kozhikode local

പെയ്ഡ് ന്യൂസ്: സ്ഥാനാര്‍ഥിക്കും പ്രസാധകനുമെതിരേ നടപടി വരും

കോഴിക്കോട്: നിയസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പണത്തിനോ മറ്റെന്തെങ്കിലും പാരിതോഷികങ്ങള്‍ക്കോ പരിഗണനകള്‍ക്കോ പകരം ഏതെങ്കിലും ഒരു സ്ഥാനാര്‍ഥിക്കനുകൂലമായി മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ കര്‍ശനമായി നിരീക്ഷിക്കാന്‍ നിര്‍ദേശം.
പെയ്ഡ് ന്യൂസാണെന്ന് സംശയിക്കപ്പെടുന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട സ്ഥാനാര്‍ഥിയില്‍ നിന്ന് വിശദീകരണം തേടാനാണ് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് കമ്മിറ്റി (എംസിഎംസി )ക്ക് കമ്മീഷന്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. 48 മണിക്കൂറില്‍ സ്ഥാനാര്‍ഥിയില്‍ നിന്ന് മറുപടി ലഭിക്കാത്ത പക്ഷം ഇക്കാര്യത്തില്‍ എംസിഎംസി എടുക്കുന്ന തീരുമാനം നടപ്പില്‍വരും. ജില്ലാതല എംസിഎംസി—യുടെ തീരുമാനം സ്ഥാനാര്‍ഥിക്ക് തൃപ്തികരമല്ലെങ്കില്‍ സംസ്ഥാനതല കമ്മിറ്റിയെ സമീപിക്കാം. അതും തൃപ്തികരമല്ലെങ്കില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനും അവസരമുണ്ട്. ഇക്കാര്യത്തില്‍ കമ്മീഷന്റെ തീരുമാനം അന്തിമമായിരിക്കും.
പരസ്യത്തിലെ ഉള്ളടക്കത്തില്‍ പെരുമാറ്റച്ചട്ട ലംഘനമെന്ന് കണക്കാക്കാവുന്ന എന്തെങ്കിലും ഉണ്ടോ എന്നാണ് പ്രധാനമായുംഎംസിഎംസി പരിശോധിക്കുക. ആവശ്യമാണെന്നു കണ്ടാല്‍ ചില ഭാഗങ്ങള്‍ ഒഴിവാക്കാനും ചില ഭാഗങ്ങള്‍ക്ക് മാറ്റംവരുത്താനും നിര്‍ദേശങ്ങള്‍ നല്‍കാന്‍ എംസിഎംസിക്ക് അധികാരമുണ്ട്. അതുകൊണ്ട് തന്നെ പരസ്യത്തിന്റെ കരടുരൂപം കമ്മിറ്റി മുമ്പാകെ സമര്‍പ്പിച്ച് സര്‍ട്ടിഫിക്കറ്റ് വാങ്ങിയ ശേഷം അന്തിമ ഉല്‍പ്പന്നം തയ്യാറാക്കുന്നതാവും നല്ലത്. അന്തിമ ഉല്‍പ്പന്ന—ത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നത് ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കും.
പെയ്ഡ് ന്യൂസുമായി ബന്ധപ്പെട്ട നിയമനടപടികള്‍ക്ക് പുറമെ അതിന്റെ ചെലവ് സ്ഥാനാര്‍ഥിയുടെ അക്കൗണ്ടില്‍ ചേര്‍ക്കും. ഇത്തരം വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരേയും നിയമനടപടിയുണ്ടാവും. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷന്‍ എന്നിവയുടെ മുമ്പാകെ നടപടിക്കായി വിഷയം അവതരിപ്പിക്കുകയും ചെയ്യും. ദൃശ്യ-ശ്രവ്യ മാധ്യമങ്ങള്‍ക്കു പുറമെ സോഷ്യല്‍ മീഡിയയില്‍ വരുന്ന വാര്‍ത്തകളും നിരീക്ഷിക്കപ്പെടും.
Next Story

RELATED STORIES

Share it