്‍നിന്നുള്ള നിര്‍ദേശവും പൊതുപരിപാടികള്‍ ഉപേക്ഷിച്ച് സ്വന്തം തട്ടകമായ പാലായില്‍ കഴിച്ചുകൂട്ടാന്‍ മാണിയെ നിര്‍ബന്ധിതനാക്കുന്നു.
Next Story

RELATED STORIES

Share it