Idukki local

പീരുമേട്ടിലെ തോല്‍വി; കോണ്‍ഗ്രസ്സിലെ ഉന്നതര്‍ക്കെതിരേ സാമ്പത്തിക ആരോപണം

തൊടുപുഴ: പീരുമേട്ടിലെ പരാജയം അട്ടിമറിയെ തുടര്‍ന്നാണെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഡ്വ.സിറിയക് തോമസ്.കോണ്‍ഗ്രസ്സിന്റൈ കോട്ടയായ കുമളിയില്‍ സിപിഐ സ്ഥാനാര്‍ഥി ഇ എസ് ബിജിമോള്‍ക്ക് ലഭിച്ച ഭൂരിപക്ഷം അതാണ് സൂചിപ്പിക്കുന്നത്.ഈ തിരിമറി പ്രതിക്ഷിച്ചിരുന്നില്ലെന്ന് സിറിയക് തോമസ് പറഞ്ഞു.പാര്‍ട്ടി നേതൃത്വത്തിനു ഇവിടെ പാളിച്ച പറ്റി.പീരുമേട്ടിലെ ചില നേതാക്കള്‍ ഇടതു സ്ഥാനാര്‍ഥിയുടെ പക്കല്‍ നിന്നും പണം കൈപ്പറ്റിയതായി സ്‌പെഷല്‍ ബ്രാഞ്ചിനു വിവരം ലഭിച്ചിരുന്നു.
പ്രവര്‍ത്തനത്തിനിറങ്ങാത്തവരുടെ ലിസ്റ്റും സ്‌പെഷല്‍ ബ്രാഞ്ച് നേരത്തേ സര്‍ക്കാരിനായി സമാഹരിച്ചിരുന്നു.പീരുമേട്ടില്‍ ഇരട്ടവോട്ടുകള്‍ ചെയ്തതിനെക്കുറിച്ചു പാര്‍ട്ടി പരിശോധിച്ചു വരികയാണെന്നും അദേഹം പറഞ്ഞു.പീരുമേട്ടിലെ അഡ്വ. സിറിയക് തോമസിന്റെ പരാജയത്തെ ചൊല്ലി ജില്ലാ നേതൃത്വത്തിനെതിരേ സോഷ്യല്‍ മീഡിയിലും പാര്‍ട്ടിയിലും വാക്‌പോര് ശക്തിയാര്‍ജിച്ചിട്ടുണ്ട്.
വിജയം ഉറപ്പിച്ച് രംഗത്തിറങ്ങിയ സിറിയക് തോമസിന്റെ പരാജയത്തിന് പിന്നില്‍ സ്ഥാനാര്‍ഥിത്വം മോഹിച്ച നേതാക്കളുടെ കരുനീക്കങ്ങളാണെന്നാണ് ആരോപണം.
സിറിയക് തോമസിന്റെ വിജയം യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ഉറപ്പായിരുന്നു.
താഴെ തട്ടില്‍ ഗ്രൂപ്പു ഭേദമില്ലാതെ ഇതിനായി പ്രവര്‍ത്തനവും നടന്നു.4000 വോട്ടിന്റെ ഭൂരിപക്ഷത്തിന് സിറിയക് വിജയിക്കും എന്നായിരുന്നു കണക്ക്.കുമളി പഞ്ചായത്തില്‍ തൊഴിലാളി ലയങ്ങളില്‍ യുഡിഎഫിന് 3000ല്‍ പരം വോട്ട് ലീഡ് നല്‍കിയിരുന്നു.
പെരുവന്താനത്ത് 1500ല്‍ പരമായിരുന്നു ലീഡ്.എന്നാല്‍ കുമളിയില്‍ ഏഴ് വോട്ടിന് എല്‍ഡിഎഫ് ലീഡ് ചെയ്തു. പെരുവന്താനത്ത് യുഡിഎഫിന്റ ലീഡ് 150 ആയി കുറഞ്ഞു.ഏലപ്പാറയിലും ഉദ്ദേശിച്ച ലീഡ് നേടാനായില്ല. ഉപ്പുതറയില്‍ മാത്രമാണ് ഉദ്ദേശിച്ച ലീഡ് നേടിയത്.
15 വര്‍ഷം പീരുമേട് എംഎല്‍എ ആയിരുന്ന കെ കെ തോമസിന്റ പുത്രനാണ് സിറിയക്.പീരുമേട്ടില്‍ എല്‍ഡിഎഫിനു പോലും സിറിയക് വിജയിക്കുമെന്ന് വിശ്വാസത്തിലായിരുന്നു.അപ്രതീക്ഷിതമായാണ് യൂഡിഎഫ് കോട്ടയില്‍ ഇടത് കടന്നുകയറ്റം ഉണ്ടായത്. പരാജയപ്പെടുന്ന സാഹചര്യത്തിലും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ കുമളിയില്‍ ലീഡ് ചെയ്തിരുന്നു. ഇ എം ആഗസ്തിയുടെയും പി ടി തോമസിന്റെയുമൊക്കെ കാര്യത്തില്‍ ഇതായിരുന്നു സ്ഥിതി.
കുമളി, അയ്യപ്പന്‍കോവില്‍,പീരുമേട് തുടങ്ങിയ മണ്ഡലം നേതാക്കള്‍ക്കെതിരേയും ആരോപണം ഉയരുന്നുണ്ട്.ഇനി പീരുമേട് മണ്ഡലത്തില്‍ ആര് മത്സരിക്കാന്‍ വന്നാലും പരാജയപ്പെടുത്തുമെന്ന ആശങ്കയും സാമുഹിക മാധ്യമങ്ങളിലൂടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കുന്നുണ്ട്. ഇടുക്കി ഡിസിസി പിരിച്ചുവിടണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു. ഇലക്ഷന്‍ ഫലം വന്നതോടെ തുടങ്ങിയതാണ് സാമൂഹിക മാധ്യമങ്ങളിലെ ഇത്തരം പ്രസ്താവനകള്‍.
Next Story

RELATED STORIES

Share it