പെന്‍ഷന്‍ നിയമം ഭേദഗതി ചെയ്യാന്‍ നീക്കം

ന്യൂഡല്‍ഹി: 145 വര്‍ഷം പഴക്കമുള്ള പെന്‍ഷന്‍ നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. പെന്‍ഷന് സംരക്ഷണം നല്‍കുന്നതും പെന്‍ഷന്‍ തടയുന്നതു വിലക്കുന്നതുമാണ് ഇപ്പോഴത്തെ നിയമം. ഇപ്പോള്‍ 58 ലക്ഷത്തോളം കേന്ദ്രസര്‍ക്കാര്‍ പെന്‍ഷന്‍കാരുണ്ട്.കാലഹരണപ്പെട്ട നിയമങ്ങള്‍ റദ്ദാക്കാനുള്ളവയുടെ പട്ടികയില്‍ 1871ലെ പെന്‍ഷന്‍ നിയമവും സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് ഈ നിയമത്തെ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. 1871ലെ നിയമമനുസരിച്ച് പെന്‍ഷന് നല്‍കുന്ന സംരക്ഷണം നിലനിര്‍ത്തിക്കൊണ്ട് പെന്‍ഷന്‍ നിയമം ഭേദഗതി ചെയ്യുന്നതിനെപ്പറ്റി ആലോചിക്കാന്‍ കഴിഞ്ഞദിവസം കേന്ദ്ര ഉദ്യോഗസ്ഥ മന്ത്രാലയം വിവിധ മന്ത്രാലയങ്ങളുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. 1871ലെ നിയമത്തില്‍ അപ്രസക്തവും അനാവശ്യവുമായ വകുപ്പുകള്‍ മാത്രം ഒഴിവാക്കിക്കൊണ്ടുള്ള ഭേദഗതിയാണു വേണ്ടതെന്നു യോഗത്തില്‍ പങ്കെടുത്ത ധനകാര്യ സര്‍വീസസ് വകുപ്പ് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ആഭ്യന്തര, തൊഴില്‍, ഗ്രാമവികസന, പ്രതിരോധ, റെയില്‍വേ, ഉദ്യോഗസ്ഥ മന്ത്രാലയങ്ങളുടെ പ്രതിനിധികളും ഈ അഭിപ്രായത്തെ പിന്തുണച്ചു. ഏതെങ്കിലും കോടതി നടപടികളുടെ പേരില്‍ ഒരാളുടെ പെന്‍ഷനോ അലവന്‍സുകളോ പിടിച്ചുവയ്ക്കാനോ തടയാനോ അവകാശമില്ലെന്നാണു പഴയ നിയമത്തില്‍ പറയുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശം അതാതു വകുപ്പിനു കൈമാറാനാണു ഭേദഗതി നിര്‍ദേശത്തില്‍ പറയുന്നത്.
Next Story

RELATED STORIES

Share it