Flash News

പിണറായി വിജയന്‍ വധശ്രമം: കുറ്റപത്രം സമര്‍പ്പിച്ചു

പിണറായി വിജയന്‍ വധശ്രമം: കുറ്റപത്രം സമര്‍പ്പിച്ചു
X
Pinarayi-Vijayan
മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ വീടിന് അടുത്തുനിന്നും തോക്കുമായി നാദാപുരം സ്വദേശി പിടിയിലായ കേസില്‍ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. തലശേരി ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വികെ പ്രഭാകരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്.
[related] ആര്‍എംപി നേതാവ് ടി.പി. ചന്ദ്രശേഖനെ കൊലപ്പെടുത്തിയ വിരോധത്താല്‍ വളയം കുറ്റിക്കാട്ടില്‍ പിലാവുള്ളതില്‍ കുഞ്ഞികൃഷ്ണന്‍ നമ്പ്യര്‍ പിണറായിയെ വിജയനെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ 0.22 കാലിബര്‍ എയര്‍ഗണ്ണും 23 സെന്റീമീറ്റര്‍ നീളമുള്ള കൊടുവാളുമായി പിണറായിയിലെ വിജയന്റെ പാണ്ട്യാല മുക്കിലെ വീടിന് 85 മീറ്റര്‍ സമീപത്ത് കുഞ്ഞികൃഷ്ണന്‍ എത്തിയതെന്നാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്. കുഞ്ഞികൃഷ്ണനില്‍ നിന്നും പിടികൂടിയ തോക്ക് ഉപയോഗിച്ചാല്‍ അപകടം സംഭവിക്കുമെന്ന വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ടും സംഭവ ദിവസം കുഞ്ഞികൃഷ്ണന്‍ നമ്പ്യാരില്‍ നിന്നും പിടികൂടിയ തോക്കും കത്തികളും പിന്നീട് പ്രതിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണെ്ടടുത്ത വസ്തുക്കളും അവ പരിശോധിച്ചതിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ടുകളും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. 2013 ഏപ്രില്‍ മൂന്നിന് രാത്രി 8.15 ഓടെയാണ് പിണറായി വിജയന്റെ പാണ്ട്യാല മുക്കിലെ വീടിനു സമീപത്തു നിന്നും തോക്കുമായി കുഞ്ഞികൃഷ്ണനെ നാട്ടുകാര്‍ പിടികൂടിയത്.
എക്‌സ്‌പ്ലോസീവ് സബ്സ്റ്റന്റ്‌സ് ആക്ടും ആംസ് ആക്ടും ഉള്ള കേസ് ആയതിനാല്‍ സര്‍ക്കാര്‍ അനുമതിയോടെയാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. തൊണ്ടി മുതലായി കണെ്ടടുത്ത തോക്ക് എയര്‍ഗണ്ണാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു. ഈ എയര്‍ഗണ്‍ ഉപയോഗിച്ച് അടുത്ത് നിന്നും വെടി ഉതിര്‍ത്താല്‍ ജീവന് അപകടം സംഭവിക്കുമെന്ന് വിദഗ്ധര്‍ അന്വേഷണ സംഘത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ആര്‍എംപി ഒഞ്ചിയം ഏരിയാ സെക്രട്ടറി എന്‍ വേണു, ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെകെ രമ, പിതാവ് മാധവന്‍ എന്നിവരുള്‍പ്പെടെ 125 സാക്ഷികളുടെ മൊഴികള്‍ ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിരുന്നു.
സംഭവം കഴിഞ്ഞ് മാസങ്ങള്‍ക്കു ശേഷം കുഞ്ഞികൃഷ്ണന് കോടതി ജാമ്യം അനുവദിച്ചിരുന്നു.
നാട്ടുകാര്‍ തോക്ക് കണെ്ടടുത്തതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കുഞ്ഞികൃഷ്ണനെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. ആര്‍എംപി നേതാവ് ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിലുള്ള പ്രതികാരമായി പിണറായി വിജയനെ ശരിയാക്കാനാണ് താനെത്തിയതെന്ന് കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ പോലീസിനു നല്‍കിയ മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
Next Story

RELATED STORIES

Share it