Districts

പി സി ജോര്‍ജ് എംഎല്‍എ സ്ഥാനം രാജിവച്ചു

കോട്ടയം: സര്‍ക്കാര്‍ മുന്‍ ചീഫ്‌വിപ്പ് പി സി ജോര്‍ജ് എംഎല്‍എ സ്ഥാനം രാജിവച്ചു. കോട്ടയം പ്രസ് ക്ലബ്ബില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ജോര്‍ജ് രാജി പ്രഖ്യാപിച്ചത്. നാളെ രാവിലെ നിയമസഭാ സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറുമെന്ന് പൂഞ്ഞാര്‍ എംഎല്‍എയായ ജോര്‍ജ് പറഞ്ഞു.
ബാര്‍ കോഴക്കേസില്‍ കുറ്റാരോപിതനായിട്ടും രാജിവയ്ക്കാതെ മന്ത്രിസ്ഥാനത്തു തുടരുന്ന കെ എം മാണിക്ക് മാതൃകയാവട്ടെ എന്നു കരുതിയാണ് താന്‍ രാജിവയ്ക്കുന്നതെന്ന് ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. ബാര്‍ കോഴക്കേസില്‍ മാണി മാത്രമല്ല, ഉമ്മന്‍ചാണ്ടിയും രാജിവയ്ക്കണം. ആവശ്യമായ സമയത്തു തന്നെയാണ് താന്‍ രാജിവയ്ക്കുന്നത്. മാണി ഇപ്പോള്‍ പൊറാട്ട്‌നാടകം കളിക്കുകയാണ്. രാജിവച്ചാല്‍ ഒരു എംഎല്‍എപോലും മാണിയുടെ കൂടെ പോവില്ല. മാണിയും ഭാര്യയും മകന്‍ ജോസ് കെ മാണിയും മാത്രം ഒന്നിച്ചിരുന്ന് കരയേണ്ടിവരും. നിര്‍മലനു മുന്നില്‍ ദൈവം നിര്‍മലനും വക്രത കാണിക്കുന്നവന് മുന്നില്‍ വക്രതകാണിക്കുമെന്നുമുള്ള ബൈബിള്‍ വചനം ഉദ്ധരിച്ചായിരുന്നു ജോര്‍ജിന്റെ രാജിപ്രഖ്യാപനം.
ബാര്‍ കോഴയില്‍ മാണി ഒറ്റയ്ക്കല്ല പണം വാങ്ങിയത്. 11 കോടി രൂപ പിരിച്ചെന്നാണ് ബാര്‍ ഉടമയായ ഉണ്ണി തന്നോട് പറഞ്ഞത്. ഇതില്‍ ഒരുകോടി മാണിക്ക് കൊടുത്തെന്നു പറഞ്ഞു. ബാക്കി തുക മന്ത്രി കുഞ്ഞാലിക്കുട്ടിക്ക് നല്‍കിയപ്പോള്‍ അദ്ദേഹം അതു വേണ്ടെന്നു പറഞ്ഞു. ഈ തുക മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി ബാബുവിനുമാണ് കിട്ടിയത്. അതുകൊണ്ട് മാണി മാത്രമല്ല, ഉമ്മന്‍ചാണ്ടിയും രാജിവച്ച് പുതിയ ജനവിധി തേടുകയാണു വേണ്ടതെന്നും ജോര്‍ജ് പറഞ്ഞു.
Next Story

RELATED STORIES

Share it