thrissur local

പുല്ലൂറ്റ് സ്‌കൂളിലെ സ്റ്റാഫ് റൂം കത്തിച്ച സംഭവം: മൂന്ന് പത്താംക്ലാസ് വിദ്യാര്‍ഥികള്‍ പിടിയില്‍

കൊടുങ്ങല്ലൂര്‍: പുല്ലൂറ്റ് വി കെ രാജന്‍ മെമ്മോറിയല്‍ സ്‌കൂളിലെ സ്റ്റാഫ് റൂം കത്തിച്ച കേസില്‍ സ്‌കൂളിലെ മൂന്നു പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ പിടിയിലായി. കൊടുങ്ങല്ലൂര്‍ സിഐയുടെ നിര്‍ദ്ദേശാനുസരണം എസ്‌ഐ പി കെ പത്മരാജനും സംഘവുമാണ് കുട്ടികളെ പിടികൂടിയത്.
കഴിഞ്ഞ മാസം 21നാണ് കേസിനാസ്പദമായ സംഭവം. സ്റ്റാഫ് റൂം കത്തിച്ചതില്‍ വച്ച് കംപ്യൂട്ടര്‍ ഉള്‍പ്പെടെ നിരവധി സാധനങ്ങള്‍ കത്തി നശിച്ചിരുന്നു. പത്താം ക്ലാസില്‍ പഠിക്കുന്ന മൂന്നു വിദ്യാര്‍ഥികളും സുഹൃത്തുക്കളാണ്. അതില്‍ ഒരാള്‍ വിലകൂടിയ മൊബൈല്‍ ഫോണ്‍ സ്‌കൂളില്‍ കൊണ്ടു വന്നിരുന്നത് ജൂലൈ മാസത്തില്‍ ക്ലാസ് ടീച്ചര്‍ പിടികൂടി എച്ച്എമ്മിനെ ഏല്‍പ്പിച്ചിരുന്നു.
പിടിഎ തീരുമാന പ്രകാരം മൊബൈല്‍ അധ്യയന വര്‍ഷം കഴിഞ്ഞു മാത്രമേ കുട്ടികള്‍ക്ക് വിട്ടു കൊടുക്കുകയുള്ളൂ. കൂടാതെ തുടര്‍ച്ചയായ ക്ലാസ് കട്ട് ചെയ്യുന്നതിനും പഠിക്കാതെ വരുന്നതിനും ക്ലാസ് ടീച്ചറും മറ്റു ടീച്ചര്‍മാരും വഴക്കു പറയുന്നതിലുള്ള വിരോധമാണ് സ്‌കൂള്‍ കത്തിക്കാന്‍ കാരണമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
സംഭവ ദിവസം സ്‌കൂളിലെ സ്‌പെഷ്യല്‍ ക്ലാസ് കഴിഞ്ഞതിനു ശേഷം സ്‌കൂളില്‍ നിന്നും സംഘടിപ്പിച്ച കന്നാസില്‍ കെകെടിഎം കോളജിനടുത്തുള്ള പെട്രോള്‍ പമ്പില്‍ നിന്നും ഡീസല്‍ വാങ്ങി സ്‌കൂള്‍ ബാഗില്‍ വച്ച് സ്‌കൂളിന്റെ പിന്‍ഭാഗത്ത് കൂടി മതില്‍ ചാടികടന്ന് സ്‌കൂളിനു മുകളില്‍ കയറി എയര്‍ഹോളിലൂടെ ഡീസല്‍ ഒഴിച്ച് തീകൊടുക്കുകയായിരുന്നു.
കംപ്യൂട്ടര്‍ ലാബിന്റെ താഴ് അറുത്തുമാറ്റി കംപ്യൂട്ടര്‍ മോഷ്ടിക്കുന്നതിന് രണ്ട് ആക്‌സോ ബ്ലൈഡുകള്‍ കൂടെ കരുതിയിരുന്നു. മോഷ്ടിച്ചതിനു ശേഷം തീ കത്തിക്കാം എന്നായിരുന്നു ആദ്യം ഉദ്ദേശിച്ചതെന്ന് കുട്ടികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഡീസല്‍ കൊണ്ടുവന്ന കന്നാസ് സ്‌കൂളിന് പുറകിലിട്ട് കത്തിച്ചു കളയുകയും ചെയ്തു. കേസ് തെളിയുന്നതിനായി സ്‌കൂളിലെ നിരവധി അധ്യാപകരേയും വിദ്യാര്‍ഥികളേയും പോലിസ് ചോദ്യം ചെയ്തിരുന്നു. ഇവരുടെ ചില കൂട്ടുകാര്‍ക്ക് ഈ സംഭവം അറിയാമായിരുന്നു.
മഹേഷ് കെ, സീനിയര്‍ സിപിഒമാരായ സി ആര്‍ പ്രദീപ്, സി കെ ഷാജു, അഷറഫ് എന്നിവരുടെ അന്വേഷ സംഘത്തില്‍ ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it