kozhikode local

പോളിങ് ദിവസം പരക്കെ അക്രമം; 30 പേര്‍ക്ക് പരിക്ക്, 300 പേര്‍ക്കെതിരേ കേസ്

പേരാമ്പ്ര: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് ദിവസം പരക്കെ അക്രമം. മുപ്പതോളം പേരെ പരിക്കേറ്റ നിലയില്‍ പേരാമ്പ്ര താലൂക്കാശുപത്രി, കൊയിലാണ്ടി ഗവ. ആശുപത്രി, കുറ്റിയാടി താലൂക്കാശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.
നൊച്ചാട്, ചങ്ങരോത്ത്, താഴയില്‍ യുഡിഎഫ് പ്രവര്‍ത്തകരെ സംഘം ചേര്‍ന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്ന് പേരാമ്പ്ര പോലിസില്‍ പരാതി.
ചാത്തോത്ത് താഴെയില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചരണബോര്‍ഡുകള്‍ മാറ്റുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
ഇവിടെ നേരത്തെ സിപിഎം ഭരണസമിതിയില്‍ ക്ഷേമകാര്യസ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായിരുന്ന സി കെ അജീഷിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന്റെ പ്രതികാരം വോട്ടര്‍മാര്‍ യുഡിഎഫിനനുകൂലമായി വിനിയോഗിച്ചുവെന്ന നിഗമനത്തിലാണ് സംഘടിച്ച് ആക്രമിച്ചതെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.
ചങ്ങരോത്ത് പഞ്ചായത്തിലെ തോട്ടത്താംകണ്ടിയിലും പാലേരിയിലും സംഘര്‍ഷമുണ്ടായി. ഇവിടെ സിപിഎം-ബിജെപി കക്ഷികള്‍ തമ്മിലായിരുന്നു സംഘര്‍ഷം.
ചെറിയ കുമ്പളത്ത് യുഡിഎഫ് പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. കോട്ടൂര്‍ പഞ്ചായത്തിലെ അവിടനല്ലൂര്‍ ബൂത്തില്‍ ബിജെപി ബൂത്ത് ഏജന്റ് പാറച്ചാലില്‍ പ്രബീഷിനെ(32) സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചാത്തോത്ത് താഴെ, പാലേരി, തോട്ടത്താംകണ്ടി ഭാഗത്ത് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലിസ് ഗ്രാനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു. സംഭവത്തില്‍ 300 പേര്‍ക്കെതിരെ കേസെടുത്തു.
നാദാപുരം സിഐ കെ കെ ബിജു, എസ്‌ഐ ജീവന്‍ ജോര്‍ജ്ജ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലിസ് സന്നാഹം ഈ ഭാഗങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it