ഫയല്‍ പൂഴ്ത്തിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതം: ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പില്‍ നടന്ന അഴിമതി സംബന്ധിച്ച ഫയല്‍ പൂഴ്ത്തിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
പൊതുമരാമത്ത് വകുപ്പിന്റെ കാര്യക്ഷമത മെച്ചപ്പെടുത്താനുള്ള ശുപാര്‍ശകള്‍ അടങ്ങിയ ഫയലാണ് വിജിലന്‍സ് പുഴ്ത്തിയെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വന്നത്. ഇത് എതെങ്കിലും പരാതിയുടെ അടിസ്ഥാനത്തിലോ സ്വമേധയാലോ വിജിലന്‍സ് അന്വേഷിച്ച കേസല്ല.
സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ വിജിലന്‍സ് വകുപ്പ് ഓരോ വകുപ്പിനും നല്‍കാറുണ്ട്. അത്തരത്തില്‍ പൊതുമരാമത്ത് വകുപ്പിലെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ വിജിലന്‍സ് നല്‍കിയ നിര്‍ദേശങ്ങളെയാണ് വിജിലന്‍സിന്റെ അന്വേഷണ റിപോര്‍ട്ട് പുഴ്ത്തിയെന്ന രീതിയില്‍ തെറ്റിധരിച്ച് വാര്‍ത്തകള്‍ വന്നത്. ഇത് അടിസ്ഥാനരഹിതമാണ്. പ്രസ്തുത നിര്‍ദേശങ്ങള്‍ അടങ്ങിയ ഫയല്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി 2015 ജൂണ്‍ 18ന് തനിക്കു നല്‍കിയിരുന്നു. തുടര്‍ന്ന് വിജിലന്‍സ് നിര്‍ദേശങ്ങള്‍ പരിശോധിച്ച് പൊതുമരാമത്ത് വകുപ്പ് മെച്ചപ്പെടുത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് 2015 ജൂണ്‍ 25ന് ഫയല്‍ വകുപ്പുമന്ത്രിക്കു നല്‍കുകയായിരുന്നു. അല്ലാതെ ഇത് എതെങ്കിലും കേസിന്റെ അഴിമതി സംബന്ധിച്ചോ കേസിനെ സംബന്ധിച്ചോ ഉള്ള ഫയലല്ല, മറിച്ച് വകുപ്പു മെച്ചപ്പെടുത്താനുള്ള ശുപാര്‍ശകള്‍ മാത്രമാണെന്നും ചെന്നിത്തല വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it