kozhikode local

പ്രത്യാശയുടെ ട്രാക്കില്‍ നിലമ്പൂര്‍- നഞ്ചന്‍കോട് റെയില്‍പാത

കാളികാവ്: മലപ്പുറം ജില്ലയുടെ സ്വപ്‌ന പദ്ധതിയായ നിലമ്പൂര്‍ വയനാട് നഞ്ചന്‍കോട് റെയില്‍പാത വീണ്ടും പ്രത്യാശയുടെ ട്രാക്കില്‍. പാതയുടെ നിര്‍മാണ ധാരണാപത്രത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവും ഈ മാസം 10ന് ഒപ്പുവയ്ക്കും. പാതയുടെ നിര്‍മാണത്തിന്റെ പകുതി ചെലവ് സംസ്ഥാനം വഹിക്കുമെന്ന തീരുമാനമാണ് പദ്ധതിക്കു ഗുണകരമാവുന്നത്. 2013 ജൂണില്‍ നല്‍കിയ സര്‍വേ റിപോര്‍ട്ടില്‍ 236 കിലോമീറ്റര്‍ ദൈര്‍ഘ്യവും 4,266 കോടി രൂപ ചെലവുമാണ് കണക്കാക്കുന്നത്. വന്‍ സാമ്പത്തിക ബാധ്യത വരുന്നതിനാല്‍ റെയില്‍വേ മന്ത്രാലയം പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍, നീലഗിരി-വയനാട് റെയില്‍വേ കര്‍മസമിതിയുടെ ശ്രമഫലമായി മറ്റൊരു സര്‍വേ നടത്തി. ഡോ. ഇ ശ്രീധരന്റെ നേതൃത്വത്തിലാണ് സര്‍വേ നടത്തിയത്. പുതിയ സര്‍വേ പ്രകാരം ചെലവ് 2,200 കോടി രൂപയായും ദൈര്‍ഘ്യം 156 കിലോമീറ്ററായും കുറഞ്ഞു. സര്‍വേയുടെ അന്തിമ വിശകലനം ദക്ഷിണ റയില്‍വേ നിര്‍മാണ വിഭാഗത്തില്‍ നടക്കുകയാണ്. ഇ ശ്രീധരന്റെ അന്തിമ റിപോര്‍ട്ട് സമര്‍പ്പിക്കുന്നതോടെ നിര്‍മാണത്തിനുള്ള കമ്പനി രൂപീകരിക്കുമെന്നാണറിയുന്നത്. വയനാട്, കണ്ണൂര്‍, തമിഴ്‌നാട്ടിലെ നീലഗിരി കര്‍ണാടകത്തിലെ കൂര്‍ഗ് മൈസൂര്‍ ജില്ലകളിലൂടെയാണ് റയില്‍പാത കടന്നു പോവുക. പദ്ധതി യാദാര്‍ത്യമാവുന്നതോടെ ജില്ലയുടെ വ്യാപാര വ്യവസായ ടൂറിസം മേഖലകള്‍ക്ക് വന്‍ മുതല്‍കൂട്ടാവും. പരിസ്ഥിതിയുടെയും വന്യ ജീവികളുടെയും ആവാസ വ്യവസ്ഥതകരാറിലാവും എന്ന പേരില്‍ തുടക്കത്തിലെ പദ്ധതിക്ക് എതിര്‍പ്പുണ്ടായിരുന്നു. പാത പൂര്‍ണ സജ്ജമാവുന്നതോടെ നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതകൂടുതല്‍ കരുത്തുറ്റതാവുകയും സഞ്ചാര സൗകര്യം വര്‍ധിക്കുകയും ചെയ്യും.
Next Story

RELATED STORIES

Share it