പ്രത്യേക വിദ്യാഭ്യാസ മേഖല; ആറ് സംരംഭകര്‍ രംഗത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രത്യേക വിദ്യാഭ്യാസ മേഖലകള്‍ സ്ഥാപിക്കാന്‍ ആറ് സംരംഭകര്‍ രംഗത്ത്. യുഎസ്എ, യുകെ, സിംഗപ്പുര്‍ തുടങ്ങിയ രാജ്യങ്ങളിലെ സര്‍വകലാശാലകളുമായി ചേര്‍ന്ന് കോഴ്‌സുകള്‍ നടത്താമെന്നാണ് ഇവരുടെ നിര്‍ദേശം.
സംസ്ഥാന സര്‍ക്കാര്‍ താല്‍പര്യപത്രം ക്ഷണിച്ചതിനെ തുടര്‍ന്ന് പാലക്കാട്ടെ അഹല്യ ഗ്രൂപ്പ്, മിംസ്, തങ്ങള്‍ ചാരിറ്റബില്‍ സൊസൈറ്റി, കളമശ്ശേരി രാജഗിരി മാനേജ്‌മെന്റ്, പത്തനംതിട്ട ജില്ലയിലെ മൗണ്ട് സിയോണ്‍, കുട്ടിക്കാനം മരിയന്‍ എന്നിവരാണ് സമീപിച്ചത്. ഈമാസം 29,30 തിയ്യതികളില്‍ തിരുവനന്തപുരത്ത് നടത്തുന്ന ആഗോള വിദ്യാഭ്യാസ സമ്മേളനത്തില്‍ ഇതുസംബന്ധിച്ച ധാരണാപത്രം ഒപ്പുവയ്ക്കും. മാനേജ്‌മെന്റ്, എന്‍ജിനീയറിങ്, ആര്‍ട്‌സ് ആന്റ് സയന്‍സ് കോഴ്‌സുകള്‍ പ്രത്യേക വിദ്യാഭ്യാസ മേഖലയില്‍ തുടങ്ങാമെന്നാണ് മാനേജ്‌മെന്റുകളുടെ നിര്‍ദേശം. കോഴ്‌സിന്റെ പകുതി കേരളത്തിലും ബാക്കി വിദേശത്തും പഠിക്കാം. വിദേശ സര്‍വകലാശാലയുടെ പേരും സര്‍ട്ടിഫിക്കറ്റില്‍ ഉണ്ടാവും.സ്വകാര്യ, സ്വാശ്രയ മേഖലയിലാണ് പ്രത്യേക വിദ്യാഭ്യാസ മേഖല വരുന്നത്. വലിയ തുക മുടക്കി വിദേശത്ത് പഠിക്കാന്‍ പോവുന്നവര്‍ക്ക് താരതമ്യേന കുറഞ്ഞ ഫീസില്‍ അതേ വിദ്യാഭ്യാസം കേരളത്തില്‍ നല്‍കുകയാണ് ഇതിന്റെ ലക്ഷ്യം.
പ്രത്യേക വിദ്യാഭ്യാസ മേഖല സംബന്ധിച്ച വിശദമായ സമീപനരേഖയ്ക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പ് രൂപം നല്‍കിയിട്ടുണ്ട്. ആഗോള വിദ്യാഭ്യാസ സംഗമത്തില്‍ പങ്കെടുക്കുന്ന സര്‍വകലാശാലകള്‍ക്ക് ഈ രേഖ നല്‍കും. അമേരിക്ക, ബ്രിട്ടന്‍, സിംഗപ്പുര്‍ എന്നീ രാജ്യങ്ങള്‍ക്കു പുറമെ ജര്‍മനി, ഇസ്രായേല്‍, മലേസ്യ, ആസ്‌ത്രേലിയ, ന്യൂസിലന്റ് തുടങ്ങിയ രാജ്യങ്ങളിലെ സര്‍വകലാശാലകളും സംഗമത്തില്‍ പങ്കെടുക്കും.
Next Story

RELATED STORIES

Share it