പെരുമ്പാവൂരില്‍ പ്രതിഷേധം കത്തിപ്പടരുന്നു

പെരുമ്പാവൂര്‍: ജിഷയുടെ കൊലപാതകികളെ അറസ്റ്റ് ചെയ്യാത്തതിനെതിരേ പെരുമ്പാവൂരില്‍ പ്രതിഷേധകൊടുങ്കാറ്റ്. വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളുടെ നേതൃത്വത്തില്‍ പെരുമ്പാവൂര്‍ ഡിവൈഎസ്പി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധം അലയടിച്ചു. ഇടതുപക്ഷ യുവജനസംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. കുടുംബശ്രീ പ്രവര്‍ത്തകര്‍, ഡിവൈഎഫ്‌ഐ - എഐവൈഎഫ് സംഘടനകള്‍, എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, അങ്കണവാടി ജീവനക്കാര്‍, വിവിധ മഹിളാസംഘടനകള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇന്നലെ മാര്‍ച്ച് നടന്നത്.
കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആയിരത്തോളം സ്ത്രീകള്‍ അണിനിരന്ന മാര്‍ച്ചായിരുന്നു ആദ്യം നടന്നത്. തുടര്‍ന്ന്, വെല്‍ഫെയര്‍ പാര്‍ട്ടി, ഇടതു സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തിലും മാര്‍ച്ച് നടന്നു. ഇതില്‍ ഇടതു സംഘടനകളുടെ മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് പോലിസ് ലാത്തിവീശി. ഉച്ചയ്ക്ക് 12 മണിയോടെയായായിരുന്നു ഡിവൈഎഫ്‌ഐ -എഐവൈഎഫ് ഉള്‍പ്പെടെയുള്ള ഇടത് സംഘടനകള്‍ ഡിവൈഎസ്പി ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്.
പോലിസ് ലാത്തി വീശിയതോടെ വനിതകള്‍ അടക്കമുള്ള പ്രവര്‍ത്തകര്‍ ചിതറിയോടി. ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ജിനീഷ് (32), അഭിലാഷ് (36), അനൂപ് (27), രാജേഷ് (40), സലാം (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കോട്ടയം പോലിസ് ക്യാംപിലുള്ള പോലിസുകാരനായ ബിനുവി(27)നും സംഭവത്തില്‍ പരിക്കേറ്റു. തുടര്‍ന്ന്, എഐവൈഎഫ് പ്രവര്‍ത്തകര്‍ മാര്‍ച്ചുമായെത്തുകയായിരുന്നു. പിന്നീട് കൂടുതല്‍ സംഘടനകള്‍ പ്രകടനവുമായെത്താന്‍ തുടങ്ങിയതോടെ ഡിവൈഎസ്പി ഓഫിസിനു മുന്നില്‍ പോലിസ് ബാരിക്കേഡുകള്‍ തീര്‍ക്കുകയായിരുന്നു. തുടര്‍ന്ന് കുടുംബശ്രീ പ്രവര്‍ത്തകരും അങ്കണവാടി ജീവനക്കാരും വിവിധ മഹിളാ സംഘടനകളും വിദ്യാര്‍ഥി സംഘടനകളും സമരവുമായി ഡിവൈഎസ്പി ഓഫിസിനു മുന്നില്‍ തടിച്ചുകൂടി മുദ്രാവാക്യം വിളിച്ചു.
വൈകീട്ട് അഞ്ചു മണിയോടെ എസ്ഡിപിഐ പ്രകടനവുമായി ഡിവൈഎസ്പി ഓഫിസിനു മുന്നിലെത്തി. എസ്ഡിപിഐ പെരുമ്പാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ അടക്കം ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രതിഷേധപ്രകടനം പോലിസ് തടഞ്ഞു. തുടര്‍ന്നുനടന്ന ധര്‍ണ സമരം എസ്ഡിപിഐ സംസ്ഥാന ജന. സെക്രട്ടറി എം കെ മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജിഷയുടെ മരണത്തിന്റെ പ്രധാന ഉത്തരവാദികള്‍ ഇടത്-വലത് സംഘടനകള്‍ മാത്രമാണെന്ന് മനോജ് കുമാര്‍ പറഞ്ഞു.
യഥാര്‍ഥ പ്രതികള്‍ രാഷ്ട്രീയ ബന്ധമുള്ളവരാണ്. സംസ്ഥാനത്ത് കുറ്റമറ്റതായ പോലിസ് സേനയുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടും ജിഷയുടെ ഘാതകരെ പിടികൂടാത്തത് ദലിത് യുവതിയായത് കൊണ്ട് മാത്രമാണെന്നും മനോജ് കുമാര്‍ പറഞ്ഞു. എസ്ഡിപിഐ പെരുമ്പാവൂര്‍ സ്ഥാനാര്‍ഥി വി കെ ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ സംസ്ഥാന സമിതിയംഗം മുവാറ്റുപുഴ അഷറഫ് മൗലവി മുഖ്യപ്രഭാഷണം നടത്തി. ഭരണകൂടത്തിന് ഭരണഘടന സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തമുണ്ട്. സാമൂഹികവും രാഷ്ട്രീയവുമായ ഉത്തരവാദിത്തം പോലും ഇല്ലാതെയാണ് ഇപ്പോഴത്തെ ഇടത്-വലത് രാഷ്ട്രീയ സംഘടനകളുടെ പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു.
എസ്ഡിപിഐ സംസ്ഥാന സമിതി അംഗം അജ്മല്‍ ഇസ്മയില്‍, വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത് ടീച്ചര്‍, എസ്ഡിറ്റിയു സംസ്ഥാന വൈസ് പ്രസിഡന്റ് സുല്‍ഫിക്കര്‍ അലി, സമാജ്‌വാദി സംസ്ഥാന പ്രസിഡന്റ് എന്‍ ഒ കുട്ടപ്പന്‍, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഷഫീര്‍ മുഹമ്മദ്, എസ്ഡിപിഐ കോതമംഗംലം സ്ഥാനാര്‍ഥി പ്രഫ. എന്‍ എ അനസ്, കാംപസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി ഫസല്‍ പ്രസംഗിച്ചു.
Next Story

RELATED STORIES

Share it