പ്രതിപക്ഷം പ്രതീകാത്മക അടിയന്തരപ്രമേയം അവതരിപ്പിച്ചു വീണ്ടും സഭാസ്തംഭനം

തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് തുടര്‍ച്ചയായ രണ്ടാംദിനവും നിയമസഭ സ്തംഭിച്ചു. ആദ്യദിനം സോളാര്‍ വിഷയത്തിലാണു സഭ സ്തംഭിപ്പിച്ചതെങ്കില്‍ ബാര്‍ കോഴക്കേസിലാണു പ്രതിപക്ഷം ഇന്നലെ നടുത്തളത്തിലിറങ്ങിയത്.
കേസ് അട്ടിമറിയെക്കുറിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിക്കുകയായിരുന്നു. നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കിയ പ്രതിപക്ഷാംഗങ്ങള്‍ സഭാ നടപടികള്‍ തടസ്സപ്പെടുത്തി. ഇതോടെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കി സഭ നേരത്തെ പിരിഞ്ഞു. ശ്രദ്ധക്ഷണിക്കലും സബ്മിഷനും റദ്ദാക്കി. ബഹളത്തിനിടയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന്‍മേല്‍ നന്ദിപ്രമേയ പ്രസംഗം നടത്തിയ കെ മുരളീധരന്‍ പ്രതിപക്ഷത്തിനെതിരേ ആഞ്ഞടിച്ചു.
പ്രതിപക്ഷത്തുനിന്ന് വി എസ് സുനില്‍കുമാറാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. നിയമസഭാ ചട്ടം 52 (എ) അനുസരിച്ച് കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ അനുമതി നല്‍കാനാവില്ലെന്ന് സ്പീക്കര്‍ എന്‍ ശക്തന്‍ വ്യക്തമാക്കി. ആദ്യദിനം ഭരണപക്ഷം എതിര്‍ത്തിട്ടും സ്പീക്കറുടെ വിവേചനാധികാരം ഉപയോഗിച്ച് അടിയന്തരപ്രമേയ നോട്ടീസിന് അവതരണാനുമതി നല്‍കിയതാണ്. ഇനി ഇതാവര്‍ത്തിക്കാനാവില്ല. നിയമസഭയുടെ നടപടിക്രമങ്ങളും ചട്ടങ്ങളും അനുസരിച്ചു മാത്രമേ സ്പീക്കര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയൂ. അതിനാല്‍, പ്രതിപക്ഷം സഹകരിക്കണം. നന്ദിപ്രമേയ ചര്‍ച്ചയില്‍ സര്‍ക്കാരിനെതിരേ പ്രതിപക്ഷത്തിനു പറയാന്‍ അവസരമുണ്ടെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി.
തങ്ങള്‍ക്കു പറയാനുള്ളത് കേട്ടശേഷമാണ് അടിയന്തര പ്രമേയ നോട്ടീസ് അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നു പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ബാര്‍ കോഴയില്‍ ഇതുവരെ സഭയില്‍ പറഞ്ഞ കാര്യമല്ല അടിയന്തര പ്രമേയ നോട്ടീസിലുള്ളത്. നന്ദിപ്രമേയ ചര്‍ച്ചയുള്ള ദിവസം അടിയന്തര പ്രമേയം പാടില്ലെന്നു ചട്ടത്തിലെവിടെയും പറയുന്നില്ല. അംഗങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കരുതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
അടിയന്തര പ്രമേയം ചര്‍ച്ചചെയ്യാന്‍ അനുവദിക്കുന്നില്ലെങ്കില്‍ പിന്നെ എന്തിനാണു സഭ ചേരുന്നതെന്നു പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും ചോദിച്ചു. കോടതിയുമായി ബന്ധപ്പെട്ട യാതൊരു വിഷയവും അടിയന്തര പ്രമേയ നോട്ടീസില്‍ പരാമര്‍ശിക്കുന്നില്ലെന്നായിരുന്നു സി ദിവാകരന്റെ വാദം.
എന്നാല്‍, സഭാചട്ടം ചൂണ്ടിക്കാട്ടി പ്രതിപക്ഷ ആവശ്യം സ്പീക്കര്‍ തള്ളി. ഇതില്‍ പ്രകോപിതരായ പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ ഡയസിന് മുന്നിലെത്തി ബഹളംവയ്ക്കുകയായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരായ കെ ബാബുവും ആര്യാടനും രാജിവയ്ക്കണമെന്നാവശ്യപ്പെടുന്ന ബാനറുകളും പ്ലക്കാര്‍ഡുകളും അവരുയര്‍ത്തി.
സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം പ്രതീകാത്മകമായി നടുത്തളത്തില്‍ സഭ ചേര്‍ന്ന് അടിയന്തര പ്രമേയ അവതരണം നടത്തി. വി എസ് സുനില്‍കുമാറാണു പ്രമേയം അവതരിപ്പിച്ചത്.
Next Story

RELATED STORIES

Share it