ബറാക് ഒബാമ സൗദി അറേബ്യയില്‍; മിസൈല്‍ പ്രതിരോധരംഗത്ത് സംയുക്ത സഹകരണം

റിയാദ്: ഗള്‍ഫ് മേഖലയുമായി സാമ്പത്തിക, വ്യാപാര, പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ദ്വിദിന സന്ദര്‍ശനത്തിനായി സൗദിയില്‍ എത്തി. ഇന്നലെ റിയാദില്‍ എത്തിയ ഒബാമയ്ക്ക് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ കൊട്ടാരത്തില്‍ സ്വീകരണമൊരുക്കി.
ഇന്നു നടക്കുന്ന ജിസിസി ഉച്ചകോടിയില്‍ മുഖ്യതിഥിയായി പങ്കെടുക്കുന്ന ഒബാമ വിവിധ മേഖലകളിലെ യുഎസ്-ഗള്‍ഫ് സഹകരണം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായിരിക്കും ഊന്നല്‍ നല്‍കുക. ഒബാമയുടെ സാന്നിധ്യത്തില്‍ നടക്കുന്ന ജിസിസി ഉച്ചകോടിക്കു മുന്നോടിയായി ജിസിസി പ്രതിരോധമന്ത്രിമാരുമായി യുഎസ് പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടര്‍ ഇന്നലെ ചര്‍ച്ച നടത്തി. ഇറാന്റെ ആയുധ കള്ളക്കടത്ത് തടയുന്നതിനായി ഗള്‍ഫ് രാഷ്ട്രങ്ങളുമായി സഹകരിച്ച് സംയുക്ത നാവിക പട്രോളിങ് നടത്താന്‍ സന്നദ്ധമാണെന്ന് കാര്‍ട്ടര്‍ റിയാദില്‍ വ്യക്തമാക്കി. ഇറാനുമായി ബന്ധം പുലര്‍ത്തുന്ന ഭീകരപ്രസ്ഥാനത്തിന് ഒരു ഉദാഹരണമാണ് ലബനീസ് ഹിസ്ബുല്ലയെന്നും ഇറാന്റെ ആയുധ കള്ളക്കടത്തുകള്‍ തടയുന്നതിന് സംയുക്ത സമുദ്രനിരീക്ഷണം നടത്താമെന്ന് തങ്ങള്‍ ഉറപ്പുനല്‍കുന്നതായും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ കാര്‍ട്ടര്‍ പറഞ്ഞു.
സൈനിക-പ്രതിരോധ രംഗത്ത് വിവിധ മേഖലകളില്‍ സഹകരിച്ചു മുന്നേറാനും മിസൈല്‍ പ്രതിരോധ സംവിധാനം, യുദ്ധോപകരണങ്ങള്‍ കൈമാറല്‍, സൈനിക പരിശീലനം, സൈബര്‍ സുരക്ഷ തുടങ്ങി പശ്ചിമേഷ്യയുടെ സ്ഥിരതയും സുരക്ഷയും അടിസ്ഥാനമാക്കി സുപ്രധാന സൈനിക പ്രതിരോധ മേഖലകളില്‍ പരസ്പരം സഹകരിക്കുന്നതും സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. യുഎസ് പ്രസിഡന്റ് മുഖ്യാതിഥിയായി ഇന്നു നടക്കുന്ന ജിസിസി ഉച്ചകോടിക്കുള്ള മുന്നൊരുക്കം എന്ന നിലയിലാണ് ഇന്നു പ്രതിരോധ മന്ത്രിതല യോഗം ചേര്‍ന്നതെന്ന് അബ്ദുല്‍ ലത്തീഫ് അല്‍ സയാനി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഐഎസിനെതിരേ അന്താരാഷ്ട്ര തലത്തില്‍ പോരാട്ടം അനിവാര്യമാണെന്ന് യോഗം വിലയിരുത്തി.
പ്രത്യേക സേനാവിഭാഗം രൂപീകരിക്കുന്നതിനായി യുഎസുമായി സഹകരിക്കാനും സംയുക്ത പരിശീലനത്തില്‍ പങ്കെടുക്കാനും നയതന്ത്ര ബന്ധം ശക്തിപ്പെടുത്താനും പ്രതിരോധ മന്ത്രിമാര്‍ സന്നദ്ധത പ്രകടിപ്പിച്ചു.
യുഎസ് സഹകരണത്തോടെ മിസൈല്‍ പ്രതിരോധ മേഖല ശക്തിപ്പെടുത്തുക, എല്ലാ വെല്ലുവിളികളെയും നേരിടാന്‍ സാധിക്കുന്ന തരത്തില്‍ ജിസിസി സൈനിക ശേഷി ശക്തിപ്പെടുത്താനാവശ്യമായ സംയുക്ത പരിശീലനം നടത്തുക, വ്യോമ-നാവിക-കര സേനകളെ സംയോജിപ്പിച്ച് പ്രത്യേക സേനാവിഭാഗം രൂപീകരിക്കുക, യമന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് ഇറാന്‍ ആയുധങ്ങള്‍ കടത്തുന്നത് തടയാന്‍ സംയുക്ത പരിശോധന നടത്തുക തുടങ്ങി വിവിധ വിഷയങ്ങളില്‍ യുഎസുമായി ധാരണയിലെത്തിയതായി അല്‍സയാനി അറിയിച്ചു.
Next Story

RELATED STORIES

Share it