ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകന്‍ നിരാഹാരസമരം നിര്‍ത്തുന്നു

ജറുസലേം: ഇസ്രായേല്‍ തടവറയില്‍ 94 ദിവസത്തോളമായി നിരാഹാരസമരത്തിലേര്‍പ്പെട്ട ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് അല്‍ ക്വിഖ് നിരാഹാരം അവസാനിപ്പിക്കാന്‍ സമ്മതിച്ചു. വിചാരണ കൂടാതെ തടവിലാക്കിയതിലും തടവറയില്‍ നേരിടേണ്ടി വന്ന ക്രൂരമായ പീഡനങ്ങളിലും പ്രതിഷേധിച്ചാണ് ക്വിഖ് സമരം ആരംഭിച്ചത്. മെയ് മാസത്തോടെ മോചിപ്പിക്കാമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയതോടെയാണ് സമരം അവസാനിപ്പിക്കാന്‍ തയ്യാറായത്. കുടുംബാംഗങ്ങളുടെയും ഇസ്രായേല്‍ പാര്‍ലമെന്റായ നെസ്സെറ്റിലെ അറബ് അംഗങ്ങളുടെയും മുമ്പിലായിരുന്നു നിരാഹാരം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്.
മെയ് 21ന് ക്വിഖിന്റെ തടവുകാലാവധി അവസാനിക്കുമെന്നും ശിക്ഷ ഇനി പുതുക്കില്ലെന്നും അധികൃതര്‍ ഉറപ്പുനല്‍കിയതായി ഫലസ്തീനിയന്‍ പ്രിസണേഴ്‌സ് ക്ലബ്ബ് അറിയിച്ചു. അതേസമയം, സംഭവത്തോട് ഇസ്രായേല്‍ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ നവംബര്‍ 25നാണ് 33കാരനായ ക്വിഖ് സമരമാരംഭിച്ചത്. വെസ്റ്റ് ബാങ്കിലെ ഹെബ്രോണിനടുത്തുള്ള ദുര ഗ്രാമത്തിലാണ് ക്വിഖ് താമസിച്ചിരുന്നത്. സൗദി വാര്‍ത്താചാനലായ അല്‍മജ്ദിനു വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. ഹമാസ് അംഗമായ ക്വിഖിനെ കഴിഞ്ഞ നവംബര്‍ 21ന് ഇസ്രായേല്‍ സൈന്യം വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ദിവസങ്ങളോളം ബന്ധുക്കളെയും അഭിഭാഷകനെയും ബന്ധപ്പെടാന്‍ അനുവദിച്ചിരുന്നില്ല.
Next Story

RELATED STORIES

Share it