പ്രഖ്യാപനങ്ങളുടെ പെരുമഴ; ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പ്; പ്രതിപക്ഷത്തിനും കേന്ദ്രത്തിനും മുഖ്യമന്ത്രിയുടെ വിമര്‍ശനം

എച്ച് സുധീര്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയ സാഹചര്യത്തില്‍ തൊട്ടും തലോടിയുമുള്ള ജനപ്രിയ ബജറ്റാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവതരിപ്പിച്ചത്. എല്ലാ മേഖലയിലും സ്പര്‍ശിച്ചു കടന്നുപോയ ബജറ്റിന് തിരഞ്ഞെടുപ്പു പ്രകടന പത്രികയുടെ സ്വഭാവമുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ജനസമ്പര്‍ക്ക പരിപാടിയിലെ കാരുണ്യസ്പര്‍ശം അവസാനബജറ്റിലും നിലനിര്‍ത്താന്‍ മുഖ്യമന്ത്രി ശ്രദ്ധിച്ചു.
വികസനത്തിനും ക്ഷേമത്തിനും ഊന്നല്‍ നല്‍കുന്നതിനൊപ്പം ജനങ്ങളെ നേരിട്ടു ബാധിക്കുന്ന പുതിയ നികുതി നിര്‍ദേശങ്ങള്‍ ബജറ്റിലില്ലെന്നതും ശ്രദ്ധേയമാണ്. വന്‍കിട പദ്ധതികളെ തല്‍ക്കാലം മാറ്റിനിര്‍ത്തി ജനശ്രദ്ധ പിടിച്ചുപറ്റുന്ന അനേകം പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്. പാവപ്പെട്ടവര്‍ക്ക് സൗജന്യറേഷന്‍, റബര്‍ വിലത്തകര്‍ച്ച നേരിടുന്നതിന് 500 കോടിയുടെ സഹായം, കനിവ് പദ്ധതി, വിദ്യാഭ്യാസ വായ്പ സബ്‌സിഡി, ക്ഷേമപദ്ധതികളും പെന്‍ഷനുകളും ഉള്‍പ്പെടെ ജനങ്ങള്‍ക്ക് നേരിട്ട് ആശ്വാസം ലഭിക്കുന്ന നിരവധി പദ്ധതികളാണ് ബജറ്റില്‍ ഇടംപിടിച്ചത്. ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനെയും പ്രതിപക്ഷത്തെയും പരോക്ഷമായി വിമര്‍ശിക്കാനും മുഖ്യമന്ത്രി മറന്നില്ല. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാതെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ ശേഷം പശ്ചാത്തപിക്കുന്ന പ്രവര്‍ത്തനശൈലിയല്ല കേരളത്തിന് ആവശ്യം. പൊതുവായ സമന്വയത്തോടെ വികസനമെന്ന കാഴ്ചപ്പാടാണ് സര്‍ക്കാര്‍ പിന്തുടര്‍ന്നിട്ടുള്ളത്. എന്നാല്‍, വികസനത്തോട് മുഖംതിരിച്ചും സംഘര്‍ഷങ്ങളും കലാപങ്ങളും സൃഷ്ടിച്ചും വ്യക്തിഹത്യ നടത്തിയും വികസനത്തില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുന്നവര്‍ക്ക് കാലം മാപ്പുനല്‍കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ പ്രതിസന്ധിയിലും സ ര്‍ക്കാരിനോട് ഉറച്ചുനിന്ന ജനങ്ങളോട് നന്ദി രേഖപ്പെടുത്തിയാണ് മുഖ്യമന്ത്രി ബജറ്റ് പ്രസംഗം ആരംഭിച്ചത്. നേരിയ ഭൂരിപക്ഷത്തോടെയാണ് സര്‍ക്കാര്‍ അധികാരമേറ്റത്.
ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ മുമ്പെങ്ങുമില്ലാത്ത തരത്തില്‍ ചില കേന്ദ്രങ്ങളില്‍നിന്ന് ശ്രമങ്ങളുണ്ടായി.
പല സന്ദര്‍ഭത്തിലും ഇത്തരം സര്‍ക്കാരുകള്‍ രാഷ്ട്രീയ കൊടുങ്കാറ്റില്‍പ്പെട്ടു നിലംപരിശായിട്ടുണ്ട്. നേരിയ ഭൂരിപക്ഷമുള്ള സര്‍ക്കാരുകള്‍ ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടിട്ടുമുണ്ട്. എന്നാ ല്‍, ഈ സര്‍ക്കാര്‍ ചരിത്രം തിരുത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിഞ്ഞെന്നും ബജറ്റ് പ്രസംഗത്തില്‍ മുഖ്യമന്ത്രി അവകാശപ്പെട്ടു.
കേരളത്തിന് ആവശ്യം വികസനമാണ്. അനന്തമായ സാധ്യതകളു—ള്ള കേരളത്തിന്റെ വികസനം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല. കേരളത്തെ വളര്‍ച്ചയുടെയും പ്രശസ്തിയുടെയും പുതിയ വാതായനങ്ങളില്‍ എത്തിക്കുന്നതിന് സുവ്യക്തമായ കാഴ്ചപ്പാടും കര്‍മപദ്ധതിയുമുണ്ട്. ഇത് എത്രയുംവേഗം സാക്ഷാല്‍കരിക്കപ്പെടണമെന്ന തീവ്രമായ ആഗ്രഹവുമുണ്ട്. നമ്മള്‍ ഓരോരുത്തരും പിറന്നിട്ടുള്ളത് ദൈവം പകര്‍ന്നുതന്നെ ദിവ്യമായ അഗ്നിയുമായാണ്... ഉള്ളിലെ അഗ്നിക്ക് ചിറകുകള്‍ നല്‍കി നന്മയുടെ പ്രകാശം ലോകം മുഴുവന്‍ നിറയ്ക്കാനാവട്ടെ നമ്മുടെ പ്രയത്‌നങ്ങള്‍'എന്ന എ പി ജെ അബ്ദുല്‍ കലാമിന്റെ വാക്കുകള്‍ ഉദ്ധരിച്ചാണ് മുഖ്യമന്ത്രി ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത്.
Next Story

RELATED STORIES

Share it